അറിയാല്ലോ രശ്മിത രാമചന്ദ്രന്. സിപിഎം പത്രത്തില്‍ അവരൊരു കുറിപ്പെഴുതിയിട്ടുണ്ട്. ഇന്നലെ പത്താംപേജില്‍. ‘പ്രധാനമന്ത്രി അറിയാന്‍’ എന്നാണ് തലക്കെട്ട്. അതില്‍ ദല്‍ഹിയില്‍ നിന്ന് ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെത്തിയപ്പോള്‍ കിട്ടിയ സൗകര്യങ്ങളും സൗജന്യങ്ങളും വര്‍ണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആരാധികയാണെന്ന് തുടക്കത്തില്‍ കുറിച്ച വക്കീലിന്റെ പിന്നെയുള്ള വരികളത്രയും പരിഹാസമാണ്. പ്രതിദിനം നരേന്ദ്രമോദി നടത്തുന്നത് ‘ഫാഷന്‍ഷോ’ ആണെന്നാണ് അവരുടെ അഭിപ്രായം. ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ അന്നത്തിന് ഒരു മുട്ടും ഉണ്ടാകില്ലെന്ന് ചിലര്‍ ഉറപ്പ് നല്‍കിയിരുന്നത്രെ.
ക്വാറന്റീനിലൊക്കെ ആയിരുന്നിട്ടും അന്നത്തിനും മരുന്നിനും ഒരു കുറവും വന്നില്ല. ഇതൊക്കെ പിണറായിയും ടീച്ചറും തരുന്നതെന്നാണ് കരുതിയത്. മോദി കൊടുത്തുവിട്ടത് പിണറായി വിതരണം ചെയ്യുകയാണെന്ന് ചിലര്‍ പറയുന്നത് കേട്ടുവത്രെ. ഇപ്പോള്‍ വക്കീല്‍ കേരളത്തിന് പുറത്താണുപോലും. കിറ്റ് മുംബൈയിലുമില്ല, ദല്ഹിയിലുമില്ല, യുപിയിലുമില്ല. മേലിലും കിറ്റ് പിണറായി വഴി കൊടുത്തുവിടണമെന്ന് ഒരു അഭ്യര്‍ത്ഥനയും മോദിയോട് വക്കീലിന്റെ വകയായുണ്ട്.
കേരളത്തില്‍ കിട്ടിയ കിറ്റ് വഴിയേ പോകുമ്പോള്‍ കൈകൊട്ടി വിളിച്ച് നല്കിയതാണോ? കിറ്റ് വിതരണത്തിന് സംവിധാനമുണ്ട്. റേഷന്‍ കട വഴിയാണത്. വക്കീല്‍ മേഡത്തിന് മുബൈയിലും ദല്‍ഹിയിലും നോയിഡയിലും റേഷന്‍ കാര്‍ഡുണ്ടോ എന്തോ? എന്തിനാണിങ്ങനെ ഫീസില്ലാ കേസ് വാദം? മേഡത്തിന്റെ പേര് കേരളത്തില്‍ കേള്‍ക്കുന്നത് സിഎഎ വിരുദ്ധ സമരത്തിന്റെ കാലത്താണ്. ചില ഭീകരസംഘടനകള്‍ മോദിയെ അധിക്ഷേപിക്കാന്‍ യോഗങ്ങള്‍ നടത്തിയിരുന്നു. മേഡവും പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എവിടെയൊക്കെ പങ്കെടുത്തു, പ്രസംഗിച്ചു എന്നൊന്നുമറിയില്ല.
കൊവിഡിനെ നേരിടാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച കരുതലും വാക്സിന് നിര്‍മാണമടക്കമുള്ള പ്രതിരോധ നടപടികളും ലോകത്ത് ഒരു രാജ്യത്തും നടന്നിട്ടില്ല. ഇന്ത്യയുടെ വാക്സിന് 150ഓളം രാജ്യങ്ങള്‍ സ്വീകരിക്കുന്നു. ഇന്ത്യയില്‍ 80 കോടി ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സൗകര്യമൊരുക്കി. കേരളത്തിനും ആ സംവിധാനം പ്രയോജനപ്പെട്ടു. ഇതിന്റെ പേരില്‍ ‘തള്ള്’ സംഘടിപ്പിക്കാനൊന്നും മുതിര്‍ന്നില്ല എന്നത് നേര്. ഒരു തുമ്പുമില്ലാത്ത കേസിന് പോയാല്‍ കേസ് തോല്ക്കുകയാവും ഫലം വക്കീലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: