കോട്ടയം: തെരഞ്ഞെടുപ്പ് രംഗത്ത് എല്ലാ കാലത്തും നേട്ടമുണ്ടാക്കുന്ന രണ്ട് പാര്‍ട്ടികളാണ് കേരളാ കോണ്‍ഗ്രസും, മുസ്ലിം ലീഗും. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വരുതിയിലാക്കി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസുകള്‍ പിളര്‍ന്നാണ് കൂടുതല്‍ സീറ്റുകള്‍ കൈക്കലാക്കുന്നത്. കേരളാ കോണ്‍ഗ്രസുകളുടെ ചരിത്രം നോക്കിയാലും ഇത് ശരിയാണെന്ന് ബോധ്യമാകും.
‘വളരും തോറും പിളരുകയും, പിളരും തോറും വളരുകയും’ ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന അവരുടെ തന്നെ സിദ്ധാന്തം ശരിവയ്ക്കുന്നതാണ് ഓരോ കാലത്തെയും നയങ്ങള്‍. ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഏതെങ്കിലുമൊരു കേരളാ കോണ്‍ഗ്രസ് ഭരണത്തിന്റെ സുഖം അനുഭവിച്ചറിഞ്ഞ് ഒപ്പമുണ്ടാകും. ഇത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ലഭിക്കാറുമില്ല.
അടുത്തിടെ പിളര്‍ന്നത് കേരളാ കോണ്‍ഗ്രസ്(എം) ആയിരുന്നു. കെ.എം. മാണിയുടെ മരണത്തോടെ തുടങ്ങിയ മുറുമുറുപ്പ് ജോസ് കെ. മാണി – ജോസഫ് ഭിന്നിപ്പിലാണ് അവസാനിച്ചത്. ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോയപ്പോള്‍ ജോസഫ് യുഡിഎഫില്‍ തന്നെ നിലയുറപ്പിച്ചു. ഇവിടെയാണ് നേട്ടങ്ങളുടെ കഥ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണിയും ജോസഫും ഒന്നിച്ച് കേരളാ കോണ്‍ഗ്രസ്(എം) ആയി നിന്നപ്പോള്‍ ലഭിച്ചത് 15 സീറ്റുകള്‍ മാത്രമായിരുന്നു. ജയിച്ചത് ആറും. ഇവര്‍ പിളര്‍ന്ന് രണ്ടുപക്ഷത്തായി നിലയുറപ്പിച്ചപ്പോള്‍ ലഭിച്ചതോ 22 സീറ്റുകള്‍. ഏഴ് സീറ്റുകള്‍ അധികം. ഇതാണ് പിളര്‍പ്പ് ഒരു നഷ്ടമല്ല, ലാഭമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കാരണം. ഏത് സമയവും ഒന്നിക്കുകയും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയായതുകൊണ്ട് നാളെ ഇവര്‍ ഒന്നിച്ചുകൂടായ്കയുമില്ല.
ഇടതുമുന്നണിയില്‍ നാല് കേരളാ കോണ്‍ഗ്രസുകളാണ് നിലവിലുള്ളത്. ഇവര്‍ക്കെല്ലാം കൂടി 15സീറ്റുകള്‍. യുഡിഎഫിലെ രണ്ട് കേരളാ കോണ്‍ഗ്രസുകള്‍ക്കും കൂടി 11 സീറ്റുകള്‍. മുന്നണികളെ നിയന്ത്രിക്കുന്ന സിപിഎം, കോണ്‍ഗ്രസ് കക്ഷികള്‍ കഴിഞ്ഞാല്‍ മുസ്ലിം ലീഗാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. പിന്നെ സിപിഐ, കേരളാ കോണ്‍ഗ്രസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: