തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പിണറായി വിജയന്റെ വെട്ടിനിരത്തിലിന് ഇരയായി പി.ജയരാജനും. കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ ജയാരാജനെ ഒതുക്കിയതില്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ശക്തനായാലോ എന്ന ഭയത്താലാണ് പി ജയരാജനെ സീറ്റ് നല്‍കാതെ പിണറായി ഒതുക്കിയത്. മാത്രമല്ല, കണ്ണൂരില്‍ പി.ജയരാജന് അണികള്‍ക്കിടയില്‍ തന്നേക്കാള്‍ ശക്തനായെന്ന ഭയവും പിണറായിയെ കുറച്ചുകാലമായി അലട്ടിരുന്നു. ഇതാണ് വെട്ടിനിരത്തലിന് കാരണമായത്.
എന്നാല്‍, സീറ്റ് നിഷേധിച്ചു എന്നതിനപ്പുറം പാര്‍ട്ടിയിലെ പ്രമുഖനായ നേതാവിനെ സ്റ്റാര്‍ ക്യാംപെയ്നര്‍ പട്ടികയില്‍ നിന്നു പോലും സിപിഎം ഒഴിവാക്കി. സീതാറാം യെച്ചൂരിയില്‍ തുടങ്ങി യുവ നേതാവായ എ.എ. റഹീം വരെ മുപ്പതോളം നേതാക്കള്‍ ക്യാംപെയ്ന്റെ ഭാഗമായുള്ള പ്രാസംഗികരുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോഴാണ് മുതിര്‍ന്ന നേതാവായ പി. ജയരാജനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു പോലും മാറ്റിനിര്‍ത്തുന്നത്.
അതേസമയം, ജയരാജന്റെ നീക്കങ്ങളെ മുളയിലേ നുള്ളുകയെന്ന നേതൃത്വത്തിന്റെ തന്ത്രപരമായ നിലപാടാണ് പിണറായി പക്ഷം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമാണ് പരസ്യ പിന്തുണയുമായി രംഗത്ത് വന്ന സ്പോര്‍ട്സ് കൗണ്‍സില്‍ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ പുറത്താക്കിയത്. നേതൃത്വം നിലപാട് കര്‍ശനമാക്കിയതോടെ വിമതരുടെ പ്രത്യക്ഷ പ്രതികരണം നിലച്ചെങ്കിലും അടിയൊഴുക്കുകള്‍ ശക്തമാണെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഉണ്ടായതുപോലുള്ള വ്യാപകമായ പ്രതിഷേധങ്ങളാണ് പിജെ ആര്‍മി ആസൂത്രണം ചെയ്തിരുന്നത്.
പാര്‍ട്ടി നേതൃത്വം നടത്തിയ അന്വേഷണത്തിലും ഇത് വ്യക്തമായിട്ടുണ്ട്. പല സ്ഥലങ്ങളിലും പിജെ ആര്‍മിയില്‍പ്പെട്ടവര്‍ രഹസ്യ യോഗം ചേര്‍ന്ന് ശക്തമായ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും ജയരാജന്റെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ പിജെ ആര്‍മി രഹസ്യമായി അടിയൊഴുക്കുകള്‍ ശക്തമാക്കിയിരുന്നുവെങ്കിലും നിയമസഭാ സീറ്റ് നിഷേധത്തോടെയാണ് കൂടുതല്‍ രൂക്ഷമായത്. കുറ്റ്യാടിയിലും പൊന്നാനിയിലുമെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത്തരത്തിലുള്ള പ്രതിഷേധത്തെ ഒരു പരിധിവരെ കണ്ണൂരില്‍ നിയന്ത്രിച്ച് നിര്‍ത്താനായെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് പ്രചാരണ രംഗത്തു നിന്നു പോലും ജയരാജനെ മാറ്റിനിര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: