ന്യൂദല്‍ഹി : കോവിഡ് പ്രതിരോധത്തിന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ സഹായ ഹസ്തവുമായി ഇന്ത്യ. ഇതുവരെ എഴുപതോളം രാജ്യങ്ങള്‍ക്കായി ആറ് കോടി വാക്സിന് ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അവരുടെ പ്രതിരോധ യജ്ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ വാക്സിനുകള്‍ കയറ്റി അയച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, പ്രത്യേക പ്രായവിഭാഗത്തിലെ മുന്‍ഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ആദ്യം വാക്സിന് വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ വാക്സിന് തദ്ദേശീയമായി വികസിപ്പിക്കുന്നതിനാല്‍ നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. രാജ്യത്തിനാവശ്യമായ അളവ് വാക്സിന് സംഭരിക്കാന്‍ ഉത്പ്പാദകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അശ്വിനി കുമാര്‍ ചൗബെ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ രണ്ട് വാക്സിനുകള്‍ക്കാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കോവാക്സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് വാക്സിന് നല്‍കുന്നത്. 2021 ജനുവരിയില്‍ രാജ്യത്താരംഭിച്ച വാക്സിന് വിതരണ പ്രകിയയിലൂടെ മൂന്നരക്കോടി ഡോസുകള്‍ ജനങ്ങള്‍ക്ക് നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: