കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇന്നത്തെ പ്രസ്താവന തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭക്തരെ കബളിപ്പിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് ശബരിമല കര്‍മ്മ സമിതി.
അന്ന് നടന്ന സംഭവങ്ങളില്‍ സങ്കടമുണ്ടെന്നും വിഷമമുണ്ടെന്നും മറ്റും പറയുന്നത് ആത്മാര്‍ത്ഥത ഇല്ലാതെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. ഇന്ന് അതൊന്നും ജനങ്ങളുടെ മനസിലില്ലെന്ന് മന്ത്രി കരുതുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കര്‍മ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ ചോദിച്ചു.
ആയിരക്കണക്കിന് ഭക്തരുടെ പേരില്‍ പതിനായിരക്കണക്കിന് കള്ളക്കേസുകളാണ് ഇന്നും നിലനില്‍ക്കുന്നത്. അഞ്ച് ഭക്തന്മാരുടെ ജീവന് നഷ്ടപ്പെട്ടത് അദ്ദേഹം മറന്ന് പോയോ. ശബരിമലക്ഷേത്രത്തെയും സ്വാമി അയ്യപ്പനെയും വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും അവഹേളിച്ചവരാണ് ഇടതുപക്ഷ സര്‍ക്കാര്‍, പ്രത്യേകിച്ച് സിപിഎം. ഇതൊന്നും ആര്‍ക്കും ജീവിതത്തില്‍ മറക്കാനാവില്ലെന്നും എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
ദേവസ്വം മന്ത്രിയെന്ന നിലയില്‍ ക്ഷേത്രങ്ങളെയും ക്ഷേത്ര വിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ നിയമപരമായി ബാധ്യതയുള്ള കടകംപള്ളി സുരേന്ദ്രന് ഇതിന് കടക വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിച്ചത്. ശരണം വിളിക്കുന്നത് കുറ്റകൃത്യമാണെന്ന് പ്രഖ്യാപിച്ച് ഭക്തര്‍ക്കെതിരെ കേസെടുപ്പിച്ച മന്ത്രി ഒഴുക്കുന്ന കള്ളക്കണ്ണീരില്‍ അദ്ദേഹം ചെയ്ത പാപകര്‍മ്മങ്ങള്‍ ഒലിച്ചു പോ
വില്ല. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ച് വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് അനുകൂലമായി പുതിയ സത്യവാങ്മൂലം കൊടുക്കണം.
ശബരിമല ക്ഷേത്രത്തെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ഇടതുപക്ഷ സര്‍ക്കാരും പ്രത്യേകിച്ച് ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും എടുത്ത ക്ഷേത്ര വിരുദ്ധ നിലപാടുകള്‍ക്ക് നിയമസഭാ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: