ടൂറിന്: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവന്റസും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. റൊണോയുടെ സ്വന്തം രാജ്യത്തിലെ ടീമായ പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയാണ് യുവന്റസിനെ വീഴ്ത്തിയത്. ആവേശകരമായ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിട്ടും യുവന്റസിന് രക്ഷപ്പെട്ടില്ല. എവേ ഗോളുകളുടെ മികവില്‍ പോര്‍ട്ടോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്് മാര്‍ച്ച് ചെയ്തു.
പോര്‍ട്ടോയുടെ തട്ടകത്തില്‍ അരങ്ങേറിയ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് യുവന്റസിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ട് പാദങ്ങളിലുമായി നടന്ന പ്രീക്വാര്‍ട്ടര്‍ 4-4 എന്ന സ്കോറിന് സമനിലയായി. എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ രണ്ട് എവേ ഗോളുകളുടെ പിന്‍ബലത്തില്‍ യുവന്റസിനെ മറികടന്ന്് പോര്‍ട്ടോ ക്വാര്‍ട്ടറില്‍ കടന്നു.
രണ്ടാം പാദത്തില്‍ ഭൂരിഭാഗം സമയവും പോര്‍ട്ടോ പത്ത് പേരുമായാണ് പൊരുതിയത്. സ്ട്രൈക്കര്‍ മെഹ്ദി ടെറാമി തുടക്കത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്നാണ് പോര്‍ട്ടോ പത്ത് പേരായി ചുരുങ്ങിയത്.
മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റില്‍ സെര്‍ജിയോ ഒലിവേര പോര്‍ട്ടോയെ മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയാണ് സ്കോര്‍ ചെയ്തത്. ഇടവേളയ്ക്ക്് പോര്‍ട്ടോ 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ പതിനാല് മിനിറ്റിനുള്ളില്‍ ഫെഡറിക്കോ ചീസ രണ്ട് ഗോള്‍ നേടിയതോടെ യുവന്റ്സ് 2-1 ന് മുന്നിലായി. തൊണ്ണൂറ് മിനിറ്റ് പോരാട്ടം അവസാനിച്ചപ്പോള്‍ യുവന്റ്സ് സ്കോര്‍: 2-1. ആദ്യ പാദത്തില്‍ പോര്‍ട്ടോ 2-1 ന് വിജയിച്ചതിനാല്‍ ടീമുകള്‍ ഒപ്പത്തിനൊപ്പം (പോര്‍ട്ടോ-3, യുവന്റ്സ് -3) . തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക്് കളി നീണ്ടു. എക്സ്ട്രാ ടൈമില്‍ പോര്‍ട്ടോക്കായി സെര്‍ജിയോ ഒലിവേരയും യുവന്റസിയായി റാബിയോട്ടും സ്കോര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: