കേരളം നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഏതൊക്കെ പാര്‍ട്ടികള്‍ ആര്‍ക്കൊപ്പമെന്ന ചിത്രം വ്യക്തമാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ, സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ്, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എന്നിങ്ങനെ മൂന്നുമുന്നണികളെ കേന്ദ്രീകരിച്ചാണ് മത്സരം. അധികാര ത്തുടര്‍ച്ചയ്ക്കുവേണ്ടിയാണ് എല്‍ഡിഎഫ് മത്സരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ് എന്നൊരു മുദ്രാവാക്യം അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അധികാരത്തില്‍ തിരിച്ചെത്താമെന്ന് യുഡിഎഫും മോഹിക്കുന്നു. നാട് നന്നാകാന്‍ യുഡിഎഫ് എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യം. അര്‍ത്ഥശൂന്യവും ആത്മാര്‍ത്ഥതയില്ലാത്തതുമാണ് ഈ രണ്ട് മുദ്രാവാക്യങ്ങളും. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്നിട്ടും ഒന്നും ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് എന്തിന് അധികാരത്തുടര്‍ച്ചയെന്ന ചിന്തയാണ് സാധാരണ ജനങ്ങളിലുള്ളത്. നാടു നന്നാവാന്‍ യുഡിഎഫ് എന്നത് വഞ്ചനാത്മകമായ ഒരു അവകാശവാദവുമാണ്. സംസ്ഥാനം ഭരിക്കാന്‍ നിരവധി തവണ അവസരം ലഭിച്ചിട്ടും നാടു നന്നാക്കണമെന്ന് തോന്നാത്തവര്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊരു വെളിപാടുണ്ടായിരിക്കുന്നതിനു പിന്നില്‍ അധികാരമോഹം മാത്രമാണുള്ളത്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന രീതി നിലനിന്നതിനാല്‍ സംസ്ഥാനത്ത് ജനക്ഷേമകരമായ ഭരണം നടത്തണമെന്ന ചിന്ത ഇടതു-വലതു മുന്നണികള്‍ക്കില്ലായിരുന്നു എന്നതാണ് സത്യം. ഊഴംവച്ച് അധികാരം കിട്ടുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റുകയാണെന്ന ഭയം ഇരുമുന്നണികളെയും ഇപ്പോള്‍ ഒന്നുപോലെ പിടികൂടിയിരിക്കുന്നു.
ഇവിടെയാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന എന്‍ഡിഎ മുദ്രാവാക്യം അനിവാര്യമായ രാഷ്ട്രീയ മാറ്റം പ്രതിഫലിക്കുന്ന ദര്‍പ്പണമായി മാറുന്നത്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തില്‍ വരുമ്പോള്‍ കേവലമായ ഭരണമാറ്റം മാത്രമാണ് സംഭവിക്കുന്നത്. മന്ത്രിമാരുടെ മുഖങ്ങള്‍ മാറുമെങ്കിലും നയപരിപാടികളില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടാവാറില്ല. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയ പ്രീണനവും വികസന മുരടിപ്പും സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്കുന്ന മുന്നണി സര്‍ക്കാരുകളുടെ മുഖമുദ്രയായി തുടരുന്നു. നയവും പരിപാടികളുമൊക്കെ വ്യത്യസ്തമാകുന്ന മൗലികമായ ഒരു ഭരണമാറ്റത്തെ ഇടതു-വലതു മുന്നണികള്‍ പരസ്പര ധാരണയോടെ ചെറുക്കുന്നു. ബിജെപിക്കെതിരായ അവിശുദ്ധ സഖ്യമായി ഇത് മാറുകയും ചെയ്യുന്നു. കേരളത്തിന്റെ പുരോഗതിയില്‍ താല്‍പ്പര്യമുള്ള പലരും ഇതിനു മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുള്ള ഈ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ജനങ്ങളും ബോധവാന്മാരാണ്. ഇതിനു തെളിവാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയ യാത്രയ്ക്ക് ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണം. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ മറ്റു പാര്‍ട്ടികളിലേക്കു പോകാതെ ബിജെപിയില്‍ ചേരുന്നത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ അധികാരം കയ്യാളാന്‍ കെല്‍പ്പുള്ള സഖ്യമായി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഉയര്‍ന്നുവരുന്നു.
ബിജെപി കേരളത്തില്‍ ഇതുവരെ അധികാരത്തില്‍ വന്നിട്ടില്ല. അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞതല്ലാതെ അധികം എംഎല്‍എമാരെ ജയിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പക്ഷേ ഇതൊരിക്കലും എന്‍ഡിഎയുടെ സാധ്യത പരിമിതപ്പെടുത്തുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28 ശതമാനത്തിലേറെ വോട്ടാണ് ബിജെപി നേടിയത്. ഇതനുസരിച്ച് 30,000ലേറെ വോട്ടുകള്‍ നേടിയ 36 നിയമസഭാ മണ്ഡലങ്ങളുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ വോട്ടുകള്‍ മറിക്കുമ്പോഴും അതിനെ മറികടന്നും മുന്നേറാന്‍ ബിജെപിക്ക് കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിത്. കേരളം ഭരിക്കുന്നത് ബിജെപി വിരുദ്ധരാണെങ്കിലും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ രാഷ്ട്രീയമായ യാതൊരു വിവേചനവും കാണിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു എംപി പോലും കേരളത്തില്‍ നിന്ന് ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളോട് മോദി സര്‍ക്കാര്‍ മുഖം തിരിക്കുന്നില്ല. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഗെയില്‍ വാതകപൈപ്പ് ലൈന്‍, റിഫൈനറിയിലേതുള്‍പ്പെടെ കൊച്ചി മഹാനഗരത്തിലെ വികസന പദ്ധതികള്‍, ആലപ്പുഴ ബൈപ്പാസ്, ഊര്‍ജ പദ്ധതികള്‍ തുടങ്ങിയ ചില ഉദാഹരണങ്ങള്‍ മാത്രം. ഇന്ന് കേരളത്തിന്റെ വികസന നായകന് ആരാണെന്ന് ചോദിച്ചാല്‍ നരേന്ദ്ര മോദി എന്ന മറുപടിയാണ് നിഷ്പക്ഷമതികള്‍ നല്‍കുക. കാലങ്ങളായി കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാതലായ മാറ്റം സംഭവിക്കുകയാണ്. പുതിയ കേരളം മോദിക്കൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്ന ഘടകവും ഇതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: