തിരുവനന്തപുരം: വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ അധികം കയ്യടി കിട്ടിയത് ഇ. ശ്രീധരനു തന്നെ. ശ്രീധരന് വേദിയില്‍ എത്തിയപ്പോള്‍ ജനം ആര്‍ത്തു വിളിച്ചു. പിന്നീട് പേര് പരമാര്‍ശിക്കപ്പെട്ടപ്പോഴെല്ലാം ആരവം ഉയര്‍ന്നു.
ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ശ്രീധരന് പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടി ഉയര്‍ന്നു. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധിച്ചതില്‍ അത്ഭുതം തോന്നുന്നതായി പറഞ്ഞ ശ്രീധരന്, ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
‘ഇക്കാലത്തിനിടയില്‍ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമര്‍പ്പിക്കാന്‍ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ട്. കേരളത്തിനു വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും’ എന്നതായിരുന്നു ഇ. ശ്രീധരന്റെ വാക്കുകള്‍.
ശ്രീധരന്റെ അടുത്തെത്തി ആദരവ് പ്രകടിപ്പിച്ച ശേഷമാണ് അമിത് ഷാ വേദിയില്‍ ഇരുന്നത്. അമിത്ഷായെ അണിയിക്കാന്‍ പൊന്നാടയുമായി ശ്രീധരന് എത്തിയപ്പോള്‍ അത് വാങ്ങി അമിത് ഷാ ശ്രീധരനെ തന്നെ അണിയിച്ചപ്പോഴും വലിയ കയ്യടിയാണ് ഉയര്‍ന്നത്.
ശ്രീധരന്റെ വേദിയിലെ സാന്നിധ്യം ഉള്‍പുളകം ഉണ്ടാക്കുന്നതായി പറഞ്ഞു കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. ദല്‍ഹി മെട്രോ യാഥാര്‍ത്ഥ്യമാക്കിയതിന്റെ പേരിലാണ് ശ്രീധരന് അറിയപ്പെടുന്നതെങ്കിലും കൊങ്കണ്‍ റയില്‍വേയിലും അദ്ദേഹത്തിന്റെ സംഭാവന വലുതായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മറ്റ് സംസ്ഥാനങ്ങളുമായി എളുപ്പം ബന്ധിപ്പിക്കുന്നതില്‍ കൊങ്കണ്‍ റയില്‍വേ വലിയ പങ്കാണ് വഹിക്കുന്നത്.
” 56 വയസ്സായ എനിക്ക് പലപ്പോഴും എല്ലാം നിര്‍ത്തിയാല്‍ മതിയെന്ന് തോന്നാറുണ്ട്. 88 വയസ്സുകഴിഞ്ഞ ശ്രീധരന് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നു. ഈ ചുറുചുറുക്ക് കാണുമ്പോള്‍ ആവേശം തോന്നുന്നു. അമിത് ഷാ പറഞ്ഞു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: