ഫെബ്രുവരി 21ന് തുടങ്ങിയ വിജയയാത്ര ഇന്ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കുന്ന മഹാറാലിയോടെ സമാപിക്കുകയാണ്. യാത്ര ഉദ്ദേശിച്ച ഫലം കണ്ടോ?
തീര്‍ച്ചയായും. വിജയ യാത്രയില്‍ ഞങ്ങള്‍ മുന്നോട്ടു വച്ച കാര്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നതാണ് യാത്രയ്ക്കുണ്ടായ അഭൂതപൂര്‍വമായ ജനപിന്തുണ തെളിയിക്കുന്നത്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള സ്വീകരണങ്ങളില്‍ പങ്കെടുത്തപ്പോള്‍ ജനം വലിയൊരു മാറ്റം ആഗ്രഹിക്കുന്നതായി ബോധ്യമായി. പുതിയ കേരളത്തിനായി അഴിമതിക്കെതിരായി, പ്രീണന നയത്തിനെതിരായി, കേരളത്തിന്റെ വികസനത്തിനായാണ് വിജയയാത്ര നടത്തിയത്. കേരളത്തിന്റെ ഭരണകൂടം വിലിയ അഴിമതിയില്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്തിതുവരെ സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ സംഭവിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി തന്നെ ഡോളര്‍കടത്ത് കേസില്‍ പെട്ടരിക്കുന്നു. ഇത്തരമൊരു ഭരണകൂടത്തിന് തുടര്‍ഭരണം നല്കാന് കേരളം തയാറാകില്ല. പ്രതിപക്ഷത്തിന് ഇടതുമുന്നണിയെ ഫലപ്രദമായി തടയാന്‍ കഴിയില്ല. തടയണമെന്ന ആഗ്രഹവും അവര്‍ക്കില്ല. അഴിമതിയുടെ കാര്യത്തില്‍ അവരിരുവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കേരളത്തില്‍ അവര്‍ പരസ്പരം മത്സരിക്കുകയല്ല, പരസ്പര സഹായ മുന്നണിയാണ്. കേരളം വിട്ടാല്‍ അവരൊരുമിച്ചാണ്. കേരളത്തില്‍ വന്ന് സിപിഎമ്മിനെതിരെ സംസാരിക്കുന്ന രാഹുല്‍ തമിഴ്നാട്ടില്‍ ചെന്നാല്‍ അവര്‍ക്കൊപ്പം പ്രകടനം നടത്തുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടി എത്രത്തോളം അധഃപതിക്കാം എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
യാത്രയുടെ മധ്യേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നത് വെല്ലുവിളിയായോ?
വിജയ യാത്ര തൃശൂരില്‍ എത്തിയപ്പോഴാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. ഏപ്രില്‍ ആറിനാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്. അന്ന് തന്നെയാണ് ബിജെപിയുടെ ജന്മദിനമെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. ജന്മദിനത്തിനെല്ലാവരും കുളിച്ച് ശുദ്ധിയായി ക്ഷേത്രദര്‍ശനം നടത്തും. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള തെരഞ്ഞെടുപ്പാണിപ്പോള്‍ നടക്കുന്നത്. എല്ലാവരും ശുദ്ധിയോടെ ഇത്തവണ താമരയ്ക്ക് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
വിജയ യാത്രയുടെ രാഷ്ട്രീയ വിജയം എന്താണ്?
വിജയ യാത്രയില്‍ ജനങ്ങളുടെ അഭിലാഷം ഞങ്ങള്‍ നേരിട്ടനുഭവിച്ചു. യാത്രയ്ക്കൊപ്പം ചേര്‍ന്നവരെല്ലാം ബിജെപിക്കാരല്ല. സാധാരണ ജനങ്ങളും കൂട്ടത്തോടെയെത്തി. അവരെല്ലാം ഇടതു-വലതു മുന്നണികളുടെ തട്ടിപ്പ് രാഷ്ട്രീയം, അഴിമതി ഭരണം അനുഭവിച്ച് മടുത്തവരാണ്. ബിജെപി അവര്‍ക്ക് പ്രതീക്ഷയും പ്രത്യാശയുമാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ നരേന്ദ്ര മോദി മുന്നോട്ടു വച്ച അഴിമതിരഹിത ഭരണം ഞങ്ങള്‍ക്കു മുന്നിലുണ്ട്. വികസനമാണ് മുഖ്യ അജണ്ട. സമഗ്രവികസനത്തിലൂന്നിയ അഴിമതി രഹിത, പ്രീണന വിരുദ്ധ ഭരണമാകും ബിജെപി കാഴ്ചവയ്ക്കുക.
നരേന്ദ്രമോദിയുടെ ഭരണം കേരളത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത്?
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷമാണ് വികസനക്കുതിപ്പ് അനുഭവപ്പെട്ടത്. കേരളത്തില്‍ അത് വലിയ രീതിയില്‍ പ്രതിഫലിച്ചു. റോഡ്, റെയില്‍, തുറമുഖം, നഗരങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ഐടി, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളുണ്ടായി. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള പദ്ധതി നിര്‍വ്വഹണത്തിന് കൈയയച്ച് പണം നല്കാന് നരേന്ദ്രമോദി സര്‍ക്കാര്‍ തയാറായി. ഇന്ത്യയുടെ വികസന നായകനായി നരേന്ദ്ര മോദിയെ ലോകമെങ്ങും വാഴ്ത്തുകയാണ്. കേരളത്തിലേക്ക് കൂടുതല്‍ വികസനമെത്താന്‍ നരേന്ദ്ര മോദിക്കൊപ്പം നില്ക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണ് വേണ്ടത്. വിജയ യാത്രയിലുടനീളം ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞതും ഇതു തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യുന്നതിലൂടെ അഴിമതിവിമുക്തവും പ്രീണനവിരുദ്ധവുമായതും സമഗ്രവികസനത്തിനുതകുന്നതുമായ ഭരണസംവിധാനത്തിലേക്കു വഴിതുറക്കും. വിജയ യാത്രയില്‍ ഞങ്ങള്‍ മുന്നോട്ടു വച്ച ഈ ആവശ്യം ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതികരണങ്ങള്‍ അതാണ് ബോധ്യപ്പെടുത്തുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം പോലെയുള്ള പ്രധാനപ്പെട്ട കാര്യവും യാത്രയും ഒരുമിച്ച് വിജയിപ്പിക്കാന്‍ എങ്ങനെയാണ് സാധിച്ചത്?
സ്ഥാനാര്‍ഥി നിര്‍ണയം പ്രധാനപ്പെട്ട വിഷയമാണ്. അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. മണ്ഡലതലത്തില്‍ നിന്ന് ലഭിച്ച പട്ടിക ജില്ലാതലത്തിലെ അംഗീകാരം ലഭിച്ച് സംസ്ഥാന നേതൃത്വത്തിന് മുമ്പിലെത്തി. അത് ദേശീയ നേതൃത്വത്തിന് അയക്കും. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് യാത്രയും സ്ഥാനാര്‍ഥി നിര്‍ണയവും വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചത്. മുമ്പ് ബിജെപിക്കൊപ്പമുണ്ടായിരുന്ന പലരും ഇടയ്ക്ക് വിട്ടു പോയിരുന്നു. അവരൊക്കെ വീണ്ടും തിരികെ എത്താനുള്ള സാഹചര്യമുണ്ടായി. കൂടാതെ പുതിയ പലരും ബിജെപിയിലെത്തുന്നു.
വിജയ യാത്ര തുടങ്ങിയതോടെ പ്രാധാനപ്പെട്ട വ്യക്തികള്‍ ബിജെപിയിലേക്ക് എത്തിയിരിക്കുന്നു. എന്ത് സന്ദേശമാണ് ഇത് നല്‍കുന്നത്?
കൊച്ചി മെട്രോയും പാലാരിവട്ടം പാലവും പോലെ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇ. ശ്രീധരന് ബിജെപിയിലെത്തിയതോടെ വികസനം എന്നത് തെരഞ്ഞെടുപ്പില്‍ പ്രധാന അജണ്ടയായി മാറി. അഴിമതിക്കാരായ പിണറായി വിജയനെയും ഉമ്മന്‍ചാണ്ടിയെയും ഇടതുപക്ഷവും വലതുപക്ഷവും മുന്നില്‍ നിര്‍ത്തുമ്പോള്‍ ശ്രീധരനെ പോലെയുള്ള, വികസനം ജനങ്ങളിലെത്തിക്കുന്നവരെയാണ് ബിജെപി മുന്നില്‍ നിര്‍ത്തുന്നത്. അഴിമതിയില്ലാത്ത സര്‍ക്കാരുണ്ടായാലേ വികസനം സാധ്യമാകൂ. അതിനു ബിജെപിക്കു മുന്നില്‍ വയ്ക്കാനുള്ള മാതൃക നരേന്ദ്ര മോദിയുടെ കേന്ദ്രഭരണമാണ്. വികസനം എല്ലാവരിലേക്കും എത്തിക്കുന്ന ഭരണമാണ് മോദിയുടേത്. ആരോടും പ്രീണനമില്ല എന്നത് അടിസ്ഥാന തത്വവും. രാഷ്ട്രീയവും മതവും നോക്കാതെ എല്ലാവര്ക്കും ഒരുപോലെ സദ്ഭരണത്തിന്റെ ഫലം അനുഭവവേദ്യമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
വിജയ യാത്രയിലെ മറക്കാനാവാത്ത അനുഭവം എന്താണ്?
രാത്രി 10 മണിക്ക് പോലും നൂറുകണക്കിന് അമ്മമാര്‍ വിജയ യാത്രയുടെ സ്വീകരണ യോഗങ്ങളില്‍ എത്തിയത് വേറിട്ട അനുഭവമായി മാറി. അവര്‍ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ചു. ബിജെപിയില്‍ അവര്‍ അവരുടെ വലിയ പ്രതീക്ഷകള്‍ കാണുന്നു. അതു സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഞങ്ങളുടെ യാത്ര തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: