ഗുവാഹത്തി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്തുനിന്നുള്ളതെന്ന് അവകാശപ്പെട്ട് തായ്വാനിലെ തേയിലത്തോട്ടങ്ങളുടെ ചിത്രം കോണ്‍ഗ്രസ് ഉപയോഗിച്ചുവെന്ന് ഹിമന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണമായ ‘അസം ബചാവോ(അസമിനെ രക്ഷിക്കൂ)’യില്‍നിന്നുള്ള പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അസമിനെ രക്ഷിക്കൂ എന്ന് പറയാന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണ പേജ് തായ്വാനില്‍നിന്നുള്ള തേയിലത്തോട്ടങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശര്‍മ കുറിച്ചു.
‘ഫോട്ടോസെര്ച്’ എന്ന സ്റ്റോക്ക് ഫോട്ടോഗ്രാഫി കമ്പനിയില്‍നിന്നുള്ള സ്ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉപയോഗിച്ചിരിക്കുന്നത് സമാന ചിത്രങ്ങളെന്ന് ഇതില്‍നിന്ന് വ്യക്തം. ‘ഏഷ്യയിലെ ചൈനയില്‍ തായ്വാനില് നന്ടോംഗിലുള്ള നന്ടോ തേയിലത്തോട്ടത്തില്‍ തേയില നുള്ളുന്നവര്‍ ജോലി ചെയ്യുന്നു’ സ്റ്റോക്ക് ഫോട്ടോ എന്ന് സ്ക്രീന്‍ഷോട്ടില്‍ വായിക്കാം. അസമിനെ തിരിച്ചറിയാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് പരിഹസിച്ചു. ഇത് അസമിനും സംസ്ഥാനത്തെ തേയിലത്തോട്ടം തൊഴിലാളികള്‍ക്കും അപമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമിലെ ജനങ്ങളെ തിരിച്ചറിയാനും കോണ്‍ഗ്രസിനായില്ലെന്ന് രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു. രണ്ടാമത്തെ ട്വീറ്റില്‍ തായ്വാനിലെ ബിഹു തേയിലത്തോട്ടത്തില്‍നിന്നുള്ള ചിത്രമുണ്ട്. മന്ത്രിയും എന്‍ഇഡിഎ കണ്‍വീനറുമായ ഹിമന്ത ബിശ്വ ശര്‍മയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: