മുംബൈ: പ്രമുഖ ടിക് ടോക് സ്റ്റാര്‍ പൂജ ചവാന് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപിയുടെ ഭാഗത്ത് നിന്നുള്ള രാഷ്ട്രീയസമ്മര്‍ദ്ദം ഏറിയതോടെ ശിവസേന നേതാവും മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രിയുമായ സഞ്ജയ് റാത്തോഡ് രാജിവച്ചു.
“ഞാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് രാജി നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ ആരോപണവിധേയനായതിനാല്‍ ഇനിയും മന്ത്രിസ്ഥാനത്ത് തുടരേണ്ടെന്ന് തീരുമാനിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഉടനെ അന്വേഷണം നടത്തണമെന്ന് അധികൃതരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” തന്റെ രാജി പ്രഖ്യാപനത്തിന്റെ ഭാഗമായി സഞ്ജയ് റാത്തോഡ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ ഇദ്ദേഹം രാജിക്കത്ത് അയച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഞായറാഴ്ചയാണ് രാജിവാര്‍ത്ത പുറത്ത് വന്നത്. വിദര്‍ഭ മേഖലയിലെ ശിവസേനയുടെ ശക്തികേന്ദ്രമാണ് 49 കാരനായ സഞ്ജയ് റാത്തോഡ്. അതുകൊണ്ടാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മടിച്ചത്. അടുത്തയാഴ്ച നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ ബിജെപി വന്‍പ്രക്ഷോഭത്തിന് ഒരുങ്ങുന്നതോടെയാണ് ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ വാഗ്വാദങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ രാജി പോരാ, സഞ്ജയ് റാത്തോഡിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നാണ് ബിജെപിനേതാവും മഹാരാഷ്ട്രയുടെ മുന്‍ മുഖ്യമന്ത്രിയുമായ ഫഡ്നാവിസ് ആവശ്യപ്പെടുന്നത്. ബിജെപി നേതാവ് കിരിത്ത് സോമയ്യയും കഴിഞ്ഞ കുറെ ദിവസങ്ങളായി ട്വിറ്റര്‍ വീഡിയോയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
പൂജ ചവാന്റെ മരണത്തില്‍ ശിവസേന മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് നടന്നുകൊണ്ടിരുന്നത്. പൂജ ചവാന്റെ ആത്മഹത്യയുമായി സഞ്ജയ് റാത്തോഡിന്റെ ബന്ധം വെളിപ്പെടുത്തുന്ന 11 വോയ്സ് ക്ലിപ്പുകളോളം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതില്‍ മന്ത്രി സഞ്ജയ് റാത്തോഡിന്റെ ശബ്ദവും വ്യക്തമായി കേള്‍ക്കാം.
മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ ടിക് ടോക് സ്റ്റാറായ പൂജ ചവാന് ഫിബ്രവരി 8നാണ് പൂനെയിലെ ഹര്‍ദാസ്പര്‍ പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.ബിജെപിയുടെ വനിതാ വിഭാഗം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പൂനെയിലെ മഹമ്മദ് വാടിയിലെ ഹവന് പാര്‍ക്കില്‍ കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്തയ്ക്കും ബിജെപി വനിതാവിഭാഗം ഹര്‍ജി നല്കുകുയം വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.. ശരിയായ ദിശയില്‍ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് പൂനെ സിറ്റി വനിതാവിഭാഗം പ്രസിഡന്റ് അര്‍ച്ചനാ പാട്ടീലിന്റെ നേതൃത്വത്തിലും വന്‍ പ്രക്ഷോഭം നടന്നിരുന്നു. പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്ത കേസ് സംബന്ധിച്ച് പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഉദ്ധവ് താക്കറെയ്ക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല.
കേസില്‍ ബന്ധുമുള്ള മന്ത്രിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സഞ്ജയ് റോത്തോഡിന്റെ പേര് പുറത്തായത്. കേസ് എങ്ങിനെയെങ്കിലും ഇല്ലാതാക്കണമെന്നും ലാപ്ടോപുകളും മൊബൈലും എല്ലാം ഭദ്രമായി കസ്റ്റഡിയില്‍ വെക്കണമെന്നും നിര്‍ദേശിക്കുന്ന ഒരു അജ്ഞാതന്റെ ശബ്ദമുള്ള വോയ്സ് ക്ലിപ്പ് പുറത്തിറങ്ങിയതോടെ ആളുകള്‍ക്ക് നിസ്സംശയം ആരാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. അത് സഞ്ജയ് റാത്തോഡിന്റെ ശബ്ദമായിരുന്നു.
ചിലര്‍ മനപൂര്‍വ്വം റെക്കോഡ് ചെയ്തതാണ് ശബ്ദരേഖയെന്ന് ആരോപിച്ചെങ്കിലും 11 വോയ്സ് ക്ലിപ്പുകള്‍ പുറത്തുവന്നതോടെയും ബിജെപിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാവുകയും ചെയ്തതോടെ സഞ്ജയ് റാത്തോഡും ഉദ്ധവ് താക്കറെയും വഴങ്ങുകയായിരുന്നു.
കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്നുള്ള മഹാവികാസ് അഘാദി എന്ന അവിശുദ്ധ കൂട്ടുകെട്ടിന് ബിജെപിയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ ആദ്യത്തെ ആഘാതമാണ് സഞ്ജയ് റാത്തോഡിന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: