കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.
ആകെ 294 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27ന് തുടങ്ങി ഏപ്രില്‍ 29ന് വോട്ടെടുപ്പ് അവസാനിക്കും. മെയ് രണ്ടിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
മാര്‍ച്ച് 27ന് നടക്കുന്ന ആദ്യഘട്ടത്തില്‍ 30 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ഏപ്രില്‍ ഒന്നിന് 30 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. മൂന്നാംഘട്ടമായ ഏപ്രില്‍ ആറിന് 31 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. നാലാംഘട്ടത്തില്‍ 44 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 10ന് വോട്ടെടുപ്പ് നടക്കും. അഞ്ചാം ഘട്ടമായ ഏപ്രില്‍ 17ന് 45 മണ്ഡലങ്ങളിലേക്കും ആറാം ഘട്ടമായ ഏപ്രില്‍ 22ന് 43 മണ്ഡലങ്ങളിലേക്കും ഏഴാം ഘട്ടമായി ഏപ്രില്‍ 26ന് 36 മണ്ഡലങ്ങളിലേക്കും എട്ടാം ഘട്ടമായി ഏപ്രില്‍ 29ന് 35 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും.
രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച മമത ബാനര്‍ജി ഇവിടെ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. 2011നും 2016ലും മമതയുടെ തൃണമൂല്‍ വിജയിച്ചു. ഇക്കുറി മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ഭരണം തൂത്തെറിയാനാണ് ബിജെപി ഒരുങ്ങുന്നത്. ഇവിടെ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും സഖ്യകക്ഷികളായാണ് മത്സരത്തിനെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചയുടന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: