തിരുവനന്തപുരം: അഴിമതി നടത്തിയത് പിടിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറവിരോഗം ബാധിക്കുന്നെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നവരെ കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മയില്ല. കള്ളക്കടത്തുകാര്‍ ഓഫീസില്‍ കയറിയിറങ്ങിയതും സ്വപ്ന വന്നതും അദ്ദേഹം മറന്നു. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ കള്ളക്കടത്തിന് കൂട്ടുനിന്നതും അറിഞ്ഞില്ല. ഏറ്റവും ഒടുവില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വന്ന തട്ടിക്കൂട്ട് കമ്പനിക്കാര് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങിയതും അദ്ദേഹത്തെ കണ്ടതും മറന്നു. മറവിരോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രി ആക്കേണ്ടതുണ്ടോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. പട്ടാമ്പിയില്‍ വിജയ യാത്രക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് തട്ടിപ്പ് കമ്പനിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ വലിയ അഴിമതിയാണ്. ഇതു പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് ഒന്നും ഓര്‍മ്മയില്ലാതായത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തീയതി കുറിക്കാന്‍ പോയതുപോലും ശിവശങ്കരനെയും കൂട്ടിയാണ്. അത്ര അടുപ്പമായിരുന്നു. ഇപ്പോള്‍ ശിവശങ്കരനെ തന്നെ ഓര്‍മ്മയില്ല. അഞ്ചു കൊല്ലം നടത്തിയ അഴിമതികളൊന്നും ഓര്‍മ്മയിലേയില്ല. അഞ്ചു കൊല്ലം ഉമ്മന്‍ ചാണ്ടി അഴിമതി നടത്തി മുടിപ്പിച്ചപ്പോഴാണ് പിണറായി കയറിയത്. കൂടുതല്‍ വലിയ അഴിമതിക്കാരനാകാനുള്ള മത്സരത്തിലാണവര്‍.
പിണറായി സര്‍ക്കാരിന്റെ അഴിമതിയില്‍ മടുത്താണ് ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥര്‍ അവര്‍ക്കെതിരായത്. അവരെല്ലാം ബിജെപിയെ ആണ് തെരഞ്ഞെടുത്തത്. ബ്രിട്ടീഷുകാരും രാജാക്കന്മാരും പണിത നൂറും ഇരുനൂറും വര്‍ഷം പഴക്കമുള പാലങ്ങള്‍ ഒരു കുഴപ്പവും ഇല്ലാതെ നില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി പണിത ഒന്നര കൊല്ലം പഴക്കമുള്ള പാലം പൊളിഞ്ഞത്. ആ പാലം പുതുക്കി പണിയാനുള്ള കാലാവധി 18 മാസമായിരുന്നു. അഞ്ചര മാസം കൊണ്ട് പണി തീര്‍ത്ത് മെട്രോമാന് ഈ. ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നു. ഇവരുടെയെല്ലാം അഴിമതി കണ്ട് മടുത്താണ് അദ്ദേഹം നരേന്ദ്ര മോദിയുടെ പാര്‍ട്ടി യില്‍ എത്തിയത്. സുരേന്ദ്രന് പറഞ്ഞു.
ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലിനു വേണ്ടി സമരം ചെയ്യുമ്പോള്‍ പി എസ് സി റാങ്ക് പട്ടികയെല്ലാം റദ്ദാക്കി നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് പിന്‍വാതിലിലൂടെ ജോലി നല്കുന്ന പ്രസ്ഥാനമായി സിപിഎം. സാംസ്കാരിക നായകനായി മേനി നടിച്ചു നടക്കുന്ന സുനില്‍ പി ഇളയിടം ജോലി നേടിയതും തട്ടിപ്പ് നടത്തിയാണ്. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട് ജോലി നല്‍കാനുള്ള സ്ഥാപനമായി കാലടി സംസ്കൃത സര്‍വകലാശാല മാറി. കാലഹരണപ്പെട്ട പ്രസ്ഥാനമാണ് സിപിഎമ്മെന്ന് സുരേന്ദ്രന് പറഞ്ഞു. ആശയത്തെ പോലും അവര്‍ തള്ളിക്കളഞ്ഞു. ആശയമല്ല ആമാശയമാണാവര്‍ക്കുള്ളത്. സിപിഎം പിരിച്ചുവിട്ട് നേതാക്കള്‍ കാശിക്കു പോകണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: