അഴിമതിയെന്ന അഗ്നിപര്‍വതത്തിന്റെ മുകളിലാണ് പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇരിക്കുന്നതെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. വളരെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന അഴിമതികള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയും, ഓരോന്നായി പൊട്ടിത്തെറിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഉത്തരവാദിത്തം നിഷേധിച്ച് കൈകഴുകുകയെന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സ്വീകരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി വന്‍ അഴിമതി പുറത്താകുമെന്ന് ഉറപ്പായപ്പോഴാണെന്ന് പകല്‍പോലെ വ്യക്തം. കേരള വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്ഐഡിസി), കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും എണ്ണായിരം കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിരുന്നത്. മത്സ്യബന്ധന ഗവേഷണത്തിനായി 5000 കോടിയും, ട്രോളറുകളുടെ നിര്‍മാണത്തിന് 2950 കോടിയും നിക്ഷേപിക്കാനാണ് ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ധാരണയായത്. മത്സ്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ചേര്‍ത്തല പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി ഏക്കറൊന്നിന് 100 രൂപ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേക്ക് നല്‍കാനും തീരുമാനിച്ചു. ഇത്രയേറെ കാര്യങ്ങള്‍ മുന്നോട്ടു പോയശേഷമാണ് ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് ആരോപണമുയര്‍ന്നതും സര്‍ക്കാര്‍ വെട്ടിലായതും.
അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ എല്ലാം ഒറ്റയടിക്ക് നിഷേധിച്ച് നല്ലപിള്ള ചമയാനാണ് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ശ്രമിച്ചത്. ആരോപണങ്ങള്‍ അസംബന്ധം എന്നാണ് മന്ത്രി ആവര്‍ത്തിച്ചത്. വിവാദ കമ്പനിയുടെ പ്രതിനിധികളുമായി, അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്ത് കമ്പനി, ഏത് ധാരണാപത്രം എന്നൊക്കെയാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജന് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും, കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം വാര്‍ത്ത നല്‍കണമെന്നൊക്കെ വ്യവസായ മന്ത്രി ധാര്‍മികരോഷം കൊണ്ടു. എന്നാല്‍ അമേരിക്കന്‍ കമ്പനിയുടെ സിഇഒ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് അതിന്റെ ഭാരത പ്രതിനിധി തന്നെ വെളിപ്പെടുത്തിയതോടെ എല്ലാ കള്ളങ്ങളും പൊളിഞ്ഞു. ഇനി രക്ഷയില്ലെന്നു വന്നപ്പോഴാണ് ധാരണാപത്രങ്ങള്‍ റദ്ദാക്കി മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ എന്ത് ധാരണാ പത്രം എന്നു ചോദിച്ചവരാണ് ഇപ്പോള്‍ ഒന്നല്ല, രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്! അഴിമതികള്‍ മൂടിവയ്ക്കുന്നതിനും, കേസുകളില്‍നിന്ന് രക്ഷപ്പെടുന്നതിനും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്ന രീതിയിലാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, അഴിമതി നടത്താന്‍ വേണ്ടിയുള്ള വലിയൊരു സംവിധാനമായി ഇടതുമുന്നണി സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നുവെന്നാണ് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുകയാണ് മുഖ്യമന്ത്രിയുടെ തന്ത്രം. സ്വര്‍ണ കള്ളക്കടത്തുകേസിലും ലൈഫ്മിഷന് പദ്ധതിയുടെ കാര്യത്തിലും ഇതാണ് കണ്ടത്. ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനും മറ്റുമുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതിന്റെ ഉത്തരവാദിത്തം കയ്യൊഴിയാന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ്. കെഎസ്ഐഡിസിയുടെയും ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെയും ചുമതലയുള്ള ഐഎഎസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് വലിയ അധികാര ദുരുപയോഗമാണ്. മന്ത്രിമാര്‍ അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഒരു വിദേശ കമ്പനിയുമായി ധാരണാ പത്രം ഒപ്പിടുമോ? ഇങ്ങനെയാണ് സംഭവിച്ചതെന്ന് വാദിക്കുമ്പോള്‍ തങ്ങളുടെ കഴിവില്ലായ്മയാണ് മന്ത്രിമാര്‍ സ്വയം തുറന്നുകാട്ടുന്നത്. സര്‍ക്കാരിന്റെതന്നെ ഫിഷറീസ് നയത്തെ കാറ്റില്‍പ്പറത്തി ബഹുരാഷ്ട്ര കുത്തകയുമായി കൈകോര്‍ത്ത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കാനുള്ള തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പിടിക്കപ്പെടുമെന്നായപ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ഈ ഭരണാധികാരികളെ അനുവദിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: