കാസര്‍കോട്: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ ആധാരമായിട്ടുള്ള വിഷയം യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്യഷ്ടിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. താല്‍ക്കാലികക്കാരെ നിയമിക്കുക അവരെ സ്ഥിപ്പെടുത്തുക, ഇത് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കാലങ്ങളായുള്ള സമീപനമാണ്. പത്തുവര്‍ഷമായി താല്‍ക്കാലിക ജീവനക്കാര്‍ നിലനിന്നുപോന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കൂടെ ഭാഗമായിട്ടാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഒഴിവുകള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പിഎസ്സിയ്ക്ക് വിടാതിരുന്നതെന്ന് സര്‍ക്കാര്‍ പറയണം.
കഴിഞ്ഞ പത്തു വര്‍ഷം താല്‍ക്കാലിക ജീവനക്കാരെ തിരുകികയറ്റിയതിന് ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ഇരുമുന്നണികളും അവര്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനാണ് ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രി പറയുന്ന ഓരോ കാര്യവും ഉദ്യോഗാര്‍ത്ഥികള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഖണ്ഡിക്കുകയാണ്. പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട സിപിഎമ്മുകാരെ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ ആരു ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറയണം. സര്‍ക്കാര്‍ എന്തിനാണ് സമരത്തെ ഭയപ്പെടുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. തനിക്ക് ചുറ്റുമുള്ള ദുരഭിമാനത്തിന്റെ കൂടാരത്തില്‍ നിന്ന് ജനാധിപത്യത്തിലേയ്ക്ക് ഇറങ്ങിവരാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയില്‍ എല്ലാ ജില്ലകളിലും വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളുമായി കൂടിയാലോചനകള്‍ നടക്കും. പുതിയ കേരളത്തിനായുള്ള അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. അതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രകടനപത്രികയ്ക്ക് വേണ്ട ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിജയയാത്രയുടെ സ്വീകരണ യോഗങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സ്വീകരിക്കും. വിജയയാത്ര പല ജില്ലകളിലും എത്തുമ്പോള്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപിയിലേക്ക് ചേരും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക രാഷ്ട്രീയവും വര്‍ഗ്ഗീയ രാഷ്ട്രീയവും പ്രചരിപ്പിക്കാനുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സമീപനം കേരളത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ വിജയയാത്ര പ്രയോജനപ്പെടുമെന്നും എം.ടി. രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: