ചെങ്ങന്നൂര്‍: മാറ്റിവെച്ച തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 26ന് നടക്കും. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പുവന്നെന്ന് വരണാധികാരി സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി. അനില്‍കുമാര്‍ പറഞ്ഞു.
രാവിലെ 11ന് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും രണ്ടിനു ഉപാധ്യക്ഷസ്ഥാനത്തേക്കും തെരഞ്ഞെടുപ്പും നടക്കും. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ഡിസംബര്‍ 30ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപിക്കെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് യുഡിഎഫ് അംഗങ്ങള്‍ വോട്ടുചെയ്തു. കൂടുതല്‍ വോട്ടുലഭിച്ച എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയെ വരണാധികാരി വിജയിയായി പ്രഖ്യാപിച്ച് സത്യപ്രതിജ്ഞയ്ക്കുക്ഷണിച്ചു. എന്നാല്‍, സ്ഥാനം ഏറ്റെടുക്കാതെ ഇവര്‍ രാജിവെക്കുകയായിരുന്നു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. സ്വതന്ത്രനായി ജയിച്ച പി.വി. സജന് ഒപ്പിട്ടശേഷം വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയിരുന്നു. യുഡിഎഫ് വോട്ടു ലഭിച്ചകാരണം പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യും മുന്‍പേ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി വിജയിച്ച ബിന്ദുവും ബീനയും രാജി സമര്‍പ്പിച്ചത്. ആര്‍ക്കൊപ്പവും ചേരാനില്ലെന്ന നിലപാടിലാണ് സ്വതന്ത്രന്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിച്ച് വരണാധികാരി സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി. അനില്‍കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതുക്കിയ തീയതി നിശ്ചയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭരണത്തില്‍ നിന്നൊഴിവാക്കാന്‍ ഇടതുവലതു മുന്നണികള്‍ നടത്തിയ നാടകം വീണ്ടും ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: