റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷക സമരമെന്ന പേരില്‍ അരങ്ങേറിയ അക്രമപ്രവര്‍ത്തനങ്ങളില്‍ ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വഹിച്ച പങ്ക് ഇപ്പോള്‍ വ്യക്തമാണ്. എന്നാല്‍ ഇതിനു പിന്നിലെ ഗൂഢാലോചനയുടെ വ്യാപ്തി വളരെ വലുതാണെന്നതിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സാപ്പ് ഇക്കാര്യത്തില്‍ വളരെ ആപല്‍ക്കരമായ നീക്കങ്ങള്‍ നടത്തിയെന്നാണ് വെളിപ്പെടുന്ന സ്തോഭജനകമായ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ‘മോദി സര്‍ക്കാര്‍ കര്‍ഷകരുടെ വംശഹത്യ ആസൂത്രണം ചെയ്തു’ എന്ന ഹാഷ്ടാഗില് ചിലര്‍ ട്വിറ്ററിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് വലിയൊരു കലാപവും രക്തച്ചൊരിച്ചിലും ലക്ഷ്യംവച്ചായിരുന്നു. പത്ത് വര്‍ഷം മുന്‍പ് സിറിയയില്‍ അറബ് വസന്തമെന്നപേരില്‍ അരങ്ങേറിയതിന് സമമായ കലാപം ദല്‍ഹിയില്‍ സൃഷ്ടിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ ഒത്താശ ചെയ്തു. രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നവിധം കുപ്രചാരണം നടത്തിയ 1178 അക്കൗണ്ടുകള്‍ തടയുകയോ നീക്കം ചെയ്യുകയോ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കാതിരുന്ന ട്വിറ്റര്‍ തങ്ങളുടെ നിലപാടിനെ ന്യായീകരിച്ച് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് ‘ട്വീറ്റുകളുടെ ഒഴുക്ക് തീര്‍ച്ചയായും തുടരണം’ എന്നാണ്. അറബ് വസന്ത കാലത്ത് സ്വന്തം ഇടപെടലുകളെ ന്യായീകരിച്ചുകൊണ്ട് ഇതുതന്നെയാണ് ട്വിറ്റര്‍ പറഞ്ഞിരുന്നത്.
ചില അക്കൗണ്ടുകള്‍ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ്യത്തെ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ട്വിറ്റര്‍ ആദ്യം പ്രതികരിച്ചത്. അമേരിക്കയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് നടന്ന കാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ അക്കൗണ്ട് തടയാന്‍ യുഎസ് ഭരണകൂടം ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ ട്വിറ്റര്‍ അത് ചെയ്തു. 88 ദശലക്ഷം പേര് പിന്തുടരുന്നതായിരുന്നു ട്രമ്പിന്റെ അക്കാണ്ട്. എന്നാല്‍ ഭാരത സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനു മുന്നില്‍ ട്വിറ്റര്‍ അധികൃതര്‍ മടിച്ചുനിന്നു. ചെങ്കോട്ട കലാപത്തെ മുന്‍നിര്‍ത്തി ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം 100 ട്വിറ്റര്‍ അക്കൗണ്ടുകളും ഏകദേശം 150 ട്വീറ്റുകളും തടഞ്ഞിരുന്നു. ചില പ്രമുഖരും ഒരു മാധ്യമസ്ഥാപനവും ഇതില്‍ ഉള്‍പ്പെട്ടു. എന്നാല്‍ ഈ നടപടി സ്വീകരിച്ച ദിവസം വൈകിട്ടുതന്നെ അക്കൗണ്ടുകള്‍ പുനരാരംഭിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇങ്ങനെ ചെയ്തതത്രേ. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഐടി മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയശേഷവും ട്വിറ്റര്‍ നിലപാടില്‍ മാറ്റം വരുത്താതിരുന്നത് ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.
ഖാലിസ്ഥാന്‍ വാദികളുടെയും, പാക്കിസ്ഥാന്റെയും പിന്തുണയുള്ളതും, മറ്റു ചില രാജ്യങ്ങളില്‍നിന്ന് പ്രവര്‍ത്തിക്കുന്നതുമായ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് അനുസരിക്കുന്നതിനു പകരം വിദേശത്തെ ചില പ്രമുഖരുടെ പ്രകോപനപരമായ ട്വീറ്റുകള്‍ ശരിവയ്ക്കുകയാണ് ട്വിറ്റര്‍ സിഇഒ ചെയ്തത്. തങ്ങളുടെ നിയമം അനുസരിച്ചും, പ്രാദേശിക നിയമമനുസരിച്ചും പ്രവര്‍ത്തിക്കുമെന്നായിരുന്നു ന്യായീകരണം. ട്വിറ്ററിന്റെ നിയമം ലഘിക്കുകയാണെങ്കില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യും. ഏതെങ്കിലും ഒരു രാജ്യത്തെ നിയമം ലംഘിക്കുകയാണെങ്കില്‍ ആ രാജ്യത്തോ പ്രത്യേക മേഖലയിലോ ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്നത് വിലക്കും. എന്നാല്‍ ഈ നയം ഭാരതത്തിന്റെ ഐടി നിയമത്തിനെതിരാണ്. രാജ്യത്തെ അഖണ്ഡതയ്ക്കെതിരോ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതോ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം തകരാറിലാക്കുന്നതോ ആയ ഏതു വിവരവും കേന്ദ്ര സര്‍ക്കാരിന് തടയാം. ഇതനുസരിച്ച് ട്വിറ്ററിനെതിരെ നടപടിയെടുക്കാം. രാജ്യത്ത് പ്രവര്‍ത്തനംതന്നെ നിരോധിക്കാം. സര്‍ക്കാര്‍ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കൂടുതല്‍ അക്കൗണ്ടുകള്‍ തടയാന്‍ ട്വിറ്റര്‍ തയ്യാറായത്. ഭാരതം കരുത്താര്‍ജിക്കുന്നത് തടയാന്‍ ചില വൈദേശിക ശക്തികളും ദേശവിരുദ്ധരും കൈകോര്‍ക്കുകയാണ്. ട്വിറ്റര്‍പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ ആയുധമാക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് ഒരുവിധത്തിലും അനുവദിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: