കൊല്ലം: മൃഗാശുപത്രികള്‍ക്ക് ആവശ്യമായ വെറ്റിനറിമരുന്നുകള് സംസ്ഥാന സര്‍ക്കാര്‍ വെട്ടികുറച്ചത് കാരണം ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍. കന്നുകാലികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് മൃഗാശുപത്രികളില്‍ മരുന്നില്ലാത്ത അവസ്ഥയാണ്. അഞ്ചു വര്‍ഷത്തിനിടെ മൃഗാശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ അളവ് സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് കാരണം.
നാല്‍പ്പത് ശതമാനത്തോളം കുറവാണ് ഉണ്ടായത്. ആശുപത്രികളുടെ ഗ്രേഡ് നിശ്ചയിച്ചല്ല സര്‍ക്കാര്‍ മരുന്നുവിതരണം നടത്തുന്നത്. ഇതും പ്രതിസന്ധിക്കു കാരണമായി. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്പെന്‍സറി എന്നിവയ്ക്കെല്ലാം ഒരേ അളവിലാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ കന്നുകാലികളില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി എത്തിക്കുന്നത് ആശുപത്രികളിലാണ്. എന്നാല്‍ ഇവിടെ ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ കര്‍ഷകര്‍ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.
സ്വകാര്യ മരുന്നുകമ്പനികളെ സഹായിക്കാന്‍ ചില ഡോക്ടര്‍മാര്‍ വിലയേറിയ മരുന്നുകള്‍ എഴുതുന്നതായും ആക്ഷേപമുണ്ട്. മരുന്നുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏജന്‍സികളുടെ പക്കല്‍നിന്നാണ് മൃഗസംരക്ഷണ വകുപ്പ് വാങ്ങുന്നത്. കാലിത്തീറ്റകളുടെ ഗുണനിലവാരം കന്നുകാലികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മായം കലര്‍ന്ന കാലിത്തീറ്റകള്‍ ഉദരസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. മിക്കയിടത്തും പശുക്കള്‍ക്കും കിടാരികള്ക്കുമുള്ള കുത്തിവെയ്പ്പിന് സാധനങ്ങള്‍ കര്ഷകന് വെളിയില്‍ നിന്ന് വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. ഇതിന് ശരാശരി ദിവസേന 500 മുതല്‍ 750 രൂപ വരെയാണ് ചെലവ്.
ആശുപത്രി ചെലവിനൊപ്പം നിത്യചെലവുകള്‍ കൂടി വര്‍ധിച്ചതിനാല്‍ ഭൂരിഭാഗം ആളുകളും കടക്കെണിയിലാണ്. ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: