കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് മികച്ച ജയം. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ട്രാവുവിനെ തകര്‍ത്തു.
കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഗോകുലമാണ് ആദ്യം ലീഡെടുത്തത്. പതിനാറാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. വിന്‍സി ബരേറ്റോ നല്കിയ പാസ് സ്വീകരിച്ച് എമില്‍ ബെന്നി ഇടംകാലുകൊണ്ട് പായിച്ച കിടിലന്‍ വോളിയാണ് ട്രാവു വലയില്‍ കയറിയത്. ലീഡ് നേടിയ ശേഷം ഗോകുലം ലീഡ് ഉയര്‍ത്താനും ട്രാവു സമനില ഗോളിനും വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല.
പിന്നീട് കളിയുടെ 57-ാം മിനിറ്റില്‍ അഫ്ഗാനിസ്ഥാന് താരം മുഹമ്മദ് ഷെരീഫിലൂടെ ഗോകുലം ലീഡ് ഉയര്‍ത്തി. ഒരു കോര്‍ണറിനൊടുവിലായിരുന്നു ഷെരീഫിന്റെ ഗോള്‍. പിന്നീട് 86-ാം മിനിറ്റില്‍ ഗോകുലം ലീഡ് വീണ്ടുമുയര്‍ത്തി. ഇക്കുറി സോഡിങ്ലിയാന റാള്‍ട്ടെയാണ് ഗോള്‍ നേടിയത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ താജിക്കിസ്ഥാന്‍ താരം ഖൊമ്രോണ് ടുര്സുനോവിലൂടെ ഒരു ഗോള്‍ മടക്കി ട്രാവു ആശ്വാസം കണ്ടെത്തി. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റാണ് ഗോകുലത്തിനുള്ളത്. ഒന്നാമതുള്ള മുഹമ്മദന്സിനേക്കാള് മൂന്ന് പോയിന്റ് മാത്രം പിറകിലാണ് ഗോകുലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: