ന്യൂദല്‍ഹി: ലോക്സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസ് നല്കി ബിജെപി. അധ്യക്ഷന്റെ അനുമതിയില്ലാതെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിനിടെ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ രണ്ടു മിനിറ്റ് മൗനം ആചരിച്ച രാഹുലിന്റെ നടപടി സഭാ അലക്ഷ്യമാണെന്ന് ബിജെപി എംപിമാർ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ചയാണ് നാടകീയ നീക്കത്തിലൂടെ തന്റെ പാര്‍ട്ടി അംഗങ്ങളെയും ടിഎംസി, ഡിഎംകെ എംപിമാരെയും കൂട്ടി രണ്ടു മിനിറ്റ് എഴുന്നേറ്റുനിന്ന് സഭയില്‍ മൗനം ആചരിച്ചത്.
പ്രക്ഷോഭത്തിനിടെ 200 പേര് മരിച്ചുവെന്ന അവകാശവാദത്തോടെയായിരുന്നു ഇത്. സര്‍ക്കാര്‍ അവരെ ആദരിക്കാത്തതുകൊണ്ടാണ് ഇതെന്നും രാഹുല്‍ പറഞ്ഞിരുന്നു. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് അധ്യക്ഷന്‍ ആവശ്യപ്പെടാതെ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്താന്‍ കുറച്ച് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചത്. ബിജെപി എംപിമാരായ സഞ്ജയ് ജയ്സ്വാള്‍, രാകേഷ് സിംഗ്, പി പി ചൗധരി എന്നിവരാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടിസ് നല്‍കിയിരിക്കുന്നത്.
അധ്യക്ഷന്റെ അനുവാദം ചോദിക്കാതെയാണ് മൗനം ആചരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയതെന്നും സഭ അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ജയ്സ്വാള്‍ ആവശ്യപ്പെട്ടു. അണ്‍പാര്‍ലമെന്ററി പെരുമാറ്റമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സഭയുടെ അന്തസിനെ ബാധിച്ചുവെന്നും സിംഗ് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് രാഹുല്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിന്റേത് മോശം പെരുമാറ്റവും ഗുരുതര അവകാശലംഘനവുമാണന്നു ചൗധരിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: