ന്യൂദല്‍ഹി: ഹത്രാസില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിദ്ദിഖ് കാപ്പനെ കൂടാതെ ക്യാമ്പസ് ഫ്രണ്ട് ട്രഷറര്‍ അതികൂര്‍ റഹ്മാന്, മസൂദ് അഹമ്മദ്, എം.ഡി. ആലം, കെ.എ. ഷരീഫ് എന്നിവര്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് കേസെടുത്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഇവര്‍ക്കെതിരെ ലഖ്നൗ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കാപ്പന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കൊച്ചി കോടതിയും കേസ് നിലനില്‍ക്കുന്നുണ്ട്.
എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫ് ഹത്രാസില്‍ കലാപമുണ്ടാക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കാപ്പന് ഉള്‍പ്പടെയുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്കി ഇവരെ ഹത്രാസിലേക്ക് അയച്ചതിന് പിന്നില്‍ ഷെരീഫിന് പങ്കുള്ളതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്നും 2.21 കോടി രൂപ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 31 ലക്ഷം രൂപ വിദശത്തുനിന്നും എത്തിയതാണ്. ഷെരീഫ് ഈ പണം പിന്നീട് ക്യാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതീഖുര്‍ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റി. ക്യാമ്പസ് ഫ്രണ്ടിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് നമ്പറുകളൊന്നും ഉണ്ടായിരുന്നില്ല. പണമിടപാടുകളെല്ലാം ഷെരീഫാണ് നടത്തിയിരുന്നതെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: