ന്യൂദല്‍ഹി : ദളിത് വിഭാഗത്തില്‍ നിന്ന് ക്രിസ്ത്യന്‍- മുസ്ലിം വിഭാഗത്തിലേക്ക് മത പരിവര്‍ത്തനം നടത്തിയശേഷം അവര്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാവില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് മറ്റ് സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായിരിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.
ബിജെപി അംഗം ജി.വി.എല്‍. നരസിംഹ റാവുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. അതേസമയം ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതം സ്വീകരിക്കുന്നതും ഹിന്ദു, സിഖ്, ബുദ്ധ മതം സ്വീകരിക്കുന്നതും പ്രകടമായ വ്യത്യാസമുണ്ട്. അതിനാല്‍ അവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കും. ഭരണഘടന പ്രകാരം പട്ടികജാതിയാകുന്നതില്‍ ഹിന്ദു, സിഖ്, ബുദ്ധ മത വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സാധിക്കില്ലെങ്കിലും ഇതുസംബന്ധിച്ച് പ്രത്യേക നിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: