ഫറ്റോര്‍ഡ: കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഐഎസ്എല്ലില്‍ ഏഴാം പതിപ്പിലെ നിര്‍ണായകമായ രണ്ടാം പാദ മത്സരത്തില്‍ ഒഡീഷയുമായി സമനില പിടിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നം പൊലിഞ്ഞത്.
ആവേശപ്പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഡിയാഗോ മൗറീഷ്യോയാണ് ഒഡീഷയുടെ രണ്ട് ഗോളും സ്കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്സിനായി ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും ഓരോ ഗോള്‍ അടിച്ചു.
ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് പതിനേഴ് മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വിജയിച്ചാലും പ്ലേ ഓഫില്‍ കടക്കാനാകില്ല. ഒഡീഷ പതിനാറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഏറ്റവും പിന്നിലാണ്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു മുന്‍തൂക്കം. മധ്യനിര തകര്‍ത്തുകളിച്ചു. പക്ഷെ മുന്നേറ്റനിര ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു. ഗാരി ഹൂപ്പറും യുവാന്‍ഡെയും രാഹുല്‍ കെ. പിയും അവസരങ്ങള്‍ പാഴാക്കി.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഒഡീഷ ലീഡ് നേടി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോനിരയെ കബളിപ്പിച്ച് ഡീയാഗോ മൗറീഷ്യോയാണ് സ്കോര്‍ ചെയ്തത്. ജെറി നീട്ടി നല്കിയ പന്തുമായി മൗറീഷോ്യ ബോക്സിലേക്ക് കുതിക്കുപ്പോള് രണ്ട് താരങ്ങള്‍ പ്രതിരോധിക്കാനുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും പിടികൊടുക്കാതെ മുന്നേറി മൗറീഷോ്യ വലതുകാല്‍കൊണ്ട് പന്ത് വലയിലാക്കി.
രണ്ടാം പകുതിയില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് അമ്പത്തിരണ്ടാം മിനിറ്റില്‍ ഗോള്‍ മടക്കി. ജോര്‍ദാന്‍ മറെയാണ് ലക്ഷ്യം കണ്ടത്. ഗാരി ഹൂപ്പര്‍ നല്കിയ പാസ്് മറെ ഒഡീഷയുടെ വലയിലേക്ക് തിരിച്ചുവിട്ടു.
അറുപത്തിയെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ അവസരങ്ങള്‍ തുലച്ച ഹൂപ്പറാണ് സ്കോര്‍ ചെയ്തത്. സഹല്‍ അബ്ദുള്‍ സമദിന്റെ പാസ് മുതലാക്കിയാണ് ഹൂപ്പര്‍ ഗോള്‍ അടിച്ചത്. ആറുമിനിറ്റിനുള്ളില്‍ ഒഡീഷ ഗോള്‍ മടക്കി സമനില പിടിച്ചു. മൗറീഷ്യോയാണ് രണ്ടാം ഗോള്‍ അടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: