പത്തനംതിട്ട : ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനങ്ങള്‍ക്ക് ഒരിക്കലും പൊറുക്കാന്‍ ആകാത്തത്. വിഷത്തില്‍ സിപിഎം ഇപ്പോള്‍ മലക്കം മറിയുന്നത് വിശ്വാസികള്‍ മുഖവിലയ്ക്കെടുക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ആറന്മുളയില് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിച്ച് ജനങ്ങളോട് പരസ്യമായി മാപ്പ് പറയാന്‍ പിണറായി വിജയന് തയ്യാറാകണം. ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക് പിണറായിക്ക് ഒരിക്കലും മാപ്പ് ലഭിക്കില്ല. ആയിരം ഗംഗയില്‍ മുങ്ങിയാലും കേരളത്തിലെ വിശ്വാസി സമൂഹം ഇടത് സര്‍ക്കാരിനോട് പൊറുക്കില്ല.
സത്യവാങ്മുലം വീണ്ടും നല്കാന് തയ്യാറാണെന്ന് ഇതുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നടത്തിയ പ്രസ്താവനയെ പരിഹസിച്ച സുരേന്ദ്രന്, വൈരുദ്ധ്യാത്മക മലക്കം മറിച്ചിലാണെന്ന് വിമര്‍ശിച്ചു. സിപിഎമ്മില്‍ പാര്ശ്വവല്കരിക്കപ്പെട്ട നേതാവാണ് എം.എ. ബേബി. അദ്ദേഹത്തെ തിരുത്തി പറയാന്‍ സിപിഎമ്മുകാര്‍ തന്നെ മുന്നോട്ട് വരും.
ഓരോ ദിവസും ഓരോ തീരുമാനങ്ങളാണ് സിപിഎമ്മിന്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമനില തെറ്റിയ രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുതകള്‍ വസ്തുതകളായി തന്നെ കാണണമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: