റാഞ്ചി : ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയതായാണ് വിവരം.
മഞ്ഞിടിച്ചിലില്‍ ഡാമിനോട് അടുത്ത പ്രദേശത്ത് 150 തൊഴിലാളികളെ കുടുങ്ങി കിടക്കുന്നതായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികളെ കണ്ടെത്തി രക്ഷിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
വെള്ളപ്പൊക്കത്തില്‍ ഗംഗാ നദിക്കരയിലെ നിരവധി വീടുകള്‍ ഒലിച്ചു പോയി. ദുരന്തനിവാരണ സേന എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്തോ ടിബറ്റന്‍ പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘവും എത്തി സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗംഗ, അളകനന്ദ നദിയുടെ കരയില്‍ ഉള്ളവരോട് എത്രയും പെട്ടന്ന് ഒഴിയാന്‍ നിര്‍ദ്ദേശം നല്കി. ധൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഋഷികേശ്, ഹരിദ്വാര്‍, വിഷ്ണുപ്രയാഗ്, ജോഷിമഠ്, കര്‍ണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അപകടസ്ഥലത്തേക്ക് തിരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അടുത്ത ഒരു മണിക്കൂര്‍ ഏറെ നിര്‍ണ്ണായകമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ജോഷിമത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് റെനി ഗ്രാമം. മഴക്കാലങ്ങളില്‍ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പഴയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യ പരിഭ്രാന്തി ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അപകടത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാനത്തോട് വിശദാംശങ്ങള്‍ തേടി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഐടിബിപി, ദേശീയ ദുരന്ത നിവാരണ സേന എന്നിവരെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. മുഖ്യമന്ത്രി ടി.എസ് റാവത്തുമായി സംസാരിച്ചതായി അമിത് ഷാ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: