കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ ശനിയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പരിബര്‍ത്തന്‍ രഥയാത്ര ഫ്ളാഗോഫ് ചെയ്തു. രഥയാത്ര തുടങ്ങിവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെങ്കിലും ബംഗാളിന് മാറ്റത്തിന്റെ സമയമായെന്നും നദ്ദ പറഞ്ഞു.
‘പരിവര്‍ത്തനത്തിന്റെ യാത്ര ഇവിടെ തുടങ്ങുകയാണ്. ഇത് സര്‍ക്കാര്‍ മാറ്റത്തിന്റെ മാത്രമല്ല, ചിന്താമാറ്റത്തിന്റെ കൂടി സമയമാണ്,’ – 15ാം നൂറ്റാണ്ടിലെ സന്യാസി ചൈതന്യ മഹാപ്രഭുവിന്റെ നാടായ നാദിയ ജില്ലയിലെ നബദ്വീപില്‍ യാത്ര ഉദ്ഘാടനം ചെയ്ത ജെപി നദ്ദ പറഞ്ഞു.
ബിജെപിയുടെ രഥയാത്രക്ക് പശ്ചിമബംഗാൾ സർക്കാർ അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഏറ്റവുമൊടുവില്‍ നാദിയ ജില്ലാ ഭരണകൂടവും പരിബര്‍ത്തന്‍ യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിക്ക് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. അനുമതി ഇല്ലെങ്കിലും രഥയാത്രയുമായി മുന്നോട്ടെന്ന നിലപാടിലായിരുന്നു ബിജെപി. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ സംഘർഷ സാധ്യത പ്രതീക്ഷിച്ചെങ്കിലും ശനിയാഴ്ച എതിര്‍പ്പുകളെ വകവയ്ക്കാതെ നദ്ദ റാലി ഫ്ളാഗോഫ് ചെയ്യുംപോള് അന്തരീക്ഷം ശാന്തമായിരുന്നു.
റാലിയോടെ, തെരഞ്ഞമൂൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പാർട്ടിക്ക് പൊതുജന പിന്തുണ സമാഹരിക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. നിരവധി മുതിർന്ന നേതാക്കൾ പശ്ചിമ ബംഗാളിൽ ഒരു മാസത്തെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാൾ സർക്കാരിൻറേത് രാഷ്ട്രീയ പകപോക്കലാണെന്നും ബിജെപി പ്രതികരിച്ചു. യാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്നും എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാന ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി, സമാധാനപരമായ രാഷ്ട്രീയ പരിപാടികൾ നടത്താൻ ഞങ്ങൾക്ക് അനുമതി ആവശ്യമില്ല. ഷെഡ്യൂൾ അനുസരിച്ച് യാത്ര നടത്തും. ”- അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: