ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്ക് കോവിഡ് വാക്സിനുകള്‍ ലഭ്യമാക്കിയ ‘പ്രിയപ്പെട്ട രാജ്യം’ ഇന്ത്യയെ അഭിനന്ദിച്ചുള്ള മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ ഇന്ത്യയോടുള്ള സ്നേഹം കണ്ട് സന്തോഷിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
‘ലോകമാണ് ഞങ്ങളുടെ കുടുംബമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കോവിഡ് 19ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങളുടെ പങ്ക് വഹിക്കാന്‍ ആഹ്രഹിക്കുന്നു’വെന്നും അദ്ദേഹം എഴുതി. ഇന്ത്യന്‍ നിര്‍മിത വാക്സിനുകളുമായി ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങിയ വിമാനത്തിന്റെ ചിത്രം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കുവച്ചിരുന്നു.
തുടര്‍ന്ന് ചൊവ്വാഴ്ചാണ് മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന് ഇന്ത്യയെ പ്രകീര്‍ത്തിച്ച് ട്വീറ്റുമായി എത്തിയത്. ‘ഇന്ത്യയുടെ ഉദാരമനസ്കതയും അനുകമ്പയും നാള്‍ക്കുനാള്‍ കൂടിവരികയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ദക്ഷിണാഫ്രിക്കയിലാണ് പീറ്റേഴ്സണ് ജനിച്ചത്. പിന്നീടാണ് ഇംഗ്ലണ്ടില്‍ എത്തുന്നത്. ഭൂട്ടാന്, മാലിദ്വീപുകള്‍, ബംഗ്ലാദേശ്, ബ്രസീല്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇതിനോടകം വാക്സിന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: