കൊല്ലം: ജീവനക്കാരുടെ കുടുംബങ്ങളടക്കം മുപ്പത് ലക്ഷം പേരെ ദോഷകരമായി ബാധിക്കുന്ന റിപ്പോര്‍ട്ടാണ് കെ. മോഹന്‍ദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്കരണസമിതി സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണപിള്ള.
ശമ്പള കമ്മീഷന് റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിവില്‍ സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനായി മാത്രം തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിലെ തൊഴിലാളിവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണമെന്ന തത്വം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ആര് കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി. യോഗത്തില്‍ എ. രഞ്ജിത്ത്, പി. കുമാര്‍, വി.ശ്രീകല, എസ്.സുധാകരന്, അനൂപ്.എസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: