ന്യൂദല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ ട്രാക്ടര്‍ റാലിക്ക് റിപ്പബ്ലിക് ദിനം തെരഞ്ഞെടുത്തത് ഗൂഢോദ്ദേശത്തോടെ. ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ദിനത്തിന്റെ ആഘോഷത്തില്ത്തന്നെ അക്രമം അഴിച്ചുവിട്ട് രാജ്യത്തെ കരിതേയ്ക്കുകയെന്നു തന്നെയായിരുന്നു ലക്ഷ്യം.
വിദേശ രാജ്യ പ്രതിനിധി പങ്കെടുക്കുന്ന, ഇന്ത്യയുടെ സര്‍വ്വ ശക്തിയും വിളിച്ചോതുന്ന റാലികളും ഘോഷയാത്രകളും സൈനിക അഭ്യാസപ്രകടനങ്ങളും നടക്കുന്ന ദിവസം, ഇന്ത്യയിലേക്ക് ലോകം മുഴുവന്‍ കണ്ണുംനട്ടിരിക്കുന്ന ദിവസം തന്നെ ചെങ്കോട്ടയിലേക്ക് ട്രാക്ടര്‍ റാലി നടത്തിയതും അതിന്റെ മറവില്‍ വന്‍ അക്രമം അഴിച്ചുവിട്ടതും രാജ്യത്തിന്റെ സല്‍പ്പേര് തകര്‍ക്കാനും അവഹേളിക്കാനും നാണം കെടുത്താനുമാണെന്നുറപ്പ്. പ്രതിഷേധം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ മറ്റൊരു ദിവസം റാലി നടത്തിയാല്‍ മതിയായിരുന്നു.
റിപ്പബ്ലിക് ദിനം തന്നെ ഇതിന് തെരഞ്ഞെടുക്കാന്‍ കൃത്യമായ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നു വേണം സംശയിക്കാന്‍. പോലീസ് നിര്‍ണയിച്ചു നല്കിയ വഴി മാറിയാണ് റാലി നടത്തിയത്. പോലീസ് പറഞ്ഞുറപ്പിച്ച സമയത്തിനു മുന്‍പേ പൊടുന്നനെ റാലിയുമായി തോന്നിയ വഴികളിലെല്ലാം കടന്നു കയറുകയായിരുന്നു. സ്വാഭാവികമായും പോലീസ് തടയുമെന്നും ഇത് വലിയ പ്രശ്നത്തിലേക്ക് പോകുമെന്നും സംഘടനാ നേതാക്കള്‍ക്ക് അറിയാത്തതല്ല.
പ്രകോപനമുണ്ടാക്കാന്‍ അവര്‍ നിശ്ചയിച്ച സമയത്ത് നേതാക്കള്‍ എല്ലാം പിന്നിലേക്ക് മാറി. അക്രമികളെ മുന്നിലാക്കി കയറൂരിവിട്ടു. ചെങ്കോട്ടയില്‍ കടന്നു കയറാനും പതാക പാറിക്കാനും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതിനു വേണ്ടിയാണ് വഴി മാറി ചെങ്കോട്ട ഭാഗത്തേക്ക് ട്രാക്ടറുകള്‍ ഓടിച്ചതും അവയ്ക്ക് അകമ്പടിയായി വാളും വടികളും അടക്കമുള്ള ആയുധങ്ങളുമായി നിഹാങ്ങ് സിഖുകാര്‍ കുതിരപ്പുറത്ത് എത്തിയതും. ഗേറ്റ് തകര്‍ത്ത് അകത്തു കടന്ന് എണ്ണത്തില്‍ കുറവായ പോലീസിനെ തല്ലിയും വെട്ടിയും ഓടിച്ചു, കോട്ടയുടെ കൊത്തളത്തില്‍ നിന്ന് അവരെ തള്ളിത്താഴെയിട്ടു. സംഭവം ഇന്ത്യക്ക് വലിയ നാണക്കേടു തന്നെയാണ് ഉണ്ടാക്കിയത്.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ദല്‍ഹിയില്‍ കലാപം അഴിച്ചുവട്ടതും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ വന്ന സമയത്തായിരുന്നു. ഷഹീന് ബാഗ് സമരത്തിനും അക്രമങ്ങള്‍ക്കും ഗൂഡാലോചന നടത്തിയവര്‍ തന്നെയാണ് ഈ സമയത്ത് ദല്‍ഹി കലാപം സൃഷ്ടിച്ചതും. അവരുടെ ലക്ഷ്യം ട്രംപിന്റെ സന്ദര്‍ശന സമയത്ത് രാജ്യത്തിന്റെ മാനം കെടുത്തുകയെന്നതു മാത്രമായിരുന്നു. 2020 ഫെബ്രുവരി, 24, 25 തീയതികളിലായിരുന്നു ട്രംപിന്റെ സന്ദര്‍ശനം. നിയമത്തിന്റെ പേരില്‍ ദല്‍ഹിയിലെ ജഫ്രാബാദില്‍ കലാപം ഉണ്ടായത് ഫെബ്രുവരി 23നായിരുന്നു. ദല്‍ഹി പോലീസിനു നേരെ വെടിവയ്പ്പും കല്ലേറുമുണ്ടായത് ഫെബ്രുവരി 24നായിരുന്നു. ഈ ദിവസങ്ങളില്‍ കലാപത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
ഒരേ ഗൂഢാലോചനക്കാര്‍
സിഎഎ വിരുദ്ധ കലാപത്തിന് ഗൂഢാലോചന നടത്തിയ ശക്തികള്‍ തന്നെയാണ് റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതെന്ന സംശയം ശക്തമാകുകയാണ്. ആസൂത്രണത്തിന്റെ രീതിയും സമയവും എല്ലാം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടു പോലുള്ള രാജ്യവിരുദ്ധശക്തികളായിരുന്നു അന്നത്തെ കലാപത്തിനു പിന്നില്‍. ഇക്കുറി സിഖ്സ് ഫോര്‍ ജസ്റ്റിസ്, ബബര് ഖല്‍സ എന്നിവ പോലുള്ള ഖലിസ്ഥാന്‍ തീവ്രവാദികളും. റിപ്പബ്ലിക് ദിനത്തില്‍ അടക്കം കലാപം അഴിച്ചുവിടാന്‍
പാക് ചാര സംഘടന ഐഎസ്ഐ അഞ്ചു കോടിയാണ് നല്‍കിയത്. പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ അക്രമം അഴിച്ചുവിടാനും കോടികളാണ് പാക് ചാര സംഘടനകള്‍ ഒഴുക്കിയത്. സിഖ് തീവ്രവാദ സംഘടനകളും പാക് നിയന്ത്രണത്തിലുള്ള ഭീകര സംഘടനകളും ഒരുമിക്കുന്നുവെന്ന സൂചനയുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഐബിയും മിലിറ്ററി ഇന്റലിജന്‍സും വെളിപ്പെടുത്തിയത്. ഈ സംഭവങ്ങളും അതിലേക്കാണ് വെളിച്ചം വീശുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: