മലര് എന്നത് മലയാളത്തിലെ അതിസുന്ദരമായ പദങ്ങളിലൊന്നാണ്. പൂവ് എന്നാണ് അര്‍ത്ഥം. മലരേ മൗനമാ…, മലര്‍ക്കൊടി പോലേ… തുടങ്ങി മലരില്‍ തുടങ്ങുന്ന ഇമ്പമുള്ള ഒരു പാട് പാട്ടുകള്‍ മലയാളത്തിലും തമിഴിലുമൊക്കെയുണ്ട്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ കയറിയാല്‍ ഇതിപ്പോള്‍ ഒരു മുഴുത്ത തെറിയായാണ് ഉപയോഗിക്കപ്പെടുന്നത്. പച്ചക്കള്ളം വാര്‍ത്തയെന്ന രീതിയില്‍ ഉളുപ്പില്ലാതെ പടയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് ഓണ്‍ലൈന്‍ പ്രതികരണക്കാര്‍ നല്കുന്ന വിശേഷണമാണ് മലരുകള്‍ എന്നത്. നീട്ടി മലരേ എന്ന് വിളിച്ചാല്‍ അര്‍ത്ഥം വേറെയാണെന്ന് കരുതിക്കോണം എന്ന് സാരം.
പേരിന്റെ തുടക്കത്തില്‍ മുഴച്ചുനില്‍ക്കുന്ന ‘മ’ ഉള്ള മലയാളമാധ്യമങ്ങള്‍ തുടര്‍ച്ചയായി ഈ മലരഭിഷേകത്തിന് വിധേയരാകുന്നുണ്ട്. വന്ന് വന്ന് ആ വിളി കേട്ടില്ലെങ്കില്‍ അവര്‍ക്ക് ഉറക്കമില്ലെന്നായിരിക്കുന്നു. മ പ്രസിദ്ധീകരണങ്ങള്‍ എന്ന് പണ്ടേ ഒരു പേര് അവര്‍ സ്വന്തമാക്കിയതാണ്. അതിനുപുറമേയാണ് ഇപ്പോള്‍ മാമാ മാധ്യമങ്ങള്‍, മാധ്യമ മലരുകള്‍ തുടങ്ങിയ പുതിയ വിശേഷണങ്ങള്‍ അലങ്കാരമായി ചാര്‍ത്തിക്കിട്ടുന്നത്. ആസനത്തില്‍ കിളിര്‍ത്ത ആല്‍മരം കണക്കെ അതിന്റെ തണലിലിരുന്ന് ക്ഷീണം മാറ്റുന്ന തിരക്കിലാണ് ഈ മലര്വനികളത്രയും.
ദേശീയതലത്തില്‍ ഈ വിളി ഏറെ കേട്ടിട്ടുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് രാജ്ദീപ് സര്‍ദേശായി. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതോടെ ജനാധിപത്യത്തില്‍ത്തന്നെ വിശ്വാസമില്ലാതായിപ്പോയ മലയാള മാധ്യമ ഉഡായിപ്പുകളുടെ അഖിലേന്ത്യന്‍ പതിപ്പാണ് ഇപ്പറഞ്ഞ സര്‍ദേശായി. അശ്ലീലവും അനാശാസ്യവും അസംബന്ധവും അവിഹിതവുമാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമുദ്രയെന്ന് സാധാരണ ജനങ്ങളെക്കൊണ്ട് പോലും പറയിപ്പിച്ച പ്രതിഭകളിലൊന്നാണ് പുമാന്. ഇന്ത്യാടുഡേയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററാണ് പോലും ഇദ്ദേഹം.
ദല്‍ഹിയിലെ ബ്രോക്കര്കലാപത്തിന് കര്‍ഷക സമരമെന്ന് പേര് ചാര്‍ത്തിനല്‍കുകയും അതിനിടയില്‍ കടന്ന് എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്യുന്ന ചെന്നായബുദ്ധികളുടെ തട്ടകമാണ് രാജ്ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍ വാര്‍ത്ത പടയ്ക്കുന്ന ന്യൂസ്റൂമുകള്‍. റിപ്പബ്ലിക്ക് ദിനത്തില്‍ ബ്രോക്കര്‍മാരെയും വിഘടനവാദികളെയും രാജ്യദ്രോഹികളെയും വാഴ്ത്തിപ്പാടി അര്‍മാദിക്കുന്നതിനിടയിലാണ് സര്‍ദേശായി ജന്മഗുണം കാട്ടിയത്. രാവിലെ മുതല്‍ കമന്ററി പൊലിപ്പിച്ച് ബോറടിച്ചിട്ടാണ് സര്‍ദേശായി വെടി പൊട്ടിച്ചത്.
പോലീസോ വെടി വെക്കുന്നില്ല. ഇത്രയധികം ട്രാക്ടറുകളും വാളും വടിയുമായി അക്രമിക്കൂട്ടം അഴിഞ്ഞാടുന്നത് കണ്ടിട്ടും പോലീസ് സമാധാനത്തിന്റെ പാത സ്വീകരിക്കുന്നത് റേറ്റിങ് ആഗ്രഹിക്കുന്ന ഏത് സര്‍ദേശായിയെയാണ് തളര്ത്താത്തത്. പോലീസ് വെടിവെച്ചില്ലെങ്കില്‍ പിന്നെ സ്വയം വെടിപൊട്ടിക്കുക തന്നെ എന്ന് കരുതിയാകണം ട്രാക്ടറിടിച്ചോ മറിഞ്ഞോ നടന്ന മരണത്തെ സര്‍ദേശായി പൊലിപ്പിച്ചത്. പോലീസ് വെടിവെപ്പില്‍ ഒരു കര്ഷകന് മരിച്ചു എന്ന് സര്‍ദേശായി വിജൃംഭിച്ചു. കോപ്പിയടി പണ്ടേ ശീലമാക്കിയ മാമാകള്‍ ‘വെടിവെപ്പ്’ എന്ന് ക്വസ്റ്റ്യന്മാര്ക്കിട്ട് തള്ളി. ഇല്ലാത്ത പള്ളി കത്തിച്ച് തഴക്കവും പഴക്കവുമുള്ള റിപ്പോര്‍ട്ടര്‍മാര്‍ ദല്‍ഹിയിലെ തെരുവില്‍ മദം പൊട്ടിയവരെപ്പോലെ അലറി വിളിച്ചു നടന്നു. ‘ചെങ്കോട്ട കീഴടക്കി, ദല്‍ഹി പൊളിച്ചടുക്കും’ തുടങ്ങി പാക്കിസ്ഥാന് മോഡല്‍ തലക്കെട്ടുകള്‍ നിരത്തി കാമം ചിലര്‍ നിലവിളിച്ചുതീര്ത്തു.
സര്‍ദേശായിമാര്‍ ഇളക്കി വിട്ട അക്രമിക്കൂട്ടം ചെങ്കോട്ടയില്‍ പാഞ്ഞുകയറി കൊടി കെട്ടി. ഖലിസ്ഥാന്‍ പതാകയാണ് കെട്ടിയെന്ന് പറഞ്ഞവരെ തിരുത്തി പിന്നെയും ഇളിച്ചുകൊണ്ട് വിശുദ്ധപതാകയാണ് എന്ന് വാചകമടിച്ചു. ആര്‍ക്ക് വിശുദ്ധമെന്ന ചോദ്യത്തിന് മറുപടിയായി പതാക കെട്ടിയവന് മോദിക്കൊപ്പം നിന്ന് പടമെടുത്തവനാണെന്ന് പാര്‍ട്ടി ഓഫീസിലെ തട്ടിന്‍പുറത്ത് ഒളിച്ചിരുന്ന ചില രാഗേശ്വരന്മാര് നീട്ടിപ്പാടി.
രാജ്യം ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് മാര്‍ച്ച് ചെയ്ത അതേ ദിവസം ഒരു കൂട്ടം അക്രമികളെ വെറി പിടിപ്പിക്കലായിരുന്നു സര്ദേശായികുടുംബത്തിന്റെ കലാപരിപാടിയെന്ന് ഓര്‍ക്കണം. ചരിത്രത്തിലാദ്യമായി 122 ബംഗ്ലാദേശി സൈനികര്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ അണിചേര്‍ന്ന് മാര്‍ച്ച് ചെയ്ത ദിവസമായിരുന്നു അത്. ആന്മാനിലെ ഗിരിവര്‍ഗവിഭാഗത്തില്‍പെട്ട ധീരസൈനികര്‍ രാജ്യതലസ്ഥാനത്ത് നെഞ്ച് വിരിച്ച് മാര്‍ച്ച് ചെയ്ത ദിവസമായിരുന്നു അത്. ക്യാപ്ടന് ഖമറുള്‍ സമന്റെ നായകത്വത്തില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ബ്രഹ്മോസ് മിസൈല്‍ റെജിമെന്റ് അണിനിരത്തിയ ടി20 ടാങ്കുകള്‍ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന കരുത്തിന്റെയും കാവലിന്റെയും യുദ്ധകാഹളം ദല്‍ഹിയിലെ രാജവീഥിയില്‍ മുഴക്കിയ ദിവസമായിരുന്നു അത്. പുതിയതായി വ്യോമസേനയുടെ ഭാഗമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ വിസ്മയം തീര്‍ത്ത് പ്രദര്‍ശനം നടത്തിയ ദിവസമായിരുന്നു അത്. ലോകത്തിന് പുനര്‍ജനിയേകിയ കോവാക്സിനും സ്വാഭിമാനത്തിന്റെ പ്രതീകമായ ശ്രീരാമക്ഷേത്രവും നിശ്ചലദൃശ്യമായി റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് പകിട്ടേകിയ ദിവസമായിരുന്നു അത്.
പക്ഷേ കുറുക്കന്മാര്ക്ക് അത് കാണാനും കാണിക്കാനുമായിരുന്നില്ല ആവേശം. നുണപ്രചാരണം കൊണ്ട് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഇടത് പ്രചാരവേലയുടെ കുഴലൂത്ത് മൊത്തത്തിലേറ്റെടുക്കുകയായിരുന്നു മലയാളത്തിലും പുറത്തുമുള്ള സര്‍ദേശായിമാര്‍. ജര്‍മ്മനിയിലെ സര്‍ദേശായിമാരെ തോല്പിക്കാനാണ് ഹിറ്റ്ലര്‍ ഗീബത്സിനെ നിയോഗിച്ചത്. ഒരു നുണ നൂറ് തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്നായിരുന്നു ഗീബത്സിന്റെ സിദ്ധാന്തം. എന്നാല്‍ അയാള്‍ ആ ദൗത്യത്തില്‍ പരാജയമാണെന്നായിരുന്നു ഹിറ്റ്ലറിന്റെ അനുഭവ പാഠം. ഗീബത്സിനെക്കാള് വലിയ നുണയന്മാരാണ് ഇക്കൂട്ടരെന്ന് സാരം.
മൂന്നരപ്പതിറ്റാണ്ട് ഇടതന്മാര് ഭരിച്ചുമുടിച്ച ബംഗാളിലെ പാടത്തിന്റെ നടുവില്‍ നിന്ന് പണ്ട് പ്രണോയ് റോയ് എന്ന മറ്റൊരു വിദ്വാന് ‘എന്റെ സുവര്‍ണ ബംഗാള്‍’ എന്ന് നീട്ടിപ്പാടിയത് ചാനല്പ്പാട്ടായി കണ്ട കഥ കേട്ടിട്ടുണ്ട്. ഇന്നും മനുഷ്യന് റിക്ഷാ വലിക്കുന്ന പട്ടിണിക്കോലങ്ങളുടെ നാടിനെ നോക്കി സുവര്‍ണബംഗാള്‍ എന്ന് പ്രചരിപ്പിക്കണമെങ്കില്‍ ആ തൊലിക്കട്ടിക്കെന്ത് പേരിട്ട് വിളിക്കണം. ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊന്നുവെന്ന് കള്ളവാര്‍ത്ത ഉണ്ടാക്കി തെരുവില്‍ മയ്യത്ത് നമസ്കാരം നടത്തിച്ചവന്റെയും പേര് മാധ്യമപ്രവര്‍ത്തകനെന്നാണ്. സിഎഎ വിരുദ്ധ കലാപത്തിന് എരിവ് കൂട്ടാന്‍ ദല്‍ഹിയില്‍ പള്ളി പൊളിച്ചു എന്ന് കെട്ടുകഥ ഉണ്ടാക്കിയവന്റെയും പേര് മാധ്യമപ്രവര്‍ത്തകനെന്നാണ്…. എണ്ണിയാലൊടുങ്ങാത്ത കള്ളത്തരങ്ങള്‍ പാകം ചെയ്തെടുത്ത് വാര്‍ത്തയുടെ കുപ്പായമിടുവിക്കുന്നത് ഒരു സര്‍ദേശായി മാത്രമല്ലെന്ന് സാരം. അമേരിക്കയിലെ മാഡിസണ്സ്ക്വയറില് പോയി ഇന്ത്യക്കാരുടെ കൈ കൊണ്ട് കരണത്ത് തല്ല് കിട്ടിയിട്ടും പാഠം പഠിച്ചില്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ മലരേ എന്ന് നീട്ടിപ്പാടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: