കൊച്ചി: കേരളത്തില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് 70 ല്‍ അധികം സീറ്റുകള്‍ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണന്. തൃശ്ശൂരില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രസ്ഥാനത്തിന് വേണ്ടി ബലിദാനികളായവരുടെ ജീവത്യാഗം വെറുതെയാവില്ല. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാന്‍ സാധിച്ചെങ്കില്‍ കേരളത്തിലും നടക്കും.
സംസ്ഥാനത്തിന്റെ സംസ്കാരവും ആചാരങ്ങളും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാധാകൃഷ്ണന് കുറ്റപ്പെടുത്തി. ശബരിമലയില്‍ കണ്ടത് അതാണ്. അടിസ്ഥാന സൗകര്യവികസന കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടെത്താന്‍ മണിക്കൂറുകള്‍ ആവശ്യമാണ്. നല്ല റോഡുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനം ഭരിച്ചവര്‍ ശ്രമിച്ചില്ല. വാജ്പേയ് സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെയും കാലത്താണ് കേരളത്തില്‍ റോഡ് വികസനം നടന്നത്.
പാലക്കാട് ഹൈവെയും ആലപ്പുഴ ബൈപ്പാസും ഇതിന്റെ ഉദ്ദാഹരണമാണ്. കേന്ദ്രസര്‍ക്കാരിന്റെ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സര്‍ക്കാരിന് വികസനം കൊണ്ടുവരാന്‍ സാധിക്കുന്നില്ല. ജി.എസ്.ടിക്ക് മുമ്പും പിന്‍പും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച് ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്ക് തയ്യാറാവണം. ജി.എസ്.ടിക്ക് ശേഷം വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും സി.പി രാധാകൃഷ്ണന് പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എം.എല്‍.എ, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭന്, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ കെ.രാമന്‍പിള്ള, കെ.വി ശ്രീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്, എം.ടി രമേശ്, സി.കൃഷ്ണകുമാര്‍, പി.സുധീര്‍,ജില്ലാ അദ്ധ്യക്ഷന്‍ കെ.കെ അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: