ലണ്ടൻ: ദുബായിൽ നിന്ന് ലണ്ടനിലേക്കുള്ള രാജ്യാന്തര വ്യാപാരപാത ബ്രിട്ടൺ അടച്ചു. കൊവിഡിന്റെ അപകടകാരിയായ പുതിയ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതയാണിത്. യുഎഇക്കൊപ്പം ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്.
ബ്രിട്ടൺ, ഐറിഷ് പൗരന്മാർക്കും യുകെ പൗരത്വമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ട്. പക്ഷേ, അവർ സ്വന്തം വീടുകളിൽ 10 ദിവസം സ്വയം ഐസൊലേഷനിൽ കഴിയണം. ഇവർ വരുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പാസഞ്ചർ ലൊക്കേറ്റർ ഫോമും കയ്യിൽ കരുതണം. അല്ലെങ്കിൽ 500 പൗണ്ട് വീതം പിഴ ഒടുക്കണം.’ യുകെ ഗതാഗത മന്ത്രി ഗ്രാൻഡ് ഷാപ്പ്സ് ട്വിറ്ററിൽ കുറിച്ചു.
തങ്ങളുടെ വെബ്സൈറ്റുകളിൽ എമിറേറ്റ്സ്, എത്തിഹാദ് വിമാന അധികൃതർ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ റൂട്ടിലേക്കുള്ള വിമാനം ബുക്ക് ചെയ്തവർക്ക് യാത്ര ചെയ്യാനാവില്ലെന്നും അതാത് വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നും ദുബായ് വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്. ഇനി യുഎഇയിൽ നിന്ന് ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനുള്ളവർ നേരിട്ടല്ലാതെയുള്ള വിമാനങ്ങളിൽ എത്തണമെന്ന് ബ്രിട്ടീഷ് ഗതാഗത വകുപ്പ് അറിയിച്ചു.
നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് യാത്രക്കാരുടെ സന്ദർശക വിസ സൗജന്യമായി തന്നെ നീട്ടി നൽകുമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. യുഎഇയിൽ അടുത്ത കുറച്ച് ദിവസങ്ങളിലായി കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇതേത്തുടർന്ന് രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: