കത്തോലിക്കാ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പുതിയൊരു തുടക്കമാണ്. ഇതാദ്യമായാണ് കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രിയുമായി ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നതെന്നു മാത്രമല്ല, തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മതമേലധ്യക്ഷന്മാര് പറയുകയും ചെയ്തിരിക്കുന്നു. ക്രൈസ്തവസഭകള്‍ക്ക് ഏതാവശ്യത്തിനും തന്റെ ഓഫീസിനെ സമീപിക്കാമെന്നും, ആരോടും പ്രത്യേക പരിഗണനയില്ലാതെ എല്ലാവര്ക്കും അര്‍ഹമായത് ലഭ്യമാക്കാന്‍ ശ്രദ്ധിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു. ഗൗരവകരമായ ചിലത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചതില്‍ നിന്നു തന്നെ ഔപചാരികതയ്ക്കപ്പുറം ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തില്‍ സഭയുടെ ആശങ്കകള്‍, ചട്ടത്തിന് രൂപം നല്കുമ്പോള്, പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചതും എല്ലാവരേയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ സമീപനത്തിന് തെളിവാണ്. സഭയുടെ പ്രശ്നങ്ങളെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി സഭാ നേതൃത്വം തന്നെ വ്യക്തമാക്കുമ്പോള്‍ പരസ്പര വിശ്വാസമാണ് പ്രകടമാകുന്നത്.
കേരളത്തിലെ ജനസംഖ്യയില്‍ 19 ശതമാനവും, ന്യൂനപക്ഷ ജനസംഖ്യയില്‍ 41 ശതമാനവുമുള്ള ക്രൈസ്തവര്‍ പല തരത്തിലുള്ള അരക്ഷിതാവസ്ഥകളും ഇന്ന് അനുഭവിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങള്‍ 80:20 എന്ന അനുപാതത്തില്‍ ആണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങളുടെ 80 ശതമാനവും മുസ്ലിങ്ങള്‍ക്ക് പോകുന്നു എന്നതാണ് അവസ്ഥ. ഇതിനെതിരെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ചെവിക്കൊള്ളാന്‍ സംസ്ഥാന ഭരണ നേതൃത്വം തയ്യാറല്ല. ക്രൈസ്തവ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ ഇരകളായിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധിക്കുന്നതു പോയിട്ട് പ്രതികരിക്കാന്‍ പോലും കഴിയുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്ന എന്ന പെണ്‍കുട്ടി ലൗജിഹാദിന്റെ ഇരയാണെന്നും, അയല്‍ സംസ്ഥാനത്തെ ഒരു മതപഠന കേന്ദ്രത്തിലുണ്ടെന്നുമുള്ള വാര്‍ത്തകള്‍ക്കു മുന്നില്‍ ക്രൈസ്തവ സഭകള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഈ പെണ്‍കുട്ടിയെ സംബന്ധിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനെ രാഷ്ട്രീയ-ഭരണ നേതൃത്വം തടഞ്ഞുവെന്നാണ് കേള്‍ക്കുന്നത്. ന്യൂനപക്ഷ സംരക്ഷകര്‍ ചമയുന്നവര്‍ ലൗജിഹാദിന്റെ കാര്യത്തില്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന തിരിച്ചറിവ് ഇന്ന് ഏറെക്കുറെ എല്ലാ ക്രൈസ്തവ സഭകള്‍ക്കുമുണ്ട്. ഒറ്റപ്പെടുമെന്ന ഭീതിയില്‍ അവര്‍ നിശ്ശബ്ദത പാലിക്കുകയാണെന്നു മാത്രം. ലൗജിഹാദിനെതിരെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയതിനെ കേരളത്തിലെ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും മനസ്സുകൊണ്ട് അംഗീകരിക്കുകയാണ്. ഹലാല്‍ ഭക്ഷണം അടിച്ചേല്‍പ്പിക്കുന്ന രീതി ക്രൈസ്തവ മത വിശ്വാസികള്‍ വളരെയധികം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നയിക്കുന്ന മുന്നണികള്‍ മുസ്ലിം വോട്ടു ബാങ്കിന് കീഴടങ്ങുമ്പോള്‍ ഇന്നലെവരെ അനുഭവിച്ചിരുന്ന അവകാശാധികാരങ്ങളും സംരക്ഷണവും ക്രൈസ്തവര്‍ക്ക് ഇല്ലാതാവുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് കളം നിറഞ്ഞുനില്ക്കുന്ന മുസ്ലിംലീഗ്, രാഷ്ട്രീയ ജിഹാദിന്റെ വക്താവു തന്നെയാണെന്ന് ക്രൈസ്തവസഭകള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കുകയാണ്. തുര്‍ക്കിയിലെ ഹഗിയ സോഫിയ പള്ളി പുത്തന്‍ ഖിലാഫത്തിന് ശ്രമിക്കുന്ന അവിടുത്തെ ഭരണാധികാരി മസ്ജിദാക്കി മാറ്റിയതിനെ പിന്തുണച്ച് മുസ്ലിംലീഗ് നേതൃത്വം രംഗത്തുവന്നത് ക്രൈസ്തവ സഭകളുടെ ‘മതേതര വ്യാമോഹം’ തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ ലേബലില്‍ യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ സഹായിക്കുന്നത് മുസ്ലിംലീഗിന്റെ ഇസ്ലാമിക വാഴ്ചയ്ക്ക് നിന്നുകൊടുക്കലായിരിക്കും. ഈ അപകടം ഒഴിവാക്കാന്‍ സിപിഎമ്മിനും
ഇടതുമുന്നണിക്കും വോട്ടു നല്‍കുന്നത് ഇതേ ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കുമെന്നും ക്രൈസ്തവ വിഭാഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുന്നു. ഇവിടെയാണ്, രാജ്യവും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന, ബിജെപിയോട് കത്തോലിക്കാ സഭയ്ക്ക് അയിത്തമില്ലെന്ന് അതിന്റെ നേതൃത്വം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം വ്യക്തമാക്കിയിരിക്കുന്നതിന്റെ പ്രാധാന്യം. ക്രൈസ്തവര്‍ ഏറെയുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ ബിജെപി
യുടെ ഭരണത്തിന് കീഴില്‍ യാതൊരു വിവേചനവും അനുഭവിക്കാതെയാണ് അവര്‍ കഴിയുന്നത്. കേരളത്തിലെ ബിജെപിയെയും അവര്‍ക്ക് നൂറുശതമാനവും വിശ്വസിക്കാം. അങ്ങനെ ക്രൈസ്തവര്‍ തീരുമാനിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റത്തിലൂടെ നന്മകള് പുലരുന്ന നവ കേരളം ഉയര്‍ന്നുവരിക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: