ന്യൂദല്‍ഹി: ബിജെപിയോട് കത്തോലിക്കാ സഭയ്ക്ക് അയിത്തമില്ലെന്ന് കത്തോലിക്കാ സഭാ നേതൃത്വം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഒരു മതത്തിന് മാത്രമായി ലഭിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കത്തോലിക്കാ സഭാ നേതൃത്വം ഉന്നയിച്ചു. ഗൗരവകരമായ ചിലത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ക്രൈസ്തവ യുവതികളെ ലൗ ജിഹാദില്‍പ്പെടുത്തി മതം മാറ്റുന്നതുള്‍പ്പെടെയുള്ള സഭയുടെ ആശങ്കകള്‍ നേരത്തേ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ കത്തോലിക്കാ സഭാ നേതൃത്വം ഉന്നയിച്ചിരുന്നതായാണ് വിവരം.
ഇതാദ്യമായി കത്തോലിക്കാ സഭകളിലെ കര്‍ദിനാള്‍മാര്‍ ഒരുമിച്ച് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയവും സാമൂഹ്യവുമായി ഏറെ ശ്രദ്ധ നേടി. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി അധ്യക്ഷനും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമിസ് എന്നിവരാണ് ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്ത മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ക്വാറന്റൈനിലായതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെങ്കിലും മിസോറാം ഭവനിലാണ് ചര്‍ച്ചയ്ക്കായി സഭാ നേതൃത്വം കേന്ദ്രീകരിച്ചത്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരോടും പ്രത്യേകമായ പരിഗണനയില്ലാതെ എല്ലാവര്ക്കും അര്‍ഹമായത് ലഭിക്കാന്‍ ശ്രദ്ധിക്കുമെന്നും മോദി സഭാ നേതൃത്വത്തെ അറിയിച്ചു. ക്രൈസ്തവ സഭകള്‍ക്ക് ഏതാവശ്യത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാമെന്നും മോദി ഉറപ്പു നല്കി. നയം മാത്രമേ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും ചട്ടവും മറ്റും രൂപീകരിക്കുമ്പോള്‍ സഭയുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചു.
ഏറെ സൗഹാര്‍ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും സഭയുടെ പ്രശ്നങ്ങളെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും സഭാ നേതൃത്വം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഒരു മുന്നണിയുമായും സഭയ്ക്ക് തൊട്ടു കൂടായ്മയില്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് ശത്രുതയുണ്ടെന്നത് തെറ്റിദ്ധാരണയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയിലെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കര്‍ദിനാള്‍മാരും പ്രതികരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ പ്രധാനമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും സഭാ നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: