ന്യൂദല്‍ഹി:കോണ്‍ഗ്രസ് നേതാക്കളും മറ്റു വിമര്‍ശകരും തനിക്ക് നേരെ കല്ലെറിയുകയാണെന്നും അത് രാജ്യത്തെ സ്റ്റാര്‍ട്ടപുകളെ മേല്‍ കല്ലെറിയുന്നതിന് തുല്ല്യമാണെന്നും കോവാക്സിന് എന്ന കോവിഡ് വാക്സിന് ഉല്പാദിപ്പിച്ച ഭാരത് ബയോടെക് കംപനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് നവീനത തേടുന്ന സംരംഭകരെ തകര്‍ക്കരുതെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരേയൊരു കോവിഡ് വാക്സിനാണ് കോവാക്സിന്. അത് ലോകത്തില്‍വെച്ചേറ്റവും സുരക്ഷിതമാണെന്നും ടൈംസ് നൗ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഡോ.കൃഷ്ണ എല്ല വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുദിവസമായി കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് ബയോടെകിനെയും അവര്‍ വികസിപ്പിച്ച കോവാക്സിനെയും വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് ഡോ.കൃഷ്ണ പ്രത്യേകമായി മാധ്യമത്തിനോട് സംസാരിക്കാന്‍ തയ്യാറായത്.
തനിക്ക് യാതൊരു വിധ രാഷ്ട്രീയ ചായ് വും ഇല്ലെന്നും തനിക്ക് കൈവശമുള്ള ഒരേയൊരു ആദര്‍ശം ശാസ്ത്രമാണെന്നും ഡോ. കൃഷ്ണ പറഞ്ഞു. ആരോഗ്യമേഖല അങ്ങേയറ്റം സെന്‍സിറ്റീവായ മേഖലയാണെന്നും ഇനിയും ഉപദ്രവിക്കപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡോ.കൃഷ്ണ വ്യക്തമാക്കി. .
കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം കോവാക്സിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്നാംഘട്ടപരീക്ഷണം തീരാത്ത കോവാക്സിന് ഉപയോഗിക്കരുതെന്നും ഇന്ത്യക്കാരെ ഗിനിപ്പന്നികളാക്കരുതെന്നുമായിരുന്നു മനീഷ് തിവാരിയുടെ വിമര്‍ശനം.
ഭാരത് ബയോടെക് നടത്തുന്ന പരീക്ഷണം അന്താരാഷ്ട്രസംഘടനകള്‍ അനുദിനം നിരീക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ 25 വര്‍ഷമായി വാക്സിന് പരീക്ഷണത്തിന്റെ ചരിത്രമുള്ള കംപനിയാണ് ഭാരത് ബയോടെകെന്നും ഡോ.കൃഷ്ണ പറഞ്ഞു. 70ഓളം ക്ലിനിക്കല്‍ ട്രയലുകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കൃഷ്ണ സൂചിപ്പിച്ചു. ഭോപാലില്‍ ഒരാള്‍ വാക്സിന് പരീക്ഷണത്തിനിടെ മരിച്ച സംഭവം വാക്സിനുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണെന്ന് ഭാരത് ബയോടെകിന്റെ സഹസ്ഥാപക സുചിത്ര എല്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: