അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് കളഭ മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കം. കോവിഡ് ആശങ്ക കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയാണ് ഈ വര്‍ഷം കളഭ മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി, പുതുമന മധുസൂദനന് നമ്പൂതിരി എന്നിവര്ദീപ പ്രകാശന കര്‍മം നടത്തി.
ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി ഒതുക്കിയാണ് ഈ വര്‍ഷം കളഭ മഹോത്സവം നടത്തുന്നത്. സ്റ്റേജ് പരിപാടികള്‍ ഒഴിവാക്കി നാടക ശാലയില്‍ പരമാവധി 100 പേരെ പങ്കെടുപ്പിച്ച് മാത്രമാണ് പരിപാടികള്‍ നടക്കുക. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കുറി എല്ലാ വര്‍ഷവും നടക്കുന്ന പ്രസാദ വിതരണം ഒഴിവാക്കിയതായി സെക്രട്ടറി ആര്.വേണുക്കുട്ടന്‍ പറഞ്ഞു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ കളഭ മഹോത്സവം നടത്തുവെന്നും സെക്രട്ടറി പറഞ്ഞു. കളഭ ദിവസം 20 പേര്‍ക്ക് വീതം മാത്രമേ ദര്‍ശനത്തിന് അനുമതി നല്‍കൂ എന്ന് അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ മനോജ് പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തും.ഇതിനായി ആരോഗ്യ വകുപ്പ് ,പോലീസ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
കോവിഡ് കണക്കിലെടുത്ത് കളഭ വിതരണം ഉണ്ടായിരിക്കില്ല. ശങ്കരനാരായണ സംഗീതോത്സവം അവസാന കളഭദിവസം മാത്രം നടത്തും. അന്നു വൈകിട്ട് സാംസ്കാരിക സമ്മേളനം മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗവും ഇതില്‍ പങ്കെടുക്കും. അമ്പലപ്പുഴ വിജയ കൃഷ്ണന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മുല്ലക്കല്‍ ബാലകൃഷ്ണനെക്കൂടി ക്ഷേത്രത്തില്‍ എത്തിക്കുമെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞു. നിയന്ത്രണങ്ങളോടെ നടത്തുന്ന കളഭ മഹോത്സവത്തിന് ഭക്തര്‍ സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: