ന്യൂദല്‍ഹി: 2021ല്‍ ഇന്ത്യയുടെ സമ്പദ്ഘടന വി-ആകൃതിയിലുള്ള വളര്‍ച്ചയിലേക്ക് നീങ്ങുന്ന ലക്ഷണം കാണിക്കുന്നുവെന്ന് വ്യവസായ ചേംബറുകളുടെ സംഘടനയായ അസോചം.
ഉപഭോക്താക്കളുടെ ആത്മവിശ്വാസം തിരിച്ചുവരികയും ധനകാര്യ വിപണി സജീവിമാകുകയും ഉല്പാദനത്തിലും കയറ്റുമതിയിലും കുതിപ്പുണ്ടാവുകയും ചെയ്തതായി അസോചം റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19 വാക്സിന് വിതരണപദ്ധതി നടപ്പിലാവുന്നതോടെ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുമെന്നും അസോചെം പ്രതീക്ഷിക്കുന്നു. ‘2020ന്റെ അവസാന രണ്ട് മാസങ്ങളില്‍ തന്നെ വിത്തുകള്‍ പച്ചമുളകളായി പൊട്ടിവിരിയാന്‍ തുടങ്ങിയിരുന്നു. ഡേറ്റ വിരല്‍ ചൂണ്ടുന്നത് 2021ല്‍ ഒരു വി-ആകൃതിയിലുള്ള വളര്‍ച്ചയിലേക്കാണ്,’ അസോചെം സെക്രട്ടറി ജനറല്‍ ദീപക് സൂദ് പറഞ്ഞു.
കോവിഡ് 19ന്റെ ആഘാതം മൂലം ഇന്ത്യയുടെ മൊത്തവരുമാനം 7.7 ശതമാനം ചുരുങ്ങുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ‘രണ്ട് വാക്സിനുകളുടെ അംഗീകാരത്തോടെ ഇന്ത്യ വാക്സിന് വിതരണപരിപാടി തുടങ്ങാനിരിക്കുകയാണ്. ഇതില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങളുടെ പ്രയോജനം വലുതായിരിക്കും. പ്രത്യേകിച്ചും കോവിഡ് മൂലം തകര്‍ന്ന ഗതാഗതം, വിനോദം, ടൂറിസം, ഹോട്ടല്‍ എന്നീ മേഖലകള്‍ക്ക്,’ സൂദ് പറയുന്നു.
ഡിസംബര്‍ മാസത്തിലെ ജിഎസ്ടിയിലുണ്ടായ 1.15 ലക്ഷം കോടിയുടെ റെക്കോഡ് വളര്‍ച്ചയാണ് ഇതിന്റെ സുപ്രധാനമായ നാഴികക്കല്ല്. ‘സ്ംസ്ഥാനതലങ്ങളിലുള്ള കണക്ക് ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിലെ കരുത്താണ് കാണിക്കുന്നത്. കോവിഡ് മൂലം ഏറ്റവുമധികം തിരിച്ചടിയേറ്റ ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമായ മഹാരാഷ്ട്രയില്‍ ജിഎസ്ടി വരുമാനത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഒരു വര്‍ഷത്തെ ആകെ ജിഎസ്ടി വരുമാനം വെറും 12 ശതമാനം മാത്രമുള്ളപ്പോഴാണിത്,’ സൂദ് ചൂണ്ടിക്കാട്ടുന്നു.
2021-22 ബജറ്റ് വലിയൊരു കുത്ിപ്പാണുണ്ടാക്കുക. ‘ആരോഗ്യസേവനം, കൃഷി, ഉപഭോക്തൃഡിമാന്റ് വര്‍ധിപ്പിക്കല്‍ ഇതെല്ലാം നിര്‍മ്മല സീതാരാമന്റെ ബജറ്റിലെ അവിഭാജ്യഘടകങ്ങളായിരിക്കും,’ സൂദ് പറയുന്നു. അടുത്ത ബജറ്റില്‍ നിന്നും ആരോഗ്യസേവന മേഖലയിലെ എല്ലാ പങ്കാളികള്‍ക്കും- പ്രാഥമികാരോഗ്യകേന്ദ്രം, ലാബുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, ഗതാഗതം- കുതിപ്പിനുള്ള ഉത്തേജകം ലഭിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: