കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനത്തിന് രാഷ്ട്രീയ സമയം നോക്കിവച്ച മുഖ്യമന്ത്രി പിണറായി വിജയന്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയവും കാലവും നോക്കുന്നില്ല. കൊറോണ പ്രതിസന്ധിക്കാലത്ത് ആരോഗ്യമന്ത്രിയില്‍നിന്ന് തട്ടിയെടുത്ത മൈക്ക് നിയമസഭാ തെരഞ്ഞെടുപ്പു കഴിയും വരെ താഴെ വയ്ക്കാതെ പ്രചാരണ വേദിയാക്കുകയാണ്.
കൊറോണ ഭീതിയിലായവര്‍ക്ക് ആരോഗ്യ അറിയിപ്പും ആത്മവിശ്വാസവും നല്കാന് തുടങ്ങിവെച്ചതാണ് ഔദ്യോഗിക പത്രസമ്മേളനം. ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞ മന്ത്രി കെ.കെ. ശൈലജയ്ക്ക് ആ വേദിയില്‍ കിട്ടിയ സ്വീകാര്യത തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി മൈക്ക് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ആറു മണി പത്രസമ്മേളനത്തിലൂടെ സര്‍ക്കാര്‍ നേട്ടങ്ങളും രാഷ്ട്രീയ വിശദീകരണങ്ങളും നല്കി. ആ സംവിധാനം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏത് അവസരവും വേദിയാക്കുകയുമാണ്. പ്രതിപക്ഷമാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള തുടക്കത്തിലാണ്.
ഇന്നലെ ഉദ്ഘാടനം ചെയ്ത വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വൈകിപ്പിക്കല്‍ തന്ത്രം പ്രയോഗിച്ചുവെന്നത് വാസ്തവമാണ്. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമാക്കി, ലോക്ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ നടപ്പാക്കി, ജനകീയോത്സവമാക്കി മാറ്റാനാണ് വച്ചു താമസിപ്പിച്ചത്. പക്ഷേ, ജനകീയ ഉദ്ഘാടനക്കാര് പദ്ധതി അട്ടിമറിച്ചു. ആ വിരോധവും പകയും തീര്‍ക്കാനും തെരഞ്ഞെടുപ്പു പ്രചാരണം നടത്താനും ഇന്നലെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു.
ജസ്റ്റീസ് (റിട്ട.) കെമാല്‍ പാഷയെയും പ്രാദേശിക സംഘടനയായ വി ഫോറിനേയും പേരുപറയാതെയാണെങ്കിലും മുഖ്യമന്ത്രി പരാമര്‍ശിച്ചു, വിമര്‍ശിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക് കടുത്ത താക്കീതും നല്കി, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൃത്യമായ സന്ദേശവും.
”പലവിധ പ്രത്യേകതയുള്ള ഒരു മേല്‍പ്പാലം സമയബന്ധിതമായും സുരക്ഷ ഉറപ്പാക്കിയും നാടിന് സമര്‍പ്പിക്കുമ്പോള്‍, അത് ചെയ്യുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാകുന്നതില്‍ അസ്വസ്ഥതപ്പെടുന്ന ചിലരുണ്ടാകാം… മുടങ്ങിക്കിടന്ന ഒരു പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തിയായപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത്. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെയുള്ള പ്രശസ്തി നേടുകയെന്നതാണ് തന്ത്രം. കേവലം ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണ് ഇവര്‍… നീതിപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാനൊരുങ്ങിയാല്‍ സഹതപിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകട്ടെ..” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: