കൊട്ടാരക്കര: എംസി റോഡില്‍ വാളകം പനവേലി ഭാഗത്ത് യാത്രക്കാരെ കാത്തിരിക്കുന്നത് അപകടമരണങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. റോഡിലെ അമിത വേഗതയും, ഉറക്കമില്ലാത്ത ദീര്‍ഘ യാത്രകള്‍ക്കൊപ്പം ഈ ഭാഗത്തെ കൊടും വളവുകളും കൂടി എത്തുമ്പോള്‍ അപകട മരണങ്ങള് നിത്യ സംഭവം ആകുന്നു. പുതു വര്‍ഷത്തില്‍ ഇതുവരെ ഈ ഭാഗത്ത് നാല് അപകട മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞാഴ്ച വാളകത്ത് എംഎല്‍എ ജങ്ഷനില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഉള്‍പ്പടെ രണ്ടു പേര് മരണമടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ നിന്നും അല്‍പ്പം മാറിയാണ് കെഎസ്ആര്‍ടിസി ബസ്സിലേക്ക് കാര്‍ പാഞ്ഞു കയറി പന്തളം സ്വദേശികളായ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചത്. കാറില്‍ യാത്രചെയ്ത ഇവരുടെ മരുമകളും ബസില്‍ യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്കും പരിക്ക് പറ്റുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ഈ ഭാഗത്ത് സംഭവിച്ച അവസാനത്തെ അപകടം. കോവിഡ് കാലത്ത് കടയ്ക്കലില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് പോയ 108 ആംബുലന്‍സ് ഇവിടെ മറിഞ്ഞ് കാേവിഡ് രോഗികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. പ്രതിശ്രുത വധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങും വഴി അമ്പത്തുകാല സ്വദേശി ശ്യാം അപകടത്തില്‍ പെട്ട് മരണപ്പെട്ടതും ഈ ഭാഗത്ത് ആണ്.
റോഡുകളില്‍ ജീവനുകള്‍ പൊലിയുമ്പോഴും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും അധികൃതര്‍ കൈകൊള്ളുന്നില്ലെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും പരാതി. ഇവിടെ നടക്കുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും വലിയ അപകടങ്ങള്‍ ആയതുകൊണ്ട് തന്നെ രക്ഷപ്രവര്‍ത്തനത്തില്‍ എത്തുന്ന ആളുകള്‍ക്ക് കാണേണ്ടിവരുന്നത് ചിന്നി ചിതറിയ ശരീരങ്ങളാണ്. റോഡ് സൈഡ് വിട്ട് വേറെ എവിടെയെങ്കിലും പോയി താമസിക്കണമെന്നാണ് സ്ഥലവാസിയായ ചിലര്‍ കഴിഞ്ഞ ദിവസം നടന്ന അപകടത്തെ തുടര്‍ന്ന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: