മുത്തങ്ങ: മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ചിലെ കുമിഴി ഗ്രാമത്തില്‍ താമസിക്കന്നവരെ കാടിന്നു വെളിയില്‍ പുനരധിവസിപ്പിക്കണമെന്ന് കുമിഴി അള്‍ട്ടര്‍നേറ്റീവ് സ്കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. ഇവരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ നടന്നു വരുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
വനം വകുപ്പിന് വേണ്ടി 2009ല്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വ്വെ പ്രകാരമുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് അനുസരിച്ച് 14 ഗ്രാമങ്ങളിലെ 800 കുടുംബങ്ങളുടെ പുനരധിവാസം പൂര്‍ത്തീകരണത്തിന്റെ അന്ത്യഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിലെ ആദ്യ പരിഗണന കുമിഴിക്കാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി പദ്ധതി മന്ദഗതിയിലാണ് നടക്കുന്നത്. ഇതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. മുത്തങ്ങ റെയിഞ്ചില്‍ നൂല്‍പ്പുഴയുടെ തീരത്ത് ബന്ധിപ്പൂര്‍ മുതുമലൈ ടൈഗര്‍ റിസര്വ്വ്കളോട് ചേര്‍ന്നാണ് കുമിഴി ഗ്രാമം.
നാലു ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ പ്രാധമിക സൗകര്യങ്ങള്‍ ഒന്നുമില്ല. സ്കൂള്‍, ആശുപത്രി, പലചരക്കു കടകള്‍ എന്നിവയൊന്നും തന്നെയില്ല. പകല്‍ പോലും വന്യജീവികള്‍ ഗ്രാമത്തില്‍ മേഞ്ഞു നടക്കുന്നു. വേനല്‍ക്കാലത്ത് ബന്ധിപ്പൂര്‍ മുതുമലക്കാടുകള് വരണ്ടുണങ്ങുമ്പോള്‍ ആനക്കൂട്ടങ്ങളും മറ്റു വന്യ ജീവികളും ഭക്ഷണവും വെള്ളവും തേടി നൂല്‍പ്പുഴയില്‍ എത്തി തമ്പടിക്കുക പതിവാണ്. ഇവ കൂട്ടത്തോടെ കുമിഴിയിലെ ജനവാസ പ്രദേശങ്ങളില്‍ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കും.
നൂറ്റി ഇരുപതോളം കുടുംബങ്ങളില്‍ മഹാഭൂരിഭാഗവും കൂലിവേലക്കാരായ ആദിവാസികളാണ്. നാമമാത്ര കര്‍ഷകര്‍ വന്യജീവി പ്രശ്നം മൂലം കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. കൂലിവേലക്ക് പോകാനും സാധിക്കുന്നില്ല. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനോ ആസ്പത്രിയില്‍ പോകാനോ നിതേ്യാപയോഗ സാധനങ്ങള്‍ക്കായി പുറത്തു പോകാനോ കഴിയുന്നില്ല. സമീപകാലത്ത് പലരെയും ആനകള്‍ ആക്രമിച്ചിട്ടുണ്ട്. ഇവിടുത്തെ ജീവിതം നരക സമാനമായി മാറിക്കഴിഞ്ഞതിനാല്‍ ഉടനടി സ്വയം സന്നദ്ധ പുനരധിവാസം നടത്തണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്കും വനംവകുപ്പിനും നിവേദനകള്‍ കൊടുക്കാന്‍ യോഗം തീരുമാനിച്ചു.
നിലവില്‍ നല്‍കിവരുന്ന 10 ലക്ഷം രൂപ പ്രതിഫലം കേന്ദ്രം 16 വര്‍ഷം മുന്‍പ് നിശ്ചയിച്ചതാണ്. ഭൂവിലയും വീടുനിര്‍മ്മാണ ചെലവ് അതിന്നുശേഷം 5 ഇരട്ടി വര്‍ദ്ധിച്ചതിനാല്‍ പ്രതിഫലത്തുക മൂന്നിരട്ടിയെങ്കിലുമാക്കി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാവി പരിപാടികള്‍ക്കായി സി. ബൈജു പ്രസിഡന്റും കെ. എസ്. അനൂപ് സെക്രട്ടറിയുമായി സ്വയം സന്നദ്ധ പുനരധിവാസ കമ്മിറ്റി രൂപീകരിച്ചു. യോഗം വയനാട് പ്രകൃതി സംരക്ഷസമിതി പ്രസിഡന്റ് എന്‍.ബാദുഷ ഉദ്ഘാടനം ചെയ്തു. റോണിപൗലോസ് ,അരുള്‍ ബാദുഷ ,കെ. വിശ്വനാഥന് കെ.എസ്. വിഷ്ണു. കെ. അനൂപ്, കെ. ബി. ബീന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: