ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ വേദങ്ങള്‍ നാല്. ഋഗ്വേദത്തിന് 21 ശാഖകളും യജുര്‍വേദത്തിന് 109 ശാഖകളും സാമവേദത്തിന് 1000 ശാഖകളും അഥര്‍വവേദത്തിന് 50 ശാഖകളും കല്പ്പിച്ചു നല്കുന്നു. ഓരോ ശാഖയ്ക്കും ഓരോ ഉപനിഷത്ത് വീതമുണ്ടെന്ന് മുക്തികോപനിഷത്തില്‍ രേഖപ്പെടുത്തി കാണുന്നു.അങ്ങനെ കണക്കു കൂട്ടുമ്പോള്‍ ഏതാണ്ട് 1180 ഉപനിഷത്തുകള്‍ നമുക്കുണ്ട്. അവയില്‍ 108 എണ്ണം ശ്രേഷ്ഠമായവയെന്ന് ശ്രീരാമന് ഹനുമാനോട് സൂചിപ്പിക്കുന്നുമുണ്ട്.
108 എണ്ണത്തില്‍ പത്തെണ്ണത്തിന് സര്‍വാംഗീണ സൗന്ദര്യം. അവ ഇങ്ങനെ:
ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തരീയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗേ്യാപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്.
ലണ്ടനിലെ ഒരു ലൈബ്രറിയിലെത്തിയ യുവാവായ മോഹന്‍ദാസ്കരംചന്ദ് ഗാന്ധി ലൈബ്രേറിയനോട് ചോദിച്ചു. ‘ഇവിടെ ഏറ്റവും കൂടുതലാളുകള്‍ വായിക്കാനെടുക്കുന്ന പുസ്തകമേതാണ്?’ ലൈബ്രേറിയന്റെ മറുപടി ഇങ്ങനെ: ‘ഞങ്ങള്‍ ഭാരതത്തോട് കടപ്പെട്ടിരിക്കുന്നു. ആ ശ്രേഷ്ഠ ഗ്രന്ഥം ഭഗവദ്ഗീത.’
ഗാന്ധിജി ഭഗവദ്ഗീതാ പാരായണം തുടങ്ങി. ഭഗവദ്ഗീത രാഷ്ട്രപിതാവിന് അനാസക്തി യോഗമായി. ഗാന്ധിജിയുടെ ജീവിത ദര്‍ശനത്തെ സ്വാധീനിച്ചത് ഈശാവാസ്യോപനിഷത്തും. ഭഗവദ്ഗീത ഇൗശാവാസ്യോപനിഷത്തിന്റെ സന്തതിയാണ് മഹാത്മാവിന്. അദ്ദേഹം എഴുതി: ‘ആരാധ്യങ്ങളായ ആത്മീയ സത്യങ്ങളെ ഈശം അനാവരണം ചെയ്യുന്നു. സത്യാന്വേഷണത്തിനുള്ള തീവ്രാഭിലാഷം എന്നില്‍ കലശലായി. ഈശ്വരന്റെ സമഗ്രസാന്നിധ്യം ഈ ഉപനിഷത്തില്‍ ഞാനനുഭവിക്കുന്നു.’
നിര്‍വചനമനുസരിച്ച് ഉപനിഷത്ത് വേദസംഹിതയുടെ അന്ത്യഭാഗമായ ആരണ്യകത്തിന്റെ അവസാനഖണ്ഡമായിരിക്കണം. ഈശാവാസ്യോപനിഷത്ത് അങ്ങനെയല്ല. സംഹിതയുടെ തന്നെ നേരിട്ടുള്ള അവസാന ഭാഗമാണ.് യജുര്‍വേദം അഥവാ യദുസംഹിത ആഗമികമായി രണ്ടായി തിരിയുന്നു. ഒന്ന് കൃഷ്ണയജുര്വേദം (കറുത്തത്), രണ്ട് ശുക്ലയജുര്വേദം (വെളുത്തത്). യാജ്ഞവല്ക്യന്റെ പേരിനോട് ശുക്ലയജുര്വേദം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വാജസനേയീ ശാഖയെന്നും ഇത് അറിയപ്പെടുന്നു.
ശുക്ലയജുര്‍വേദത്തിന് മൊത്തം നാല്പത് അധ്യായങ്ങളാണുള്ളത്. ആദ്യത്തെ മുപ്പത്തൊമ്പത് അധ്യായങ്ങളും യജ്ഞവിവരണമാണ്. ഇതിനെ കര്മകാണ്ഡമെന്നു പറയാം. അവസാനത്തേതായ നാല്പതാം അധ്യായമാണ് ബ്രഹ്മവിദ്യ വിവരിക്കുന്ന ജ്ഞാനകാണ്ഡം. പതിനെട്ടു മന്ത്രങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ മന്ത്രാവലിയാണ് ഈശാവാസ്യോപനിഷത്ത്.
ആകാരം കൊണ്ട് ലഘുവെങ്കിലും ആശയം കൊണ്ട് ഗുരുവാണ് ഈശാവാസ്യോപനിഷത്ത്. പദ്യോപനിഷത്തുകളില്‍ വച്ച് വളരെ വളരെ ചെറുതും ഒന്നാമത്തെ മന്ത്രത്തിലെ ഒന്നാമത്തെ പദം തന്നെ ഉപനിഷത്തിന്റെ പേര്. ഈശാവാസ്യം. ഒന്നാമത്തെ പദം മാത്രം ചേര്‍ത്തു വിളിച്ചാല്‍ ഈശോപനിഷത്ത്. ആദ്യത്തെ രണ്ടു പദങ്ങള്‍ ചേര്‍ത്തു പറഞ്ഞാല്‍ ഈശാവാസ്യോപനിഷത്ത്. ഈ ഉപനിഷത്തിനെ മന്ത്രോപനിഷത്ത് എന്ന് വിഷ്ണുപുരാണം വിശേഷിപ്പിക്കുന്നു.
ശ്രീശങ്കരന് തൊട്ട് അരവിന്ദഘോഷു വരെ ഈശാവാസ്യത്തിനു മുമ്പില്‍ വിനീത ഹൃദയരായി നിന്നിരിക്കുന്നു. ഈശോപനിഷത്തിലെ ഒരു പേജ് വായിച്ചതോടെ ജീവിതമാകവേ മാറിപ്പോയെന്ന് ബ്രഹ്മസമാജ സ്ഥാപകനായ രാജാറാം മോഹന്‍ റോയ് പ്രസ്താവിച്ചിട്ടുണ്ട്. പാശ്ചാത്യ ചിന്തകന്മാരേയും ഈ ഉപനിഷത്ത് വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ഈശോപനിഷത്തിലെ പ്രഥമമന്ത്രം ഹിന്ദുക്കളുടെ മനസ്സില്‍ ഉള്ളിടത്തോളം കാലം ഹിന്ദു മതം നിലനില്ക്കും. മഹാത്മാഗാന്ധിയുടേതാണ് ഈ വാക്കുകള്‍.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: