കൊച്ചി: എന്തു സംഭവിച്ചാലും സമുദായ സംഘടനാ ആസ്ഥാനത്തേയും നേതാക്കളുടെയും ‘തിണ്ണ നിരങ്ങാനില്ലെന്ന്’ ഊറ്റം പറഞ്ഞ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, സമുദായ സംഘടനകളെ കബളിപ്പിക്കാന്‍ ‘ആട്ടിന്‍തോല്‍’ അണിയുന്നു. ‘കള്ളക്കുറുക്കന്റെ’ കൗശലം തിരിച്ചറിയാന്‍ സംഘടനാ നേതാക്കള്‍ക്കാകുമെന്ന വിശ്വാസത്തിലാണ് അനുയായികള്‍.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയിട്ടും വന്‍ വിജയം നേടിയെന്ന് കള്ള പ്രചാരണം നടത്തിയ സിപിഎം ഇപ്പോള്‍ യാഥാര്‍ഥ്യം സമ്മതിക്കുകയാണ്. ബിജെപിയോട് എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകളിലെ അണികള്‍ അടുത്തുവെന്നാണ് തിരിച്ചറിവ്. ഇനി ഈ അടുപ്പം ഇല്ലാതാക്കാനുള്ള ആസൂത്രണങ്ങളലേക്ക് തിരിയുകയാണ്.
ഒരേസമയം അടുത്തവരെ അകറ്റാന്‍ അടവുകള്‍ പയറ്റുകയും ഈ സംഘടനകളെ അടുപ്പിക്കുകയും ചെയ്യാനാണ് പദ്ധതി. ഇന്നലെ വരെ, ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കിയ വിമോചന സമരത്തിനെയും നേതൃത്വം കൊടുത്തവരേയും പുലഭ്യം പറഞ്ഞിരുന്ന സിപിഎം അടവുനയവുമായി ഇറങ്ങിക്കഴിഞ്ഞു. 1959 ല്‍ വിമോചന സമരത്തിന്റെ സര്‍വ സൈന്യാധിപനായി തിരഞ്ഞെടുക്കപ്പെട്ട മന്നത്ത് പത്മനാഭന്‍ ചതുര്‍ഥിയായിരുന്നു സിപിഎമ്മിന്. സിപിഎം നേതാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് മന്നത്തിനെയും എസ്എന്‍ഡിപി നേതാവ് ആര്‍. ആശങ്കറിനേയും നിലവിട്ടും നിയന്ത്രണംവിട്ടും വിമര്‍ശിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും യോജിക്കാന്‍ പറ്റാത്തവരെന്ന് മുദ്രയും കുത്തിയിട്ടുണ്ട്. ഇന്നലെവരെയും എന്‍എസ്എസ്സിനോടും എസ്എന്‍ഡിപിയോടും അതേ നിലപാടായിരുന്നുതാനും. പക്ഷേ, അതെല്ലാം മറന്ന്, മന്നത്തിന് സംഭവിച്ചത് തെറ്റിദ്ധാരണകളാണെന്ന തിരുത്തുമായാണ് സിപിഎം വരുന്നത്.
ഏതുവിധേനയും രണ്ടാംവട്ടം തെരഞ്ഞെടുപ്പു വിജയം നേടാനുള്ള അറ്റകൈ പ്രയോഗത്തിലാണ് സിപിഎം. ‘മന്നം പൂട്ടിയ സ്‌കൂളുകള്‍ പൂട്ടാന്‍ എമ്മെന് മീശ മുളച്ചിട്ടില്ല’ എന്ന വിമോചനകാലത്തെ എന്‍എസ്എസ് വിമോചന മുന്നണി മുദ്രാവാക്യം പിളരുന്നതിനു മുമ്പുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍ക്കെതിരേയായിരുന്നു.
അന്ന് ശബരിമല തീവയ്‌പ്പ് അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകാര്‍ ഇന്ന് സമുദായങ്ങളേയും മതങ്ങളേയും തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങളും അണിയറയില്‍ ഒരുക്കുകയാണ്. പക്ഷേ, വിശ്വാസികളിലും അണികളിലും ഉണ്ടായിരിക്കുന്ന മാറ്റം തിരിച്ചറിഞ്ഞേ മുന്നോട്ടുനീങ്ങൂ എന്നാണ് സംഘടനാ നേതൃത്വങ്ങളുടെ നിലപാട്. അതില്‍ ഏറെ ആശ്വാസത്തിലാണ് അണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: