ശ്രീനഗര്‍:നാല് ദശകത്തോളം ജീവിച്ചതിന്റെ പേരില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഭൂമിയും സ്വന്തമാക്കിയ ഇതരസംസ്ഥാനത്തുനിന്നുള്ള 70 കാരനായ ആഭരണവ്യാപാരിയെ പാക് പിന്തുണയുള്ള തീവ്രവാദികള്‍ വെടിവെച്ച് കൊന്നു.
ശ്രീനഗറില്‍ ആസ്ഥാനമാക്കി ജീവിക്കുന്ന പഞ്ചാബില്‍ നിന്നുള്ള ആഭരണ വ്യാപാരി സത്പാല്‍ നിശ്ചലിനെയാണ് പാക് പിന്തുണയുള്ള തീവ്രവാദസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടില്‍(ടിആര്‍എഫ്) പെട്ട തീവ്രവാദികള്‍ തോക്കിനിരയാക്കിയത്.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ തീവ്രവാദികള്‍ ശ്രീനഗറിലെ ആളുകള്‍ തിങ്ങിക്കൂടിയ സാറൈ ബാല പ്രദേശത്ത് വെച്ചാണ് ആക്രമാണം നടത്തിയത്. പുറത്തുനിന്നുള്ളവര്‍ സ്വദേശികളായ കശ്മീരികളെ തഴഞ്ഞ് ജമ്മുകശ്മീരില്‍ ഭൂമി വാങ്ങുന്നത് സ്വീകാര്യമല്ലെന്നും ഇവിടെ ഭൂമി വാങ്ങുന്ന പുറത്തുനിന്നുള്ളവരെ അധിനിവേശക്കാരായി മാത്രമേ കാണാന്‍ കഴിയൂ എന്ന് ഇത്തരം ആക്രമണങ്ങള്‍ ഇനിയും തുടരുമെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തീവ്രവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കശ്മീരില്‍ ആദ്യമായി ഭൂമി സ്വന്തമാക്കിയ അന്യസംസ്ഥാനക്കാരനാണ് പഞ്ചാബിലെ അമൃതസറില്‍ നിന്നുള്ള സത്പാല്‍ നിശ്ചല്‍. പ്രതീകാത്മകം എന്ന രീതിയിലാണ് തീവ്രവാദികള്‍ ആഭരണവ്യാപാരി കൂടിയായ സത്പാല്‍ നിശ്ചലിനെതന്നെ വെടിവെച്ചു കൊന്നത്. നെഞ്ചില്‍ മൂന്ന് തവണയാണ് തീവ്രവാദികള്‍ വെടിവെച്ചത്. നഗരത്തിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ അദ്ദേഹം മരിച്ചിരുന്നു.
രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നിശ്ചലിന് കശ്മീരില്‍ സ്ഥിരംതാമസിക്കാരനായുള്ള സര്‍ട്ടിഫിക്കറ്റും സ്വന്തമായി ഭൂമിയും ലഭിച്ചത്. അതിന് ശേഷമാണ് ശ്രീനഗറിന്റെ ഹൃദയഭാഗത്തുള്ള ഹനുമന്‍ മന്ദിറില്‍ നിശ്ചല്‍ സ്വന്തമായി ആഭരണക്കട തുറന്നത്. ബദ്മല്‍ ബാഗില്‍ ഇന്ത്യന്‍ ആര്‍മി ആസ്ഥാനത്തിനടുത്തുള്ള ഇന്ദിര നഗറില്‍ ഒരു വീടും വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: