കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും നിയമസഭയേയും ജനങ്ങളേയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കെ, കള്ളക്കടത്തു കേസില്‍ മൊഴി നല്കാന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വയം തയാറാകുമോ എന്നതാണ് ചോദ്യം.
സ്പീക്കറുടെ പേര് വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്നും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയും സ്പീക്കര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. അതില്‍, ”സ്വപ്നയുമായി സൗഹൃദമുണ്ട്, അറിയാം, പക്ഷേ, അവരുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല, പശ്ചാത്തലം അറിയാതെ പോയത് ചെറിയ പിശകാണെ”ന്നുമാണ് വിശദീകരിച്ചത്. ഈ ‘സൗഹാര്‍ദം’ എന്തായിരുന്നുവെന്നും ‘ഞെട്ടിക്കുന്ന പശ്ചാത്തലം’ എന്തായിരുന്നു, അത് എന്നാണ് അറിഞ്ഞത്, എന്നതുമാണ് കസ്റ്റംസ് അറിയാന്‍ ശ്രമിക്കുന്നത്.
സ്പീക്കറുടെ മൊഴിയെടുക്കുന്നതിന് ചട്ടങ്ങള്‍ ഒട്ടേറെ പാലിക്കേണ്ടതുണ്ട്. നിയമസഭാ സമ്മേളനം ജനുവരി എട്ടിന് ചേരാന്‍ പോകുകയാണ്. 15 ന് ബജറ്റും അവതരിപ്പിക്കണം. തെരഞ്ഞെടുപ്പിനു പോകുന്ന സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ നിയമസഭാ സമ്മേളനമാണ്. അതു നടന്നില്ലെങ്കില്‍ ഭരണ സ്തംഭനംതന്നെ സംഭവിക്കാം. ഭരണഘടനാ പ്രതിസന്ധിയും വരാം. വിഷയം പ്രതിപക്ഷം ഉയര്‍ത്തിയാല്‍ സ്പീക്കര്‍ക്ക് സഭ നടത്തിക്കൊണ്ടു പോകുക എളുപ്പവുമാകില്ല.
ബാര്‍കോഴക്കേസില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ എല്‍ഡിഎഫ് നേതാക്കളുടെ ശൗര്യം സഭയില്‍ കാണിച്ചില്ലെങ്കിലും യുഡിഎഫ് നിലപാട് കുഴപ്പങ്ങള്‍ക്ക് കാരണമാകും.
എന്നാല്‍, ”ആക്ഷേപങ്ങള്‍ കിട്ടിയാ ല്‍ ചില അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും” അതില്‍ അസ്വാഭാവികത ഇല്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടുണ്ട്. മടിയില്‍ കനമില്ലെങ്കില്‍ പേടിക്കേണ്ടെന്ന പാര്‍ട്ടി നിലപാടുമുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ നടപടികള്‍ തടസമില്ലാതെ നടക്കാനുള്ള ഉത്തരവദിത്വമേറ്റെടുത്ത് മൊഴികൊടുക്കാന്‍ സ്പീക്കര്‍ സ്വയം ഹാജരാകുമോ എന്നാണ് അറിയേണ്ടത്.
സ്വപ്നയുടെ മൊഴി ഇങ്ങനെ
സ്വപ്നയുടെ രഹസ്യമൊഴി 2020 നവംബര്‍ 27 മുതല്‍ 29 വരെയാണ്; മൂന്നുവട്ടമായാണ് കോടതി രേഖപ്പെടുത്തിയത്. മറ്റൊരു പ്രതി സരിത്തിന്റെ മൊഴിയുമുണ്ട്. ഒട്ടേറെ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തു കേസിലും അനുബന്ധ ഇടപാടുകളിലും ബന്ധമുള്ളതായി രണ്ടു പേരും വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ പറയുന്ന ഒരാള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണെന്നായിരുന്നു വാര്‍ത്ത.
ആ വിശിഷ്ട വ്യക്തി, പേട്ടയിലെ ഒരു ഫ്ളാറ്റില്‍ ചെല്ലാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സ്വപ്ന മൊഴി നല്‍കിയതായും വാര്‍ത്തയിലുണ്ടായിരുന്നു. നാലാം നിലയിലെ ഫ്ളാറ്റില്‍ സരിത്തിനെയും കൂട്ടി ചെല്ലുമ്പോള്‍ അദ്ദേഹം ഗസല്‍ കേട്ടിരിക്കുകയായിരുന്നു. അവിടുന്ന്, സ്വപ്നയുടെ വാഹനത്തില്‍ ഔദ്യോഗിക വസതിയിലേക്കു പോയി. അവിടെ വച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്ന വാങ്ങി തന്നെ ഏല്പിച്ചെന്നും കോണ്‍സുലേറ്റിലെ ഉന്നതനു നല്‍കണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി.
പ്രാഥമിക അന്വേഷണം നടത്തിയ കസ്റ്റംസിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. കൂടുതല്‍ വിശദീകരണത്തിനും കസ്റ്റംസ് ചട്ടപ്രകാരം എല്ലാഭാഗങ്ങളും കേട്ട് രേഖപ്പെടുത്തേണ്ടതിനാലുമാണ് സ്പീക്കറുടെ മൊഴിയെടുക്കുന്നത്.
പേട്ടയിലെ ഫ്ളാറ്റ് ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരുടെ കൈവശമായിരുന്നു ഫ്ളാറ്റെന്നും തിരിച്ചറിഞ്ഞു. സ്പീക്കറും സ്വപ്നയും ഒപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്, അവ കൃത്രിമമല്ലെന്നും സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: