കൊച്ചി: സ്വര്‍ണ, ഡോളര്‍ കടത്തു കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ്, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കും. ഇതിന് സമന്‍സ് അയയ്ക്കാനുള്ള നടപടികള്‍ തുടങ്ങി. നിയമസഭാ സമ്മേളനം ജനുവരി എട്ടിന് ആരംഭിക്കും. അതിനു മുന്‍പ് മൊഴിയെടുക്കാനാണ് നീക്കം.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളുടെ തുടര്‍ച്ചയായാണ് നടപടി. കഴിഞ്ഞ ദിവസം, കേസിലെ മറ്റൊരു പ്രതി എം. ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളി പ്രത്യേക സാമ്പത്തിക കോടതി പുറപ്പെടുവിച്ച വിധിയില്‍, ‘ഉന്നതരുള്‍പ്പെട്ട കേസില്‍ തുടരന്വേഷണം നടക്കേണ്ടതുണ്ടെന്നും നടപടി തുടങ്ങി’യെന്നും വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴിയില്‍ ‘ഉന്നതരും ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ക്ക് പ്രതിജ്ഞയെടുത്തവരും’ ഉണ്ടെന്നും അവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.
സ്വപ്നയുടെ മൊഴിയില്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഡോളര്‍ അടങ്ങിയ ബാഗ്, ഔദ്യോഗിക വസതിയില്‍ വച്ച് കൈമാറിയതായി പരാമര്‍ശമുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. വിവാദമായപ്പോള്‍ സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അത് നിഷേധിച്ചു. എന്നാല്‍ സ്വപ്നയെ അറിയാമെന്നും മറ്റും സമ്മതിക്കുകയും ചെയ്തു. സ്വപ്ന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെയും തോളില്‍ തട്ടി അഭിനന്ദിച്ചതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
കസ്റ്റംസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്നയുടെ മൊഴിയിലെ കാര്യങ്ങള്‍ ശരിയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്പീക്കറുടെ ബന്ധുക്കള്‍ യുഎഇയിലുണ്ട്. അവരെ കാണാന്‍ സ്പീക്കര്‍ തുടര്‍ച്ചയായി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഈ യാത്രകളില്‍ സ്വപ്നയുടെ സഹായം തേടിയിരുന്നു. കോണ്‍സുലേറ്റുമായി അനൗദ്യോഗിക തലത്തിലുള്ള അടുപ്പം സംബന്ധിച്ചും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: