ആലപ്പുഴ: ആറര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ മാലൂര്‍ ശ്രീധരന്‍ സഖാവ് പറയുന്നു, പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന്. ഒരു കമ്മ്യൂണിസ്റ്റ് സ്വാനുഭവത്തില്‍ നിന്ന് രേഖപ്പെടുത്തിയ സത്യസന്ധമായ ചരിത്രം അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യാന്‍ പോലും കഴിയാതെ മന്ത്രി ജി. സുധാകരന്‍ പിന്മാറിയതോടെയാണ് ശ്രീധരന്‍ എഴുതിയ ‘ഓര്‍മ്മത്തിളക്കത്തില്‍ ശ്രീനിയുടെ നാട്’ എന്ന പുസ്തകം ചര്‍ച്ചയായത്.
സിപിഎമ്മിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവര്‍ത്തകനും, നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്‍ (78) മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗവുമാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണിത്. പാര്‍ട്ടി ക്ഷയിച്ചെന്നു പുസ്തകത്തില്‍ പരാമര്‍ശമുള്ളതാണ് പ്രകാശനത്തില്‍ നിന്ന് പിന്മാറാന്‍ സുധാകരനെ പ്രേരിപ്പിച്ചത്.
മാലൂര്‍ സ്വന്തം കഥയാണു പറയുന്നതെങ്കിലും അതില്‍ ‘ശ്രീനി’ എന്ന കഥാപാത്രമായാണ് അദ്ദേഹം രംഗത്തെത്തുന്നത്. ഓര്‍മക്കുറിപ്പുകളില്‍ മറ്റെല്ലാ പ്രധാന നേതാക്കളും യഥാര്‍ഥ പേരില്‍ തന്നെയാണ് പുസ്തകത്തിലുള്ളത്.
ഒരു അധ്യായത്തില്‍ പറയുന്നു, ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ജാതി മതവിശ്വാസികളും ആചാരനുഷ്ഠാനങ്ങളില്‍ നിഷ്ഠയുള്ളവരുമാണ്. ജനങ്ങളുടെ പൊതുവികാരം പഠിച്ച് അതിന് അനുരോധമായി രാഷ്‌ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും പരാജയപ്പെടുന്നു. തല്‍ഫലമായി ഇടതുപക്ഷത്തിന്റെ സ്വാധീനവും ദുര്‍ബലപ്പെടുന്നു.’
കമ്യൂണിസ്റ്റുകാരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കാകെ ദുഷ്‌പേര് ഉണ്ടാക്കുന്നുണ്ടെന്നും മാലൂര്‍ പറയുന്നു. സ്വാര്‍ഥതയും തലക്കനവും ആര്‍ഭാട ജീവിതവും ജനങ്ങള്‍ അംഗീകരിക്കാറില്ല. കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം കുറേപ്പേരെങ്കിലും ഇത്തരക്കാരാകാറുണ്ട്.
അവസാനത്തെ അധ്യായത്തിന്റെ പേര് ‘രക്ഷകനെക്കാത്ത്’ എന്നാണ്. ‘തെരഞ്ഞെടുപ്പ് ഫലം വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വമ്പിച്ച ഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രതീക്ഷ. ഫലം മറിച്ചായിരുന്നു. വലതുപക്ഷത്തിന് വന്‍ മുന്നേറ്റം. ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. ശ്രീനിയുടെ സ്വപ്‌നത്തില്‍ വന്ന് പ്രമുഖ നേതാക്കള്‍ വിലപിക്കുന്നുണ്ട്. കൊല്‍ക്കത്ത തിസീസ് അവതരിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.ടി. രണദിവെ ശ്രീനിയുടെ സ്വപ്‌നത്തില്‍ വന്നു പറഞ്ഞത്:
‘പോരാട്ടങ്ങളിലൂടെ, രക്തസാക്ഷിത്വങ്ങളിലൂടെ ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നെവിടെ? ഞങ്ങളുടെ വിപ്ലവ സ്വപ്‌നങ്ങളെവിടെ?’ അടുത്തത് എകെജിയാണ് സ്വപ്നത്തിലെത്തിയത്’ കോടിക്കണക്കിനു പാവങ്ങള്‍ പോരാട്ടങ്ങളില്‍ പങ്കെടുത്തു. ഞാന്‍ പിരിയുമ്പോള്‍ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പങ്കുവഹിച്ചതില്‍ അഭിമാനിക്കുന്ന പാര്‍ട്ടിയായിരുന്നു നമ്മുടേത്. നമ്മുടെ ആ പാര്‍ട്ടി ഇന്നെവിടെ…?’
സ്വപ്‌നത്തില്‍ അവസാനം ശ്രീനിയെ പിന്തുടര്‍ന്നത് രക്തസാക്ഷികളാണ്. ‘ചെങ്കൊടി പിടിച്ചുകൊണ്ട് മാര്‍ച്ച് ചെയ്തുവരുന്ന ആയിരക്കണക്കിന് രക്തസാക്ഷികള്‍… അവരുടെ ഉറക്കെയുള്ള ശബ്ദങ്ങള്‍’ ഞങ്ങളുടെ ജീവനും രക്തവും കൊണ്ട് വളര്‍ത്തിയെടുത്ത വിപ്ലവപ്രസ്ഥാനത്തെ അനാഥമാക്കിയവരെ ഞങ്ങള്‍ വിടില്ല… വിടില്ല…’ കമ്യൂണിസ്റ്റ് പാര്‍ട്ടി നാമാവശേഷമായി; രക്തസാക്ഷികളേ മാപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: