കൊട്ടാരക്കര: മൈലത്ത് സിപിഎമ്മില്‍ തമ്മിലടി രൂക്ഷമാകുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന നേതാക്കളെ വെട്ടി ജനറല്‍ സീറ്റായിട്ടും പുതുമുഖമായി മത്സരിച്ച വനിതയെ പാര്‍ട്ടി നിശ്ചയിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇവിടെ സിപിഎമ്മില്‍ കലാപം രൂക്ഷമായിരുന്നു.
കോട്ടാത്തലയില്‍ പാര്‍ട്ടി മുന്‍ ഏരിയ സെക്രട്ടറി എന്‍. ബേബിക്കെതിരെ ലോക്കല്‍ കമ്മറ്റിഅംഗം ശ്രീകുമാറും, മൈലത്ത് ലോക്കല്‍ സെക്രട്ടറി വിജയനെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരനും വിമതരായി മത്സരിച്ചിരുന്നു. നേതാക്കന്മാരെ തോല്‍പ്പിച്ച് വിമതര്‍ രണ്ടും വിജയിച്ചു. ജനറല്‍ വിഭാഗത്തിന് പ്രസിഡന്റുസ്ഥാനമുള്ള ഇവിടെ മുന്‍ ഏരിയസെക്രട്ടറിയെയായിരുന്നു സിപിഎം പരിഗണിച്ചിരുന്നത്. ഇവര്‍ രണ്ട് പേരും തോറ്റതോടെ പള്ളിക്കലില്‍ നിന്നും വിജയിച്ച പ്രസന്നനേയും, പെരുകുളത്ത് നിന്ന് വിജയിച്ച സുരേഷിനേയും ആയിരുന്നു പരിഗണിച്ചിരുന്നത്.
ഇവര്‍ക്ക് സ്ഥാനം നല്‍കുന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് പള്ളിക്കല്‍ നിന്നും വിജയിച്ച ബിന്ദു.ജി.നാഥിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായി ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. പെരുംകുളത്ത് നിന്ന് വിജയിച്ച അംഗത്തെ രാജിവെപ്പിച്ച് തോറ്റ നേതാവിനെ വീണ്ടും ഇവിടെ മത്സരിപ്പിക്കാനുള്ള നീക്കമായി ആണ് ഇവര്‍ ഇതിനെ കാണുന്നത്. ഇതോടെ മൈലത്തെ സിപിഎമ്മിലെ തമ്മിലടി വരും ദിവസങ്ങളില്‍ മറ നീക്കി പുറത്ത് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: