അമ്പലപ്പുഴ പൂരാടം തിരുനാള്‍ ദേവനാരായണ രാജാവിന്റെ പ്രശസ്തി കേട്ട്, മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് (നാരായണീയ കര്‍ത്താവ്)അമ്പലപ്പുഴയില്‍ ചെന്ന സമയം. അന്നൊരു ദിവസം, രാജാവിന് പതിവായി മഹാഭാരതം പാരായണം ചെയ്തു കൊടുത്തിരുന്ന നീലകണ്ഠ ദീക്ഷിതര്‍ അവിടെയുണ്ടായിരുന്നില്ല.
രാജാവിനാണെങ്കില്‍ ഭാരത പാരായണശ്രവണം ഒഴിവാക്കാനും വയ്യാ. രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചെന്നു. മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന പട്ടേരിപ്പാടിനെക്കണ്ട് ചോദിച്ചു: ‘അങ്ങേക്ക് കൂട്ടിവായിക്കാനറിയാമോ?’ ‘ആവാം’ എന്നു മറുപടി പറഞ്ഞ പട്ടേരിപ്പാടിനെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു കൊണ്ടു പോയി. പട്ടേരി ഭാരത പാരായണം തുടങ്ങി. യുദ്ധമാണ് സന്ദര്‍ഭം പാരായണത്തിനിടയ്ക്ക് അദ്ദേഹം
‘തദാ ഭീമഗദാത്രസ്താ
ദുര്യോധനവരൂഥിനീ
ശിഖാ ഖാര്‍വാടകസ്യേവ
കര്ണ്ണമൂലമുപാഗതാ”
എന്നൊരു ശ്ലോകം ചൊല്ലി. ‘ഇത് ഭാരതത്തില്ലല്ലോ’ എന്നു പറഞ്ഞ രാജാവിനോട് ‘കൂട്ടി വായിച്ചതാണ്’ എന്ന് പട്ടേരിപ്പാട്ടീന്ന് മറുപടിയും പറഞ്ഞു. ശ്ലോകത്തിന്റെ അര്‍ത്ഥം: ഭീമസേനന്റെ ഗദാപ്രഹരത്തെ പേടിച്ച ദുര്യോധനന്റെ സൈ
ന്യം, കര്‍ണ്ണന്റെ സമീപത്തേക്ക് ഓടിവന്നു. കഷണ്ടിയുള്ളവരുടെ തലമുടി ചെവിയുടെ (കര്‍ണ്ണത്തിന്റെ) ഭാഗത്തേക്കു വരുമല്ലോ എന്നും അര്‍ത്ഥം പറയാം. രാജാവിനും കഷണ്ടിത്തലയായിരുന്നു! ഉടനെ രാജാവ് ചോദിച്ചു ‘മേല്പ്പുത്തൂരാണോ?’
‘അതെ’ എന്ന മറുപടി കേട്ട രാജാവ് പട്ടേരിപ്പാടിന്റെ കാല്ക്കല് സാഷ്ടാംഗം നമസ്കരിച്ചു. ഉടനെ അദ്ദേഹം:
‘അവ്യഞ്ജനസ്താര്ക്ഷ്യകേതുഃ
യല്‍ പദം ഘടയിഷ്യതി
തത്തേ ഭവതു കല്പാന്തം
ദേവനാരായണ പ്രഭോ!
എന്ന് അനുഗ്രഹിച്ചുവത്രേ’
അര്‍ത്ഥം: അവ്യക്തസ്വരൂപനായ താര്‍ക്ഷ്യകേതു( താര്‍ക്ഷ്യന്‍ എന്നാല്‍ ഗരുഡന് ഗരുഡദ്ധ്വജന്‍ മഹാവിഷ്ണു) നല്കുന്ന സ്ഥാനം അങ്ങേക്ക് കല്പാന്തം (പ്രളയകാലം) വരെ നിലനില്ക്കട്ടെ.
ഇതിന്റെ മറ്റൊരര്‍ത്ഥം:
‘അവ്യഞ്ജനസ്താര്ക്ഷ്യകേതു’എന്നാല്‍, ‘സ്താര്ക്ഷ്യകേതു’എന്ന പദത്തില്‍ നിന്നും വ്യഞ്ജനസ്വരങ്ങള്‍ മാറ്റിയാല്‍ ആ, അ, ഏ, ഉഃ എന്നീ സ്വരങ്ങള്‍ ശേഷിക്കും. അവ സംസ്കൃതവ്യാകരണ നിയമപ്രകാരം സന്ധി ചെയ്താല്‍ ആയുഃ എന്ന പദം കിട്ടും. അതായത് രാജാവ്, ദീര്‍ഘായുഷ്മാനായിരിക്കട്ടെ എന്നു താല്പര്യം. എന്താ ‘കൂട്ടി വായിച്ചത്’ കേമായില്ലേ?
കടപ്പാട്: ശ്രീമന്നാരായണീയം
വനമാലാ വ്യാഖ്യാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: