കൊറോണ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനുള്ള ഇച്ഛാശക്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളിലൂടെ പ്രകടമായത് എന്നാണ് രാജ്യത്തെ പ്രമുഖ ധനകാര്യ വിദഗ്ധനും മലയാളിയുമായ എസ് ആദികേശവന് പറയുന്നത്. വന്‍ കുതിപ്പിലൂടെ സര്‍വമേഖലകളിലും ഉത്തേജനം പ്രകടമാകും. അടിസ്ഥാന സൗകര്യങ്ങള്‍, ടെക്നോളജി, യുവശക്തി, ചോദന എന്നിവ അടങ്ങുന്നതാണ് ആത്മ നിര്‍ഭര്‍ ഭാരതം. ബാങ്കുകള്‍ക്ക് നൂറു ശതമാനം ഗ്യാരന്റിയോടെ വായ്പകള്‍ ആശങ്കയില്ലാതെ നല്‍കാനാകും. ഇത് ബാങ്കുകള്‍ക്ക് പ്രോത്സാഹനമാകും. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാനുള്ള സഹായം ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും കരുത്തേകും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം മികച്ച രാഷ്ട്രതന്ത്രജ്ഞന് കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍കൂടി തെളിയിക്കുന്ന നടപടിയാണ് ഉണ്ടാകുന്നത്. എസ് ആദികേശവന്, പി ശ്രീകുമാറിനു നല്കിയ അഭിമുഖത്തില്‍ നിന്ന്
ഭക്ഷ്യ സുരക്ഷയും കാര്‍ഷിക നിയമവും
കോവിഡിനെ തുടര്‍ന്ന് ഏകദേശം ഒരു കോടിയിലധികം ആളുകള്‍ നഗരങ്ങളില്‍ നിന്നും തിരികെ ഗ്രാമങ്ങളിലേക്ക് പോയി. അതില്‍ ഒരു വിഭാഗം കൃഷിയില്‍ വ്യാപൃതരായി. അങ്ങനെ കൃഷിചെയ്യപ്പെട്ട ഭൂമിയുടെ വിസ്തൃതി കൂടി. അതുകൊണ്ട് തന്നെ ഉല്‍പ്പന്നങ്ങളുടെ അളവ് കോവിഡ് കാലഘട്ടത്തില്‍ കൂടുതലായി. അത് വളരെ നല്ല കാര്യമാണ്. മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഭക്ഷ്യ ക്ഷാമം ഇന്ത്യ നേരിടേണ്ടി വരികയില്ല എന്നുള്ളത് ഉറപ്പാണ്. കോവിഡ് ലോക്ക്ഡൗണ്‍ ഒക്കെ പ്രഖ്യാപിയ്ക്കും മുമ്പു തന്നെ ധനമന്ത്രിയും പ്രധാനമന്ത്രിയും ആവര്‍ത്തിച്ചു പറഞ്ഞ കാര്യമാണ് അത്. നമുക്ക് ഭക്ഷ്യ സുരക്ഷയുണ്ട്. നമുക്ക് ഭക്ഷ്യക്ഷാമം നേരിടേണ്ടി വരില്ല. അങ്ങനെ ഒരു ആത്മവിശ്വാസം കൊണ്ടു വന്നു. അതിനുശേഷം പിന്നീട് കാര്‍ഷിക പാക്കേജും വന്നു. അതിന്റെ തുടര്‍ച്ചയായി കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്തി. ഭക്ഷ്യ സുരക്ഷയ്ക്ക് ഒപ്പം തന്നെ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് കൃത്യമായ വില കിട്ടുക എന്നതും ഉറപ്പു വരുത്തി. എന്നാല്‍ അതിനെതിരെ വലിയ വിവാദങ്ങള്‍ ഒക്കെ ഉണ്ടാകുന്നു. പ്രതിഷേധം ഉണ്ടാകുന്നത് പ്രധാനമായി പഞ്ചാബ്, ഹരിയാന എന്നീ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവിടങ്ങളില്‍ ആർത്തിയാസ് അല്ലെങ്കില്‍ മണ്ഡികളുടെ ഏജന്റുമാര്‍ ഉണ്ട്. അവര്‍ ആ സമൂഹ വ്യവസ്ഥയുടെ ഭാഗമാണ്. അതായത് പലപ്പോഴും ഈ കമ്മീഷന് ഏജന്റിന്റെ ബന്ധുക്കള്‍ തന്നെയാണ് കര്‍ഷകരും. അപ്പോള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കൊ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ പെട്ടെന്ന് പണം ആവശ്യം വന്നാല്‍ ഇദ്ദേഹം കൊടുക്കും. ആ ഒരു വ്യവസ്ഥയെ അട്ടിമറിയ്ക്കുമോ എന്നൊരു പേടി പിന്നെ അങ്ങനെ ഒരു പ്രചരണവും ഇതിന്റെ പുറകില്‍ ഉണ്ടായിരുന്നു. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങുന്നത് പഞ്ചാബിലും ഹരിയാനയിലും നിന്നാണ്. കഴിഞ്ഞ വര്‍ഷം അതായത് 201920 ല്‍ മാത്രം 80000 കോടി രൂപയുടെ സംഭരണമാണ് പഞ്ചാബിലും ഹരിയാനയിലുമായി നടന്നത്. ഇവരുടെ ഒരു പ്രധാന ഭയമായിരുന്നു ഇതെല്ലാം ഇനി നില്ക്കാന് പോകുന്നു എന്നത്. ഇതിനി തുടര്‍ന്നു പോവില്ല എന്നൊരു പ്രചരണം ഉണ്ടായി. ഇതില്‍ ആശയ വിനിമയത്തിന്റെ ഒരു പ്രശ്നം കൂടി ഉണ്ടെന്ന് എനിക്ക് തോന്നുന്നു. കുറെക്കൂടി വ്യക്തമായി ഇത് സാധാരണ കര്‍ഷകരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാന്‍ നമുക്ക് കഴിയണമായിരുന്നു. ഇപ്പോള്‍ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കര്‍ഷകരെ പറഞ്ഞു മനസ്സിലാക്കിച്ചാല്‍ ഈ പ്രശ്നം തരണം ചെയ്യാന്‍ സാധിയ്ക്കും
ഗ്രാമീണ മേഖലയില്‍ പണത്തിന്റെ ഒഴുക്ക്
കര്‍ഷകര്‍, തൊഴിലാളികള്‍, ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍, സ്വദേശി ഉത്പാദനത്തിനുള്ള ഊന്നല്‍ എന്നിവയൊക്കെ അടങ്ങുന്ന സമൂഹത്തിലെ അടിത്തട്ടില്‍ ഉള്ളവരെ ലക്ഷ്യമിട്ട് ഉണ്ടാക്കിയ പാക്കേജ് ആണ് ആത്മ നിര്‍ഭര്‍. കേന്ദ്രത്തിന്റെ ഇന്നത്തെ വരുമാനവും ചെലവും തട്ടിച്ചു നോക്കുമ്പോള്‍, ഇതില്‍ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. വ്യക്തമായ കാഴ്ചപ്പാടോടും തയ്യാറെടുപ്പോടും കൂടി അല്ലാതെ പെട്ടെന്ന് വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി കൈയിലുള്ള കാശ് എടുത്തു ചെലവാക്കുന്ന രീതിയില്‍ അല്ല. സര്‍ക്കാരിന്റെ ധനകാര്യ നടപടികള്‍. ഒരു വീട്ടിലെ ദൈനംദിന ചെലവ് നടത്തുന്നത് പോലെയും അല്ല. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പ്രതിവിധി ഉണ്ടാക്കി കഴിഞ്ഞു എന്ന് ലോക രാഷ്ട്രങ്ങളില്‍ ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഏറ്റവും വലിയ പ്രശ്നം നേരിടുന്ന സമയത്തു തുടര്‍ച്ചയായി ഇതിനെ എങ്ങിനെ നേരിടാം എന്ന് ചിന്തിക്കുകയും, പരിഹാര നടപടികള്‍ എടുക്കുകയും ചെയ്യുന്ന ഒരു സമീപനം ആണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റേത്. ഇതുവരെ സ്വീകരിച്ച നടപടികള്‍ നല്ലൊരു പരിധി വരെ ഫലം കണ്ടു. അത് വസ്തുനിഷ്ഠമാണ് താനും.
കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ ഭാരതത്തിനും കൂടുതല്‍ ഊന്നല്‍ കൊടുത്തു കൊണ്ട് കൊണ്ടു വന്ന ഒന്നായിരുന്നു ആത്മനിര്‍ഭര്‍ പാക്കേജ്. കാരണം 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഇനങ്ങള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് അധികമായി കൊടുക്കുന്ന 20% വായ്പയുടെ 3 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ്. അതില്‍ത്തന്നെ കിട്ടാക്കടമായി മാറുന്ന യൂണിറ്റുകള്‍ക്കുള്ള 20000 കോടി രൂപ, കാര്‍ഷിക വായ്പക്ക് രണ്ടു ലക്ഷം കോടി എന്നിവയും പാക്കേജില്‍ മാറ്റി വച്ചിട്ടുണ്ട്. അതുകൂടാതെയാണ് അഗ്രി ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട്. അതായത് സംഭരണ ശാലകള്‍, കോള്‍ഡ് സ്റ്റോറേജ്, പാല് പോലുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനുള്ള ശീതീകരിച്ച വാനുകള്‍ തുടങ്ങിയവയ്ക്കായി ഒരുലക്ഷം കോടി. ഇത് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഗ്യാരണ്ടിയോടു കൂടി കൊടുക്കാന്‍ ബാങ്കുകളോട് പറയുകയാണ്. കൂടാതെ എഴു ശതമാനം പലിശ സബ്സിഡിയും ഈ അഗ്രി ഫണ്ടിനുവേണ്ടി നീക്കി വച്ചിട്ടുണ്ട്. അതുകൂടാതെ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുണ്ട്. ഒമ്പതു കോടിയോളം കര്‍ഷകര്‍ക്ക് 18000 കോടിയോളം രൂപ പ്രധാനമന്ത്രി കിസാന്‍ പദ്ധതി വഴി നേരിട്ട് കൊടുത്തിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ പണത്തിന്റെ ഒഴുക്കിനെ ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജന്‍ധന്‍ അക്കൗണ്ട് ഉള്ള 20 കോടിയോളം സ്ത്രീകള്‍ക്ക് മാസം അഞ്ഞൂറു രൂപ വീതം മൂന്നു മാസം കൊണ്ട് 51000 കോടി രൂപയും കൊടുത്തു. നമുക്ക് അഭിമാനിയ്ക്കാവുന്ന ഒരു കാര്യം ഇതെല്ലാം ഒരു ചോര്‍ച്ചയും കൂടാതെ ആളുകളുടെ കൈകളില്‍ നേരിട്ട് കിട്ടുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്. പോസ്റ്റുമാന് അഞ്ഞൂറു രൂപ മണിയോര്‍ഡര്‍ കൊണ്ടു വന്നാല്‍ അതില്‍ നിന്ന് ഒരു അമ്പതു രൂപ അദ്ദേഹത്തിന് കൊടുത്തെന്നിരിക്കും. അത് അയാള്‍ ചോദിച്ചിട്ടൊന്നുമല്ല. എന്നാല്‍ ഈ പണം അത്തരം യാതൊരു കുറവും വരാതെയാണ് കിട്ടുന്നത്. ഇത് സാദ്ധ്യമായത് മോദി സര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കാനുള്ള പദ്ധതി നടപ്പാക്കിയതു കൊണ്ടാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പണം തന്നു കഴിഞ്ഞാല്‍ ഒരൊറ്റ രാത്രി കൊണ്ട് പണം ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ എത്തുകയാണ്. ഇത്രയും വലിയ ഒരു രാജ്യത്തില്‍ ഇതിനേക്കാള്‍ കാര്യക്ഷമമായി ഇത് ചെയ്യാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. ഇതിനേക്കാള്‍ മെച്ചമായ രീതിയില്‍ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാം. എന്നാല്‍ നിലവില്‍ ഇതാണ് ഏറ്റവും കാര്യക്ഷമമായ മാര്‍ഗ്ഗം.
ഗ്രാമീണ ഭാരതത്തിലെ ഉത്തേജന പദ്ധതികള്‍
സ്ത്രീകള്‍ക്കുള്ള ധനസഹായവും കിസാന്‍ അക്കൗണ്ടിലേക്കുള്ള പണമൊഴുക്കും വന്നിട്ടുള്ളത് ഗ്രാമീണ മേഖലയിലേക്കാണ്. ബഡ്ജറ്റില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയ്ക്കായി നീക്കി വച്ചിട്ടുള്ളത് 61500 കോടിയാണ്. പാക്കേജിന്റെ ഭാഗമായി 40000 കോടി രൂപകൂടി ചേര്‍ത്ത് ഒരുലക്ഷം കോടിയാക്കി ഉയര്‍ത്തി. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന്റെ മുഴുവന്‍ ഡാറ്റ വളരെ വ്യക്തമായി സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ലഭ്യമാണ് എന്നതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് പഠിക്കാന്‍ വേണ്ടി സൈറ്റുകള്‍ കുറച്ചധികം നോക്കുന്ന ഒരാളാണ് ഞാന്‍. എത്ര പേര്‍ക്ക് ജോലി കിട്ടി, എത്ര ഗുണഭോക്താക്കള്‍ക്ക് ഗുണം കിട്ടി, എവിടെയൊക്കെ എത്ര ലെവലില്‍ വളം ലഭ്യതയുണ്ട്. യൂറിയ, ഡിഎപി, പൊട്ടാഷ് ഒക്കെ എവിടെയൊക്കെ എത്രയുണ്ട്, എവിടെയാണ് ഇതിന്റെ ലഭ്യത കുറവ് എന്നിങ്ങനെയുള്ള മുഴുവന്‍ ഡാറ്റയും ഉണ്ട്. ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍, ഐടിസി, നെസ്ലേ, ബ്രിട്ടാനിയ ഇവരെല്ലാം പറയുന്നത് ഇവരുടെ ഗ്രാമീണ മേഖലയിലെ വിപണനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് (കോവിഡിന്റെ കാലഘട്ടത്തെ അപേക്ഷിച്ചു മാത്രമല്ല), കൂടുതലാണ് എന്നാണ്. യാത്രാക്കാറുകളുടെ കാര്യത്തില്‍ കഴിഞ്ഞ 26 മാസങ്ങളിലെ ഏറ്റവും കൂടിയ വില്‍പ്പന ഉണ്ടായത് ഈ ആഗസ്ത് സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു. കാറിന്റെ വില്‍പ്പന കൊണ്ട് മറ്റ് നിരവധി ബിസിനസ്സുകള്‍ക്ക് ഉത്തേജനം ഉണ്ടാകുന്നു. ഇനി ജിഎസ്ടി സമാഹരണം നോക്കിയാല്‍ സെപ്തബറില്‍ ഏകദേശം 96000 കോടിയാണ്. അത് കഴിഞ്ഞ സെപ്തംബറിനെ അപേക്ഷിച്ച് നാല് ശതമാനം കൂടുതലാണ്. ഈ കണക്കുകള്‍ കാണിയ്ക്കുന്നത് ഒരു സാമ്പത്തിക ഉത്തേജനം തീര്‍ച്ചയായും നടക്കുന്നുണ്ട് എന്നാണ്.
വിദേശ നിക്ഷേപങ്ങള്‍ കാര്‍ഷിക മേഖലയിലേക്ക്
എന്റെ കാഴ്ചപ്പാടില്‍ നമ്മള് ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു പ്രതിസന്ധിയില്‍ കൂടി കടന്നു പോകുമ്പോള്‍ ഈ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ നമ്മള് വീണ്ടും വീണ്ടും എടുത്തു പറയുകയും ജനങ്ങളുടെ ശുഭാപ്തി വിശ്വാസം വളര്‍ത്തുകയും വേണം. വീട്ടിലായാലും നമ്മള് കുട്ടികളോട് പറയാറില്ലേ, നീ നല്ല രീതിയില്‍ പഠിച്ചു. നല്ല മാര്‍ക്ക് കിട്ടി. ഇനിയും ശ്രമിക്കണം. അങ്ങനെ ഒരു മനോഭാവം വീട്ടിലായാലും നാട്ടിലായാലും രാഷ്ട്രത്തിന്റെ കാര്യത്തിലായാലും അതാണ് നമുക്ക് വേണ്ടത്. ആ ഒരു രീതിയില്‍ നോക്കുമ്പോള്‍ സെപ്റ്റംബര്‍ മാസത്തിനകം നമ്മുടെ രാജ്യത്ത് വന്നിട്ടുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 28 ബില്ല്യണ്‍ ഡോളറാണ്. ഒരു ബില്യണ്‍ ഡോളര്‍ ഏകദേശം ഏഴായിരം കോടി രൂപയോളം വരും. കഴിഞ്ഞ വര്‍ഷം അതായത് 2019 ല്‍ വന്നിട്ടുള്ളത് 16 ബില്യണ്‍ ആയിരുന്നു. അതിനു മുമ്പത്തെ വര്‍ഷം പത്ത് ബില്യണ്‍ ആയിരുന്നു. കാര്‍ഷിക മേഖലയിലേക്ക് ഇത് വന്നിട്ടില്ല. ഇതിന്റെ സിംഹഭാഗവും ഇപ്പോള്‍ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോം എന്ന ഒരു കമ്പനിയിലേക്കാണ് വന്നത്. ആമസോണ്‍, ഫേസ്ബുക്ക് തുടങ്ങി ലോകത്ത് അറിയപ്പെടുന്ന കമ്പനികളാണ് ഈ കമ്പനിയില്‍ നിക്ഷേപിച്ചിരിയ്ക്കുന്നത്. എന്നാല്‍ എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സിലടക്കം ഏകദേശം 300 ദശലക്ഷം ഡോളര്‍ നിക്ഷേപം വന്നിട്ടുണ്ട്. പുതിയ കാര്‍ഷിക ബില്ലുകള്‍ ഇപ്പോള്‍ വന്നിട്ടല്ലേ ഉള്ളൂ. അതിന്റെ നടപ്പാക്കലിനും കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ക്കും കുറച്ചു കൂടി സമയം പിടിക്കും. അതിനു വേണ്ടിയിട്ടുള്ള ഒരുക്കങ്ങള്‍ കുറച്ചു കൂടി നടത്തേണ്ടതുണ്ട്. ഭൂഉടമസ്ഥാവകാശ രേഖകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം ഒക്കെ ഇനി നടക്കാനുണ്ട്. നമുക്ക് അഭിമാനിയ്ക്കാവുന്ന ഒരു കാര്യം ഇന്ത്യയില്‍ മുഴുവന്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഭൂമിയുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം 90% ആയി കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ഇത് നൂറു ശതമാനം ആയി കഴിഞ്ഞിരിയ്ക്കുന്നു. കേരളം, കശ്മീര്‍ തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ ആണ് പുറകില്‍ നില്‍ക്കുന്നത്. മറ്റൊന്ന് സ്വാമിത്വ എന്ന പദ്ധതിയാണ്. ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ പലസ്ഥലത്തും താമസത്തിനുപയോഗിക്കുന്ന സ്ഥലങ്ങളിലെ ഭൂരേഖകള്‍ ഇന്നും കൃത്യമായി മാര്‍ക്ക് ചെയ്തിട്ടില്ല. ഉത്തരേന്ത്യയില്‍ പലസ്ഥലത്തും പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ എനിക്ക് ഇത് നേരിട്ടറിയാം. വാസഭൂമിയെ തിരിയ്ക്കാന്‍ ഒരു ചുവന്ന ചരടാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ ഭൂമിയെപ്പറ്റിയുള്ള വിവരം പലപ്പോഴും ഈ ചുവന്ന ചരടിനുള്ളില്‍ ഉള്ള സ്ഥലം എന്നു മാത്രമാവും. അതുവച്ച് ലോണ്‍ കൊടുക്കാന്‍ കഴിയില്ല. മഹാരാഷ്ട്രയിലും ഇത് കണ്ടിട്ടുണ്ട്. അതൊക്കെ ശരിയാക്കാനുള്ള പദ്ധതിയാണ് സ്വാമിത്വ. 202324 ഓടുകൂടി പൂര്‍ത്തീകരിയ്ക്കാനാണ് ലക്ഷ്യം ഇട്ടിട്ടുള്ളത്. ആറര ലക്ഷം ഗ്രാമങ്ങളാണ് ഭാരതത്തിലുള്ളത്. അത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇന്ത്യയിലെ എല്ലാവര്ക്കും ആധാര്‍ ഐഡികാര്‍ഡ് എല്ലാവര്ക്കും ആയി. കാര്‍ഷിക ഭൂമിയുടെ രേഖകള്‍ ഡിജിറ്റല്‍ ആയി. വാസസ്ഥല രേഖകളും ഡിജിറ്റല്‍ ആയിക്കഴിഞ്ഞാല്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് കുറേകൂടി സുഗമമായി കടന്നു വരാനുള്ള അവസരം ഉണ്ടാകും. കാര്‍ഷിക മേഖലയിലേക്ക് ഇതുവരെ വന്നോ എന്നു ചോദിച്ചാല്‍ ഇല്ല, എന്നാല്‍ വരാനുള്ള അവസരങ്ങള്‍ നമ്മള് ഉണ്ടാക്കി കഴിഞ്ഞു. ഒരുക്കങ്ങള്‍ നമ്മള് നടത്തി കഴിഞ്ഞു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍
അപൂര്‍വ്വമായി മാത്രമേ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി നടപടികള്‍ ഇത്ര വേഗത്തില്‍ സൂക്ഷ്മ , ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പുനരുജ്ജീവനത്തിനായി സ്വീകരിക്കപ്പെട്ടിട്ടുള്ളു. ഇന്ത്യയിലെ 6.33 കോടി എംഎസ്എംഇ യൂണിറ്റുകള്‍ രാജ്യത്തിന്റെ ജിഡിപിയുടെ 30 ശതമാനവും, കയറ്റുമതിയുടെ 50 ശതമാനവും സംഭാവന ചെയ്യുകയും, 11 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ പാക്കേജില്‍ കുറഞ്ഞത് 3.90 ലക്ഷം കോടി രൂപയാണ് എംഎസ്എംഇ മേഖലയ്ക്ക് മാത്രമായി വകയിരുത്തിയിരിക്കുന്നത്. അധിക വായ്പകള്‍ക്ക് സര്‍ക്കാര്‍, ബാങ്കുകള്‍ക്ക് ഗ്യാരന്റി നല്കുന്നു. ഏഴ് വര്‍ഷത്തെ മൊറട്ടോറിയം ലഭിക്കുന്ന വായ്പയുടെ തിരിച്ചടയ്ക്കാനുള്ള കാലാവധി 10 വര്‍ഷമാക്കി. ഇതിനായി ബാങ്കുകള്‍ക്ക് 90 ശതമാനം ഗ്യാരണ്ടി കവര്‍ നല്കി. 25 കോടി രൂപ വരെ വായ്പയുള്ള എംഎസ്എംഇ യൂണിറ്റുകളുടെ പുനരുദ്ധാരണം, വായ്പകളെ എന്‍പിഎകളായി തരംതിരിക്കാതെ ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ചെയ്യാമെന്നത് വായ്പയുള്ള എംഎസ്എംഇ യൂണിറ്റുകളില്‍ ഭൂരിഭാഗത്തിനും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകമാകും. 27 മേഖലകളിലെ വ്യവസായങ്ങള്‍ക്ക് ബാങ്കുകള്‍ വഴി നല്കുന്ന അധിക വായ്പയും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയുള്ള 10000 കോടി അധിക നീക്കിയിരുപ്പ് ആണ്. തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമായി നടത്തിയ സംസ്ഥാനങ്ങളില്‍ ഗ്രാമീണ ആസ്തികളും ഉണ്ടായി കാണും. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് എല്ലാം കൂടി 1,10,000 കൂടി രൂപയാണ് നല്‍കുക. ദൃഷ്ടാന്തമില്ലാത്ത കോവിഡ് പ്രതിസന്ധിക്കു അഭൂതപൂര്‍വമായ മറുമരുന്നാണിത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ പദ്ധതിക്ക് നീക്കിയിരുപ്പും ചെലവും 70000 കോടി കവിഞ്ഞിട്ടില്ല. എന്റെ കാഴ്ചപ്പാടില്‍ ദീനദയാല്‍ജിയുടെ ”അന്ത്യോദയ” വീക്ഷണവുമായി അടുത്ത് നില്ക്കുന്ന ഒരു പദ്ധതി തന്നെ ആണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. കൃഷി അല്ലെങ്കില്‍ ഗ്രാമീണ ജനതയ്ക്ക് പ്രയോജനമുള്ള സാമൂഹ്യ ആസ്തികള്‍ ഉണ്ടാക്കാന്‍ വേണ്ടി പദ്ധതി പ്രയോജനപ്പെടുത്താം.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് 125 ദിവസത്തെ വര്‍ക് ഷീറ്റും നല്‍കുക വഴി ജനങ്ങളുടെ കയ്യില്‍ പണം നേരിട്ടെത്തുമെന്നും അതുവഴി ഡിമാന്‍ഡ് സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതിനാല്‍ പണം ആളുകളുടെ കൈകളിലെത്തുക എന്നതാണ് പ്രധാനം.
രാസവള അധിക സബ്സിഡി
സ്തുത്യര്‍ഹമായ നടപടിയാണ് 65000 കോടി രൂപയുടെ രാസ വള അധിക സബ്സിഡി. മറ്റെല്ലാ മേഖലകളിലും മാന്ദ്യം പ്രകടമായപ്പോള്‍, ഭാരതീയ കര്‍ഷകര്‍, തനതു ശക്തിയോടെ രാജ്യത്തിന്റെ രക്ഷക്കെത്തി. ആദ്യത്തെ പാദത്തിലും കാര്‍ഷിക വളര്‍ച്ച 4 ശതമാനം ആയിരുന്നു. ഭാരതത്തിലെ 86 ശതമാനം കര്‍ഷകരും ചെറുകിട നാമമാത്ര കര്‍ഷകരാണ്, അതായത് 5 ഏക്കറില്‍ താഴെ കൃഷി ചെയ്യുന്നവര്‍. അതുകൊണ്ടു തന്നെ ഈ 65000 കോടിയുടെ പ്രയോജനവും പാവപ്പെട്ട കര്‍ഷകര്‍ക്കാണ് ലഭിക്കുക. ഒപ്പം പറയേണ്ട ഒരു കാര്യം രാസവളലഭ്യത ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഡാഷ്ബോര്‍ഡ് ആണ്. നമ്മുടെ രാജ്യത്തിലെ വിവിധ സ്ഥലങ്ങളിലെ രാസവള ലഭ്യത അനുദിനം എത്രയാണെന്നതിനെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഇതിലൂടെ ലഭിക്കും. ആരു ഭരിച്ചാലും ഇതൊക്കെയാണ് സ്ഥായിയായി രാജ്യത്തിന്റെ പുരോഗതിക്കു ഗുണം ചെയ്യുന്ന മാറ്റങ്ങള്‍. പാര്‍ട്ടികള്‍ വരും, പോകും. പക്ഷെ രാഷ്ടത്തിന്റെ പ്രഗതിക്ക് ഇത്തരം മാറ്റങ്ങളാണ് എന്നും ആവശ്യം.
പ്രധാനമന്ത്രി ആവാസ് യോജന
പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു വേണ്ടി 18000 കോടി അധികം ചെലവഴിക്കും. നഗര പ്രദേശങ്ങളിലെ വീട് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കുടുംബം ഒന്നിന് 1.50 ലക്ഷം രൂപ സബ്സിഡി നല്‍കും. സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ഭവന പദ്ധതികളില്‍ കൂടിയാണ് ഇത് പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളും ഇതിന്റെ ഗുണഭോക്താക്കളാണ്. ഈ പദ്ധതിയില്‍ തന്നെ വായ്പയെടുത്തു വീട് ഉണ്ടാക്കുന്നവര്‍ക്ക് 2.30 ലക്ഷം രൂപ വരെ പലിശ സബ്സിഡി ആയി നല്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലക്കാരുടെ കണക്കു പ്രകാരം ഒരു വീട് വയ്ക്കുമ്പോള്‍ 300 അനുബന്ധ വ്യവസായങ്ങള്‍ക്കാണ് ഗുണം ലഭിക്കുക. നിര്‍മാണ മേഖല കുറഞ്ഞ പക്ഷം സ്റ്റീല്‍, സിമന്റ്, പെയിന്റ് എന്നീ വ്യവസായങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും എന്ന് തീര്‍ച്ച. പോരാത്തതിന് തൊഴില്‍ സാധ്യതകളും.
കുതിക്കുന്ന സമ്പദ് ഘടന
ലോക രാഷ്ട്രങ്ങളില്‍ ഭാരതത്തിന് അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് ഘടനയായി 2019ല്‍ ഉയരാന്‍ സാധിച്ചു. ആഗോള ജിഡിപി അഥവാ ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ 25% ത്തോളം വലിപ്പം അമേരിക്കയുടെ സമ്പദ് ഘടനയ്ക്കാണ്. അതു കഴിഞ്ഞാല്‍ ചൈന, ജപ്പാന്, ജര്‍മ്മനി, ഇന്ത്യ. നമുക്ക് ബ്രിട്ടനേയും ഫ്രാന്‍സിനേയും മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താന്‍ സാധിച്ചു എന്നുള്ളത് എല്ലാ ഭാരതീയര്‍ക്കും അഭിമാനിയ്ക്കാവുന്ന കാര്യമാണ്. അങ്ങനെ എത്തി നില്ക്കുന്ന ആ സമയത്താണ് കോവിഡിന്റെ തിരിച്ചടി. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും തിട്ടപ്പെടുത്താന്‍ ഇരിയ്ക്കുന്നതേ ഉള്ളൂ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വന്നപ്പോള്‍ എല്ലാവര്‍ക്കൂം അറിയാവുന്നതു പോലെ ജിഡിപിയുടെ വളര്‍ച്ച കുത്തനെ താഴോട്ട് പോയി. 24%. മറ്റുള്ള രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച അതിന്റെ തൊട്ടു മുമ്പത്തെ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെപരമ്പരാഗതമായ രീതി കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ 24% ഓളം വളര്‍ച്ച പുറകോട്ടു പോയി. അഥവാ ചുരുങ്ങി. സാമ്പത്തിക രംഗം കൂപ്പുകുത്തിയിട്ടും കാര്‍ഷിക മേഖലയ്ക്ക് നാലഞ്ച് ശതമാനം വളര്‍ച്ച ഉണ്ടായി എന്നുള്ളത് രാജ്യസ്നേഹികള്‍ക്ക് ആവേശം ഉണ്ടാക്കുന്ന കാര്യമാണ്. ഈ വര്‍ഷം കാര്‍ഷിക മേഖലയില്‍ പൊതുവേ ഉള്ള ഒരു ട്രെന്‍ഡ് വച്ച് ഈ പോസിറ്റീവ് വളര്‍ച്ച തുടരും എന്നു തന്നെയാണ് കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: