കോഴിക്കോട്: കര്‍ഷകസമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഏഴാമത്തെ ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പത് കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ എടക്കരയില്‍ നടത്തിയ കര്‍ഷക് സംവാദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം കര്‍ഷകരെ കബളിപ്പിക്കുകയാണ്. ഇതിന് പിന്നില്‍ മോദിയോടുള്ള രാഷ്ട്രീയ വിരോധമാണ്. സമരം നയിക്കുന്നത് കര്‍ഷകരാണെങ്കിലും സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ കാരണം നിലനില്‍പ്പ് നഷ്ടമായ ശക്തികളാണ് സമരത്തിന്റെ മറവില്‍ പ്രതിഷേധിക്കുന്നത്. പുതിയ കാര്‍ഷിക നിയമം കാരണം കൃഷിക്കാരല്ല ഇടനിലക്കാരാണ് കഷ്ടപ്പെടുന്നത്. ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഇടനിലക്കാര്‍ക്ക് തിരിച്ചടി വന്നതുകൊണ്ടാണ് സമരത്തിന് ഇത്ര ഇളക്കം. എന്താണ് കര്‍ഷകര്‍ക്ക് ഈ ബില്ലുകൊണ്ട് ദോഷമെന്ന് പറയാന്‍ സമരക്കാര്‍ക്ക് സാധിക്കുന്നില്ല. കര്‍ഷകസമരം വെറും തട്ടിപ്പാണ്. മണ്ഡി സംവിധാനം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞവരാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടിക്കാരും. എന്താണ് കേരളത്തില്‍ മണ്ഡികള്‍ ഇല്ലാത്തതെന്നും സുരേന്ദ്രന് ചോദിച്ചു.
കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത സമരത്തിന് പിന്തുണ നല്‍കാനാണ് പ്രത്യേക നിയമസഭ വിളിക്കുന്നത്. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ നിയമസഭയ്ക്ക് എന്ത് അവകാശമാണുള്ളത്. കൃഷിക്ക് ഏറ്റവും ഉയര്‍ന്ന താങ്ങുവില കൊടുത്തത് മോദി സര്‍ക്കാരാണ്. മോദിയുടെ ഫാസിസം തടയാനാണ് ഞാന്‍ ന്യൂദല്‍ഹിയിലേക്ക് പോയതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മോദിയുടെ ഫാസിസം തീര്‍ന്നോ എന്ന് വ്യക്തമാക്കണം. ഇനിയും ചില എംപിമാര്‍ രാജിവയ്ക്കുകയാണെന്നാണ് പറയുന്നത്. മോദി സര്‍ക്കാര്‍ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. മോദിയാണ് രാജ്യത്തെ കൃഷിക്കാര്‍ക്ക് ദോഷമാവുന്ന അന്താരാഷ്ട്ര കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് പറഞ്ഞത്. എല്ലാ നല്ല കാര്യത്തിനെയും ആദ്യം എതിര്‍ക്കുക പിന്നെ അംഗീകരിക്കുക എന്നതാണ് ചിലരുടെ നയം.
കര്‍ഷകസമരം നടന്നിട്ടും ബീഹാറില്‍ ജനം മോദിയോടൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപി വന്‍ വിജയമാണ് നേടിയത്. കര്‍ഷകര്‍ക്ക് ഏറ്റവും ഗുണമുണ്ടായത് മോദി സര്‍ക്കാരിന്റെ കാലത്താണ്. ഇതുപോലെ കര്‍ഷകരെ സഹായിച്ച മറ്റൊരു സര്‍ക്കാരുമുണ്ടായിട്ടില്ല. രാജ്യത്തെ കര്‍ഷകര്‍ക്ക് ഒറ്റ ക്ലിക്കില്‍ 18,000 കോടിയുടെ കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപി
ച്ചിരിക്കുകയാണ് പ്രധാനമന്ത്രി. കൃഷി ശക്തമാക്കാന്‍ സാങ്കേതികവിദ്യ വികസിപ്പിച്ചും യൂറിയയുടെ ലഭ്യത കുറവ് പരിഹരിച്ചും ഇടത്തരക്കാരെ ഒഴിവാക്കിയുമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്, ജില്ലാ വൈസ് പ്രസിഡന്റ് ടി. ദേവദാസ്, ഇ. പ്രശാന്ത് കുമാര്‍, കെ. ശശീന്ദ്രന്, കെ. വിഷ്ണുമോഹന്, എം. സുനില്‍ എന്നിവര്‍ പങ്കെടുത്തു. നാടന്‍പാട്ട് കലാകരന് ഗിരീഷ് ആമ്പ്രയുടെ നാടന്‍ പാട്ടോടെയാണ് പരിപാടി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: